വൈറ്റ് ഹൗസിലെ വാക്കേറ്റം സെലന്‍സ്‌കി വിവാദമാക്കാനില്ല; ട്രംപിനെ പിണക്കിയാല്‍ പണി പാളുമെന്ന് തിരിച്ചറിവ്; റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് യുക്രെയിന്‍
ന്യുയോര്‍ക്ക്: അമേരിക്കയുമായി ഏറ്റുമുട്ടലിന് യുക്രെയിന്‍ ഇല്ല. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി. അടുത്തയാഴ്ച തന്നെ ചര്‍ച്ച നടത്താനാണ് തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ക്രിയാത്മകമായി തന്നെ പ്രശ്നം പരിഹരിക്കാനാണ് യുക്രൈന്‍ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. അടുത്ത തിങ്കളാഴ്ച താനും യുക്രൈനില്‍ നിന്നുള്ള ഉന്നതതല സംഘവും ചര്‍ച്ചകള്‍ക്കായി സൗദി അറേബ്യയിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസില്‍ വെച്ച് താനും ട്രംപുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് താറുമാറായ സമാധാന നീക്കങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കാനാണ് സെലന്‍സ്‌കിയുടെ തീരുമാനം. സൗദി കിരീടാവകാശിയുമായും സെലന്‍സ്്കി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ഇതിനായി യുക്രൈന്‍ പ്രതിനിധി സംഘം സൗദിയില്‍ തങ്ങാനാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ വെച്ച് സെലന്‍സ്‌കിയും ട്രംപും തമ്മിലുണ്ടായ വാക്പോരിനെ തുടര്‍ന്ന് അമേരിക്ക യുക്രൈന് നല്‍കി വന്നിരുന്ന സൈനിക സഹായവും ഇന്റലിജന്‍സ് സഹായവും നിര്‍ത്തി വെയ്ക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു.
ഈ രണ്ട് തീരുമാനങ്ങളും വലിയ തിരിച്ചടിയായി മാറുമെന്ന മനസിലാക്കിയ സന്ദര്‍ഭത്തിലാണ് സെലന്‍സ്‌കി വീണ്ടും സമാധാന ചര്‍ച്ചകള്‍ക്കായി തയ്യാറായിരിക്കുന്നത്. ഇതിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് വോള്‍ട്സ് പറഞ്ഞത് തങ്ങള്‍ ഒരു ഇക്കാര്യത്തില്‍ ഒരു ചുവട് പിന്നോട്ട് പോയി എന്നാണ്. അമേരിക്കയുടെ ഈ നീക്കത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടിയന്തരമായി യോഗം ചേര്‍ന്ന ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തങ്ങളുടെ പ്രതിരോധ ബജറ്റിന്റെ തോത് ഉയര്‍ത്താന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ സാഹചര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്തു. ഇരുപത്തിയേഴ് യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാര്‍ ചര്‍ച്ചകല്‍ പങ്കെടുത്തിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ 702 ബില്യണ്‍ ഡോളര്‍ പ്രതിരോധ മേഖലക്കായി മാറ്റി വെയ്ക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ട്രംപുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ് ഈയാഴ്ച ആദ്യം തന്നെ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. വൈറ്റ്ഹൗസില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ഖേദകരമായിരുന്നു എന്നും അദ്ദേഹം സമ്മതിച്ചിരുന്നു. കാര്യങ്ങള്‍ നേരേയാക്കാന്‍ ഇനിയും സമയമുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം നീണ്ടു പോകാനല്ല സമാധാനം കൈവരുത്താനാണ് യുക്രൈന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ശക്തമായ നേതൃത്വത്തില്‍ സമാധാനം കൈവരുത്തുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളിലും യുക്രൈന്‍ സജീവമായി പങ്കെടുക്കുമെന്നാണ് സെലന്‍സ്‌കി പറയുന്നത്. റഷ്യ പിടികൂടിയ യുക്രൈന്‍കാരെ മോചിപ്പിക്കുക ഒപ്പം റഷ്യയുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം നടത്തുന്നത് നിര്‍ത്തി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സെലന്‍സ്‌കി മുന്നോട്ട് വെച്ചിട്ടുണ്ട്. നേരത്തേ അമേരിക്ക നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും യുക്രൈന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.