'സാഹസിക യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയത്; ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി; ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസുമായി സഹകരിക്കുന്നുണ്ട്; കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണം'; വിശദമായ മൊഴിയെടുക്കുമെന്ന് മലപ്പുറം എസ്.പി.

സാഹസിക യാത്രയെന്ന് പ്രാഥമിക അനുമാനമെന്ന് എസ്പി

Update: 2025-03-07 07:56 GMT

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യവെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലപ്പുറം എസ്പി ആ.വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിന്റേത് സഹായമെന്ന നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നും എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആര്‍പിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഫോണ്‍ ലൊക്കേഷനും സിം കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുമെന്നും മലപ്പുറം എസ്.പി. പറഞ്ഞു. കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. ശനിയാഴ്ച ഉച്ചയോടെ കുട്ടികള്‍ മടങ്ങിവരുമെന്നാണ് കരുതുന്നതെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കൂടെ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തേയും തുടര്‍നടപടികളുടെ ഭാഗമായി നാട്ടിലെത്തിക്കും. യുവാവ് പോലീസുമായി സഹകരിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ കുട്ടികളെ പരിചയപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്. ഇയാള്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും ചെയ്ത് കൊടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ കാണാതായ വിവരം പുറത്ത് വന്നപ്പോള്‍ തന്നെ പോലീസ് സജീവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാനായത്. എന്തിനാണ് പെണ്‍കുട്ടികള്‍ പോയതെന്ന് വിശദാമായി ചോദിച്ച് അറിയേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകീട്ട് 6 മണിക്കാണ് കാണാതെ ആയ വിവരം കിട്ടിയത്. ഫോണ്‍ ട്രാക്ക് ചെയ്തത് തുണച്ചു. കുട്ടികളുമായി നാളേ ഉച്ചയ്ക്ക് മുന്‍പ് പൊലീസ് സംഘം മലപ്പുറത്ത് എത്തും. കുട്ടികള്‍ക്കൊപ്പം പോയ യുവാവിന്റേത് സഹായം എന്ന നിലക്ക് ആണ് ഇപ്പോള്‍ കാണുന്നത്. കുട്ടികള്‍ വന്നിട്ട് ബാക്കി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാര്യമായ കൗണ്‍സലിങ് നല്‍കണം. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താന്‍ മുംബൈയിലെ സ്വന്തം ബാച്ച് മേറ്റ്‌സിനെ ഒക്കെ വിളിച്ചു സഹായം തേടി. മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാല്‍ കണ്ടെത്തുക എളുപ്പമല്ല. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയായത് മാധ്യമങ്ങളുടെയടക്കം മികച്ച ഇടപെടല്‍ കൊണ്ടാണ്. കുട്ടികളുടെ യാത്രാ ലക്ഷ്യം എങ്ങോട്ടാണെന്നത് ഒക്കെ അവരോട് ചോദിച്ചു മനസ്സിലാക്കണം. അവരുടെ കയ്യില്‍ എങ്ങനെ ഇത്ര പണം എന്നതും തിരക്കണം. കുട്ടികള്‍ വന്നാല്‍ ആദ്യം കോടതിയില്‍ ഹാജരാക്കും. യുവാവിനെ പെണ്‍കുട്ടികള്‍ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാള്‍ക്ക് നിലവില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും എസ്പി പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 11-ഓടെ ആണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതാകുന്നത്. ശേഷം, ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് വെള്ളിയാഴ് രാവിലെ ആറിന് പൂനെയിലേക്ക് തിരിച്ചിരുന്നു.

Tags:    

Similar News