'നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍; സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല'; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷ
സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷ
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികളാണ്. എന്നാല്‍, അവരിലേക്ക് അന്വേഷണം നീളുന്നില്ല.
വീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നത് കുടുംബാംഗങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടോടെ അതിന് ഒരു തെളിവായെന്നും മഞ്ജുഷ പറഞ്ഞു. സത്യസന്ധമായ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകും. സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. അന്വേഷണം റിപ്പോര്‍ട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും. മറ്റു ചില സമ്മര്‍ദങ്ങളുമുണ്ടായിരുന്നു. നവീന്‍ ബാബിനുമേല്‍ മറ്റു ചില സമ്മര്‍ദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തില്‍ അത് വെളിപ്പെടുത്തും. സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
പ്രശാന്തന്‍ എന്നയാളുമായി ബന്ധപ്പെട്ട പരാതിയാണ് ഈ വിഷയങ്ങള്‍ക്ക് ആധാരം. എന്നാല്‍, പ്രശാന്തന്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി പ്രശാന്തനാണ്. എന്നിട്ടും പ്രശാന്തനെ കേസില്‍ ഉള്‍പ്പെടുത്തുകയോ പോലീസ് അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ട്, മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ മൊഴികളുണ്ട്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍.
പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ മാസം 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി. പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ ബാബുവിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും എ. ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.