ബിജെപി നേതാക്കള്‍ വന്നത് അനുവാദം വാങ്ങാതെ; ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയി; ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ല; എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ഒരിക്കലും ബി.ജെ.പിയിലേക്കില്ല; സിപിഎം വിടില്ലെന്ന് ആവര്‍ത്തിച്ച് എ പദ്മകുമാര്‍; സിപിഎം ജില്ല കമ്മിറ്റി യോഗം നിര്‍ണായകം
എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ഒരിക്കലും ബി.ജെ.പിയിലേക്കില്ല
പത്തനംതിട്ട: ബിജെപിയിലേക്കില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍. എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയി. താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എ സൂരജ് , ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവരാണ് പദ്മകുമാറിന്റെ വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെയാണ് നേതാക്കള്‍ ആറന്മുളയിലെ വീട്ടിലെത്തിയത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്ന് മടങ്ങി. എന്നാല്‍ പ്രതികരണത്തിന് ബിജെപി നേതാക്കള്‍ തയ്യാറായില്ല.
താന്‍ ആരുമായൂം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് പദ്മകുമാര്‍ പറയുന്നത്. എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ്.സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. സംസ്ഥാനസമിതിയില്‍ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി. നേതാക്കളുടെ സന്ദര്‍ശനം.
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പദ്മകുമാര്‍ പരസ്യമായി ഉന്നയിച്ച അക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച സിപിഎം ജില്ല കമ്മിറ്റി ചേരുന്നുണ്ട്. അതില്‍ അച്ചടക്ക നടപടി അടക്കം തീരുമാനിക്കും. അതിനുശേഷം പദ്മകുമാറിമായി കൂടുതല്‍ ആശയ വിനിമയം നടത്താനാണ് ബിജെപി - കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ തീരുമാനം. എന്നാല്‍ താന്‍ ഒരിക്കലും സിപിഎം വിടില്ലെന്ന് പദ്മകുമാര്‍ ആവര്‍ത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ വീട്ടിലെത്തിയ ബി.ജെ.പി. നേതാക്കള്‍ 15 മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കൂടിയായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയ പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ പദ്മകുമാര്‍ ബി.ജെ.പി. നേതാക്കളോട് വിശദീകരിച്ചുവെന്നും വിവരമുണ്ട്. ബി.ജെ.പിയിലെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബി.ജെ.പി. വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിരുന്നില്ല.
പദമകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്നാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞത്. അതേസമയം, പദ്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞത്.
അതേസമയം വിഷയത്തില്‍ പദ്മകുമാറിനെതിരേ സി.പി.എം. നടപടിയെടുത്തേക്കും. 12-ാം തീയതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പിന്നീട് പദ്മകുമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 'ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം' എന്ന് എ. പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെ അദ്ദേഹം കൊല്ലത്തെ സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് ആറന്മുളയിലെ വീട്ടിലെത്തി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പതിവുപോലെ ആറന്മുളയിലെ ഷട്ടില്‍ കോര്‍ട്ടില്‍ ബാഡ്മിന്റണ്‍ കളിക്കാനെത്തിയപ്പോഴാണ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
പത്തനംതിട്ടയില്‍നിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയില്‍വരുന്നു. നമുക്കാര്‍ക്കും അതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാള്‍ രണ്ടുതവണ എം.എല്‍.എയാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവര്‍ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തില്‍ വെയ്ക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാന്‍ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാന്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. വേറെയൊന്നുമില്ല. - പദ്മകുമാര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞു.
പദ്മകുമാര്‍ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍ പറഞ്ഞു. 'ഉറപ്പിച്ച് ഞാന്‍ പറയുന്നു, അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല, ഞാന്‍ ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു' -ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.കെ. ബാലന്‍ പറഞ്ഞു.