യുക്രെയിനിലെ ഐപി വിലാസങ്ങള്‍ ഉപയോഗിച്ച് നുഴഞ്ഞു കയറ്റമോ? എലന്‍ മസ്‌കിന്റെ എക്സിനെതിരെ നടന്നത് യുക്രെയിന്റെ സൈബര്‍ ആക്രമണമോ? സംഘടിത ഗ്രൂപ്പോ രാജ്യമോ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന അഭ്യൂഹം ശക്തം; യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു
ന്യുയോര്‍ക്ക്: സമൂഹമാധ്യമ ആപ്പ് ആയ എക്സ് തിങ്കളാഴ്ച പ്രവര്‍ത്തനരഹിതമായതിനു കാരണമായ സൈബര്‍ ആക്രമണം യുക്രെയിനില്‍ നിന്നാണെന്ന് എലന്‍ മസ്‌കിന്റെ ആരോപണം. ഇന്നലെ, അധിക സമയവും ഈ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനരഹിതമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല എന്നായിരുന്നു ഇതിനെ കുറിച്ച് ഇന്നലെ മസ്‌ക് പ്രതികരിച്ചത്. എന്നാല്‍, യുക്രെയിനിലെ ഐ പി വിലാസങ്ങളില്‍ നിന്നും എക്സ് സിസ്റ്റത്തെ നശിപ്പിക്കാനായുള്ള സൈബര്‍ ആക്രമണങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ തോതിലുള്ള ഒരു ആക്രമണമാണ് എക്സിന് നേരെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങള്‍ അത് തടഞ്ഞുവെന്നും ഇപ്പോള്‍ പഴയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോളാടിസ്ഥാനത്തില്‍ തന്നെ എക്സ് ഇന്നലെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍, ഇതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എക്‌സിന്റെ പ്രവര്‍ത്തനമാകെ തടസപ്പെട്ടിരുന്നു. നിരവധി ഉപയോക്താക്കള്‍ക്ക് ടൈംലൈന്‍ അപ്‌ഡേറ്റായില്ല, ദിവസം മുഴുവന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രശ്‌നമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആപ്പും വെബ്സൈറ്റും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.
വലിയ സംഘടിതമായ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാഷ്ട്രമോ ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും മസ്‌ക് പറയുന്നു. പ്ലാറ്റ്ഫോമിന്റെ സുരക്ഷയെക്കുറിച്ച് ഈ സംഭവം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് തീര്‍ച്ചയില്ല. പക്ഷേ എക്സിനെ തകര്‍ക്കുന്നതിനായി വലിയയൊരു സൈബര്‍ ആക്രമണം ഉണ്ടായി. ഞങ്ങളുടെ പ്ലാറ്റ്‌ഫോം എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, ഇതിനുപിന്നില്‍ വലിയൊരു ശക്തി തന്നെ പ്രവര്‍ത്തിക്കുന്നു. ഒന്നുകില്‍ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യം തന്നെയോ ഇതിനുപിന്നിലുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മസ്‌ക് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മൂന്നിലേറെ തവണയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ തടസം നേരിട്ടത്. എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തിയത്. യുഎസില്‍ പലയിടത്തും ഉച്ചവരെ എക്സ് ലഭ്യമായിരുന്നില്ല. പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, ഇന്ത്യ, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കളെയാണ് എക്സിന്റെ ഈ തടസ്സം ബാധിച്ചത്.
ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസ്സങ്ങള്‍ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി എക്സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. ഇന്ന് ഒന്നിലധികം തവണയാണ് എക്സില്‍ തടസ്സം നേരിടുന്നത്. ഇന്ത്യന്‍ സമയം ഏകദേശം ഉച്ചക്കഴിഞ്ഞ് 3.30നും വൈകുന്നേരം 7.00നും തടസ്സം നേരിട്ടു. 56 ശതമാനം ഉപയോക്താക്കളും ആപ്പില്‍ തന്നെ പ്രശ്നം നേരിടുന്നുണ്ട്. 33 ശതമാനം ആളുകളും വെബ്സൈറ്റില്‍ പ്രശ്നങ്ങള്‍ നേരിട്ടു. 11 ശതമാനം പേര്‍ക്ക് സെര്‍വര്‍ കണക്ഷന്‍ ലഭിച്ചില്ലെന്നും ഡൗണ്‍ഡിക്റ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.