'പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ അന്ന് ഞാനും ഇതുപോലെ പോയി നിന്നു; ഒന്നര വയസ്സുള്ള മകളെ ഒക്കത്തെടുത്തു, ഒരു കയ്യില്‍ പിടിച്ച് മകനും; ട്രെയിന്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട് അമ്മേ പേടിയാകുന്നു എന്ന് അവര്‍ പറഞ്ഞു'; ആ ഭയത്തില്‍ നിന്നും അതിജീവനം; ഷൈനിയുടെയും മക്കളുടെയും സമാനമായ ജീവിത സാഹചര്യം നേരിട്ട ഒരു വീട്ടമ്മയുടെ അനുഭവം

ഷൈനിയുടെയും മക്കളുടെയും സമാനമായ ജീവിത സാഹചര്യം നേരിട്ട ഒരു വീട്ടമ്മയുടെ അനുഭവം

Update: 2025-03-11 11:41 GMT

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാറോലിക്കലില്‍ യുവതിയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് കേരള സമൂഹം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്കു തള്ളിവിട്ടത് ഭര്‍ത്താവ് നോബിയുടെ പ്രകോപനങ്ങള്‍ തന്നെയാണെന്ന നിഗമനത്തിലാണു പൊലീസ്.

ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം നോബി മദ്യലഹരിയില്‍ ഷൈനിയെ ഫോണ്‍ ചെയ്തിരുന്നെന്ന് കണ്ടെത്തിയിരുന്നു. വിവാഹമോചന കേസില്‍ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനു പണം നല്‍കില്ല, സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും തിരികെ നല്‍കില്ല തുടങ്ങിയ കാര്യങ്ങള്‍ നോബി പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ജീവിതം തുടരാനുള്ള വഴികള്‍ തേടി ഷൈനി പരിശ്രമിച്ചിരുന്നു. സ്വന്തം വീട്ടിലെ സാഹചര്യവും പ്രതികൂലമായതോടെ മക്കളെ ഹോസ്റ്റലില്‍ സുരക്ഷിതരാക്കി ദൂരെസ്ഥലത്ത് പോലും ജോലിക്ക് പോകാന്‍ ഷൈനി തയ്യറായിരുന്നു. എന്നാല്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിവന്നില്ല. ഷൈനിയെയും മക്കളെയും സംരക്ഷിക്കുവാന്‍, ചേര്‍ത്തുപിടിക്കുവാന്‍, ഒരു ജോലി നല്‍കി സഹായിക്കാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്ന രീതിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഷൈനി നേരിട്ടതിന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു സ്ത്രീ മറുനാടന്‍ മലയാളിയുമായി സ്വന്തം അനുഭവം പങ്കുവച്ച ശേഷം ചോദിച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ അവരുടെ കുടുംബത്തിനെന്ന പോലെ നമ്മളെല്ലാം ഇതില്‍ ഉത്തരവാദികളാണെന്ന് അവര്‍ പറയുന്നു. അപ്പനും അമ്മയും ചേര്‍ത്തുപിടിച്ചില്ല. ഷൈനിയെയും മക്കളെയും ഭര്‍ത്താവ് ഇറക്കി വിട്ടപ്പോള്‍ അവരെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുമുണ്ടായിരുന്നു. അവള്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല. നമ്മള്‍ ഒക്കെ ഉത്തരവാദികളാണ്. പരിഹാരം കണ്ടെത്തിയെ മതിയാവു. ഇതുപോലെ ജീവിതം വഴിമുട്ടി ആളുകള്‍ മരിക്കാതിരിക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നു.


Full View

നിലവില്‍ വിദേശത്താണ് കോട്ടയം സ്വദേശിനിയായ ആ സ്ത്രീ ജോലി ചെയ്യുന്നത്. ഷൈനിയുടെ ദുരന്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറങ്ങാന്‍ കഴിയുന്നില്ല, ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്ന് ആ സ്ത്രീ പറയുന്നു. താനും സമാനമായ ജീവിത സാഹചര്യത്തിലൂടെ ഇരുപത് വര്‍ഷം മുമ്പ് അവരും കടന്നുപോയതാണ്. അന്ന് ഒന്നര വയസും അഞ്ചര വയസ്സുമുള്ള മക്കള്‍ക്ക് ഒപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചു.

ഷൈനിയുടെ ജീവിതത്തിന് സമാനമായി അതേ പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ പോയി നിന്ന നിമിഷങ്ങള്‍ അവര്‍ പറയുന്നു. ഷൈനിയുടെയും മക്കളുടെയും മരണവാര്‍ത്ത കേട്ട ആഘാതത്തില്‍ നിന്നും ഇന്നുവരെ റിക്കവറായിട്ടില്ല. ഭക്ഷണം കഴിക്കാന്‍ പോലും പറ്റില്ല, അത്രയ്ക്ക് സങ്കടമാണ്. 2003 കാലഘട്ടത്തില്‍ ഞാന്‍ എന്റെ മക്കളെയും കൊണ്ട് ഇതേ റെയില്‍വേ ട്രാക്കില്‍ പോയി നിന്നിട്ടുണ്ട്

ഞാന്‍ കോട്ടയം ജില്ലയിലുള്ള ആളാണ്. കൃത്യമായ സ്ഥലം പറയുന്നില്ല. എന്റെ യാത്രയ്ക്കിടെ കടന്നുപോകാറുള്ള സ്ഥലമാണ് ഈ റെയില്‍വേ ക്രോസ്. കുടുംബ പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ രണ്ട് മക്കളെയും കൊണ്ട് ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്

എന്റെ കുട്ടികള്‍ക്ക് അറിയത്തില്ല കാര്യങ്ങള്‍. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഭര്‍ത്താവിന് കുറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പുള്ളിക്കാരന്റെ ഇത്തരം പ്രവര്‍ത്തികളെ അമ്മ ന്യായികരിക്കുമായിരുന്നു. അതുകൊണ്ട് പള്ളിലച്ചന്‍മാരുടെയും കന്യാസ്ത്രീമാരുടെയും അടുത്തുപോയി കൗണ്‍സിലിംഗിന് പോയി.

പക്ഷെ ഒരു ദിവസം സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഞാന്‍ എന്റെ മക്കളെയും കൊണ്ട് പോയി. കോട്ടയത്ത് നിന്നും വരുന്ന ബസിലാണ് അവിടെയെത്തിയത്. അപ്പോള്‍ ആദ്യത്തെ ട്രെയിന്‍ കടന്നുപോയി. അടുത്ത ട്രെയിന്‍ അര മണിക്കൂറിനുള്ളില്‍ വരുമെന്ന് എനിക്ക് അറിയാം.

എന്റെ രണ്ട് മക്കളെയും കൊണ്ട് അവിടെ ഇറങ്ങി. എന്റെ മകള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു. എന്റെ മകന്റെ കയ്യില്‍ പിടിച്ചിരിക്കുന്നു. അപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു, എന്താ നമ്മള്‍ ഇവിടെ ഇറങ്ങിയതെന്ന്.

ഞാന്‍ പറഞ്ഞു നമുക്ക് ഇവിടെ ഒരിടത്ത് പോകണം എന്ന്. ബസ് റെയില്‍വേ ക്രോസില്‍ നിര്‍ത്തിയിരിക്കുകയാണ്. ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ആദ്യത്തെ ട്രെയിന്‍ കടുന്നു പോകുകയായിരുന്നു. അപ്പോള്‍ റോഡിലുണ്ടായ ഷെയ്ക്കിംഗ് കേട്ടപ്പോള്‍ മകന്റെ അതെന്താണെന്ന് ചോദിച്ചു. എനിക്ക് പേടിയാകുന്നു എന്ന് എന്നോട് പറഞ്ഞു എന്റെ കയ്യില്‍ മുറുകെ പിടിച്ചു.

ഞാന്‍ അവിടെ ഇറങ്ങാന്‍ കാരണം എല്ലാം കഴിഞ്ഞു, തീര്‍ത്തേക്കാം... എന്നു കരുതിയായിരുന്നു. ജീവിക്കേണ്ട കാര്യമില്ല എന്ന് ഓര്‍ത്തായിരുന്നു

എന്റെ കുട്ടികള്‍ ചെറിയ കുട്ടികളായിരുന്നു, അവര്‍ക്ക് ഒന്നും അറിയത്തില്ല, ഞാന്‍ അന്ന് ആ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ആര്‍ക്ക് കേട്ടാലും ഇത്രയും പെയ്ന്‍ഫുള്ളാകില്ലായിരുന്നു

ഇന്ന് വരെ എനിക്ക് ഈ സംഭവത്തില്‍ നിന്നും റിക്കവര്‍ ആകാന്‍ പറ്റാത്തതിന്റെ കാരണം, ആ രണ്ട് മക്കള്‍ കുറച്ചുകൂടി മുതിര്‍ന്നവരാണ്. അവര്‍ക്ക് അറിയാം അവര്‍ മരിക്കാന്‍ പോകുകയാണെന്ന്. എന്നിട്ടും അവര്‍ അമ്മയുടെ കൂടെ നിന്നു. ആ കുട്ടികളുടെ പെയ്ന്‍ ചിന്തിക്കാന്‍ പോലും പറ്റുന്നതിന് അപ്പുറമാണ്. എന്നും ഞാന്‍ പ്രാര്‍ഥിക്കുന്ന ആളാണ്. ഇപ്പോള്‍ അഞ്ചാറ് ദിവസമായി ഞാന്‍ പ്രാര്‍ഥിക്കാറില്ല. ഷൈനിയെയും കുട്ടികളെയും രക്ഷിക്കാന്‍ പറ്റത്ത ദൈവം നമ്മളെ എങ്ങനെയാണ് രക്ഷിക്കുക എന്ന ചിന്തയാണ് എനിക്ക് തോന്നിയത്. എനിക്ക് ആ സംഭവം വലിയ ഷോക്കായി പോയി.

ഈ സ്ത്രീ അവരുടെ ജീവിത കഥ തുറന്നു പറയുന്നു. പാഞ്ഞുവരുന്ന ട്രെയിനിന്റെ ആ ശബ്ദം കേട്ടപ്പോള്‍ ഭയന്നുപോയ മകന്റെ ആ വാക്കുകള്‍ തന്നെ ആ ദുഷ് പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കാന്‍ അവരുടെ അമ്മയുണ്ടായിരുന്നു. സഹോദരനുണ്ടായിരുന്നു. കൂട്ടുകാരുണ്ടായിരുന്നു.

നമ്മളെല്ലാം ഇതില്‍ ഉത്തരവാദികളാണ്. അപ്പനും അമ്മയും ചേര്‍ത്തുപിടിച്ചില്ല. ഷൈനിയെയും മക്കളെയും ഭര്‍ത്താവ് ഇറക്കി വിട്ടപ്പോള്‍ അവരെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുമുണ്ടായിരുന്നു. അവള്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല. നമ്മള്‍ ഒക്കെ ഉത്തരവാദികളാണ്. പരിഹാരം കണ്ടെത്തിയെ മതിയാവു. ഇതുപോലെ ജീവിതം വഴിമുട്ടി ആളുകള്‍ മരിക്കാതിരിക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ?

എന്താണ് പരിഹാരം? ആത്മഹത്യയെ മഹത്വവത്കരിക്കുന്നത് നല്ലതാണോ? എങ്ങനെയാണ് ഷൈനിയെപ്പോലെ സാഹചര്യം നേരിടുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സംരക്ഷിക്കേണ്ടതല്ലെ? ഈ ചോദ്യം കേരള സമൂഹം ചിന്തിക്കേണ്ടതാണ്.

Tags:    

Similar News