നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി; ബിജെപിക്കാര്‍ അപമാനിച്ചത് ഗാന്ധിയുടെ പൈതൃകത്തെയെന്ന് വി ഡി സതീശന്‍; പ്രതിഷേധം കടുക്കുന്നു
നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിനെത്തിയ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേസെടുത്തത്. തലച്ചോറും നാവും അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ ശ്രമം രാജ്യത്തെ താഴ്ത്തി കെട്ടാനാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വിമര്‍ശിച്ചത്.
നെയ്യാറ്റിന്‍കരയില്‍ പരിപാടി സംഘടിപ്പിച്ച ഗാന്ധി മിത്ര മണ്ഡലത്തെ പേപ്പര്‍ സംഘടനയെന്നും ആക്ഷേപിച്ചു. അതേസമയം ആര്‍എസ്എസ് വിഷം പരത്തുന്ന സംഘടനയെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് മാന്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നിരുന്നു. കേരളത്തിലെ മനസാക്ഷി തുഷാര്‍ ഗാന്ധിക്കൊപ്പമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഗാന്ധിയുടെ പൈതൃകത്തെയാണ് ബിജെപിക്കാര്‍ അപമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തി. തുഷാര്‍ ഗാന്ധിയെ തടഞ്ഞതില്‍ ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. പേപ്പര്‍ സംഘടനയെന്ന് ആക്ഷേപിച്ച ബിജെപി നേതാവിനെതിരെ ഗാന്ധി മിത്ര മണ്ഡലും രംഗത്ത് വന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം.
നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍. ആര്‍.എസ്.എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ എന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്. നിലപാടില്‍ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്‍ ഗാന്ധി തിരികെ പ്രതിരോധിച്ചിരുന്നു.