തേനീച്ച വന്യജീവി പട്ടികയില്‍; അതുകൊണ്ട് ഫയര്‍ഫോഴ്‌സ് തൊടില്ല; കുത്തേറ്റ് മരിച്ചാല്‍ വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും; തേനീച്ചയേയും കടന്നലിനേയും പിടിക്കാന്‍ 'ഫോറസ്റ്റിനും' അറിയില്ല; കളക്ടറേറ്റിലെ തേനീച്ചക്കൂടുകള്‍ 'ബോംബിനെക്കാള്‍' ഭയാനകം; തിരുവനന്തപുരത്ത് കളക്ടര്‍ അടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം : തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചക്കൂടുകള്‍ 'ബോംബിനെക്കാള്‍' ഭയാനകം എന്ന് തിരിച്ചറിവില്‍ സര്‍ക്കാര്‍. തേനീച്ച വന്യജീവി പട്ടികയിലായതിനാല്‍ പിടികൂടേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നാണ് അഗ്‌നിരക്ഷാസേന അധികൃതരുടെ നിലപാട്. അതുകൊണ്ട് തന്നെ വനംവകുപ്പിനെ സമീപിക്കാനാണ് അഗ്‌നിരക്ഷാസേനയുടെ ഉപദേശം. ഇതെല്ലാം കളക്ടറേറ്റിലും തേനീച്ച കൂടൂകള്‍ കൂടാന്‍ സാഹചര്യമൊരുക്കി. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം തേനീച്ച കെണികളുണ്ട്.
തിരുവനന്തപുരം കളക്ടറേറ്റില്‍ ചൊവ്വാഴ്ച തേനീച്ചകള്‍ കൂട്ടത്തോടെ ഇളകിയതോടെ വലിയ അപകടമാണുണ്ടായത്. കെട്ടിടത്തിന്റെ മുകളില്‍ വര്‍ഷങ്ങളായി കൂടുകൂട്ടിയിരുന്ന ഒന്‍പത് കൂടുകള്‍ നീക്കാത്തതാണ് തേനീച്ച ആക്രമണത്തിനു കാരണം. പൊതുവിടങ്ങളില്‍ തേനീച്ചയോ കടന്നലോ കൂടുകൂട്ടിയാല്‍ നീക്കേണ്ടവരാണ് ജില്ലാ ഭരണകൂടം. എന്നാല്‍ റവന്യു വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് തേനീച്ചകള്‍ക്ക് ഒരു കുറവുമില്ല. ബോംബ് ഭീഷണി പരിശോധനയ്ക്ക് ഇടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് കൗതുകം. സ്വകാര്യഭൂമിയിലെ തേനീച്ച-കടന്നല്‍ കൂടുകള്‍ ഉടമസ്ഥന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാറ്റണം. അല്ലെങ്കില്‍ വസ്തു ഉടമസ്ഥനെതിരേ പൊതുശല്യത്തിന് കേസെടുക്കാനും വ്യവസ്ഥയുണ്ട്.
കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ വളപ്പിലെ തേനീച്ചക്കൂട് ഇളകിയത് എങ്ങനെയെന്നത് അജ്ഞാതമാണ്. ബോംബ് സ്‌ക്വാഡ് കലക്ടറേറ്റില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ശക്തമായ കാറ്റുണ്ടായിരുന്നു. എന്നാല്‍, കാറ്റിന്റെ സാന്നിധ്യം കൊണ്ടു മാത്രം തേനീച്ചക്കൂട് ഇളകുമോ എന്ന സംശയമുണ്ട്. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാര്‍ക്ക് ഭീഷണിയാണ്. 3 മാസം മുന്‍പ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ആവശ്യം. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ഉപകരണങ്ങള്‍ കൂടില്‍ തട്ടിയതാകാം തേനീച്ചക്കൂട് ഇളകിയതെന്ന പ്രചാരണവും ഉയര്‍ന്നെങ്കിലും ബോംബ് സ്‌ക്വാഡ് നിഷേധിച്ചു. ഇത്തരം സാഹചര്യം ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കളക്ടറേറ്റിലെ മരങ്ങളിലും കെട്ടിടങ്ങളിലും പാലങ്ങളിലും കൂടുവെച്ചിരിക്കുന്ന കടന്നല്‍, തേനീച്ച എന്നിവ ജീവന് തന്നെ ഭീഷണിയാണ്. ഇത് ആര് നീക്കുമെന്ന് ആര്‍ക്കും അറിയില്ല. അഗ്‌നിരക്ഷാസേനയ്‌ക്കോ വനംവകുപ്പിനോ വിദഗ്ധരായ ജീവനക്കാരില്ല. വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശത്തെ ചിലരാണ് സ്വകാര്യ വക്തികളുടെ സ്ഥലത്തെ തേനീച്ച നീക്കുന്നത്. തേനീച്ചയുടെയോ കടന്നലിന്റെയോ കുത്തേറ്റ് ജീവന്‍ നഷ്ടമായാല്‍ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കും. എന്നാല്‍, ഇവയെ പിടികൂടാനോ കൂടുകള്‍ നീക്കാനോ വനം വകുപ്പിലുള്ളവര്‍ക്കും അറിയില്ല. നാട്ടുകാര്‍ സഹായം ആവശ്യപ്പെട്ടാല്‍ വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, വിദഗ്ധരായ സംഘങ്ങളെ ബന്ധപ്പെടുത്തും.
ബോംബ് ഭീഷണിയെത്തുടര്‍ന്നു പരിശോധനയ്ക്കായി സിവില്‍ സ്റ്റേഷനു പുറത്തിറക്കിയ ഉദ്യോഗസ്ഥര്‍ക്കും അവിടെയെത്തിയ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം ഇരുനൂറിലേറെ പേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റുവെന്നതാണ് വസ്തുത. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്നാണിത്. റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാര്‍ (52), ജയരാജ് (42), ഷീബ (38), പ്രിയദര്‍ശന്‍ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍ ബി.പി.ദീപു എന്നിവര്‍ ദേഹമാസകലം കുത്തേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സബ് കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും കുത്തേറ്റു. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും ഹെല്‍മറ്റ് ധരിച്ച് രക്ഷാമാര്‍ഗം തേടി ഓടിയപ്പോള്‍ വനിതാ ജീവനക്കാര്‍ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലര്‍ ചാക്കും ഹാര്‍ഡ് ബോര്‍ഡും കൊണ്ടും മുഖംമറച്ച് ഓടി. ചിലര്‍ കെട്ടിടത്തില്‍ കുടുങ്ങി. മറ്റു ചിലര്‍ കാറിനുള്ളില്‍ അടച്ചിരുന്നു.
ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ ഉച്ചയ്ക്ക് ഒന്നോടെ എത്തി പരിശോധന നടത്തുന്നതിനിടെയാണ് സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്ന് ഇളകിയത്. തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടര്‍, സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ്, എഡിഎം ബീന പി.ആനന്ദ് എന്നിവരുടെ വാഹനങ്ങളില്‍ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.
ബോംബ് ഭീഷണി വ്യാജമെന്നു പിന്നീടു തെളിഞ്ഞു. ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. ബോംബ് ഭീഷണി, തേനീച്ച ആക്രമണം എന്നിവയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം കലക്ടറേറ്റ് പ്രവര്‍ത്തിച്ചില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.