രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് കോടതി; കേസില്‍ എസിജെഎം കോടതി വിധി പറയുക പത്താം തീയ്യതി; ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നിഷേധിച്ചു രാഹുല്‍

രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം

Update: 2025-12-08 11:32 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ രണ്ടാമത്തെ ബലാത്സംഗ കേസിലും ആശ്വാസം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ കോടതി അറസ്റ്റു തടഞ്ഞു. കേസില്‍ വിധി വരുന്നത് വരെ വിധി വരുന്നതുവരെ നിര്‍ബന്ധിത നിയമനടപടി പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ എസിജെഎം കോടതി വിധി പറയുക പത്താം തീയ്യതിയാണ്.

കേസില്‍ ശക്തമായ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ചാറ്റുകളും മൊഴിയും ഹാജറാക്കിയിരുന്നു. എന്നാല്‍, ചാറ്റുകള്‍ കൃത്രിമയമായി സൃഷ്ടിച്ചതാണെങ്കിലോ എന്ന് പ്രതിഭാഗം അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു. ചാറ്റുകളും ബലാത്സംഗത്തിന് തെളിവല്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ കാലതാമസവും തന്റെ കക്ഷി അത്തരമൊരു കുറ്റം ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജാമ്യാപേക്ഷയില്‍ ഇരു ഭാഗങ്ങളെയും കേട്ട ശേഷമാണ് കോടതി വിധി പറയാനായി ബുധനാഴ്ച്ചയിലേക്ക് കേസ് മാറ്റിവെച്ചത്. ആദ്യ ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റര് ചെയ്തതും. ഈ കേസിലും രാഹുലിന് ആശ്വാസമാണ് കോടതിയുടെ നടപടി. ഈ കേസില്‍ അതിജീവിതയുടെ മൊഴി പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ശേഷം സംസാരിക്കാനെന്ന പേരില്‍ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഐ വാണ്ട് ടു റേപ്പ് യു എന്നാവര്‍ത്തിച്ചുകൊണ്ട് അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി.

'ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തി. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ തെറി വിളിച്ചു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. രാഹുലിനെ ഭയമാണ്' - മൊഴിയിലെ ഭാഗങ്ങള്‍.

എസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. വിവാഹവാഗ്ദാനം നല്‍കി മാങ്കൂട്ടത്തിലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു രണ്ടാമത്തെ പരാതി. അതിനിടെ ഒളിവില്‍പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചു. ആദ്യ സംഘത്തില്‍നിന്ന് വിവരങ്ങള്‍ രാഹുലിനു ചോരുന്നുവെന്ന സംശയത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്. ഒരാഴ്ചയിലേറെയായി തിരച്ചില്‍ നടത്തിയ ആദ്യസംഘം കര്‍ണാടകയില്‍നിന്നു തിരിച്ചെത്തി. പുതിയ സംഘം ഉടന്‍ അവിടേക്കു തിരിക്കും.കഴിഞ്ഞമാസം 27ന് ആണു രാഹുല്‍ ഒളിവില്‍പോയത്.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ അന്വേഷണസംഘമെത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് രാഹുല്‍ കടന്നുകളഞ്ഞു. ഒളിക്കാന്‍ സ്ഥലം ഏര്‍പ്പാടാക്കിയവരെ കണ്ടെത്തിയെങ്കിലും രാഹുല്‍ എവിടെയെന്ന് ഉറപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. എത്രയുംവേഗം പിടികൂടണമെന്നു ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയ കേസാണിത്. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ച 2 പേരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു. രാഹുലുമായുള്ള ശബ്ദ സന്ദേശങ്ങള്‍, വാട്സാപ് ചാറ്റ്, ഗര്‍ഭഛിദ്രത്തിനിരയായതിന്റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പീഡനത്തിനിരയായ യുവതി പൊലീസിനു കൈമാറിയിരുന്നു. വിശദമൊഴിയും നല്‍കിയിട്ടുണ്ട്. കേസില്‍ ഈമാസം 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

Tags:    

Similar News