അപകട കാരണം വളരെ പഴയ ഒരു ട്രാന്‍സ്ഫോര്‍മര്‍ എന്ന് വ്യക്തമായതോടെ ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ബ്രിട്ടന്‍; റഷ്യയുടെ അട്ടിമറി എന്ന് സംശയിക്കുന്നവര്‍ ഏറിയതിനാല്‍ ഭീകരവിരുദ്ധ സേന അന്വേഷണം പ്രഖ്യാപിച്ചു; സ്‌ഫോടന ശബ്ദത്തോടെ തുടക്കം

Update: 2025-03-22 03:10 GMT

ലോകമാകെ തന്നെ യാത്രാ തടസ്സങ്ങള്‍ ഉണ്ടാക്കിയ ഹീത്രൂ വിമാനത്താവളത്തിലെ അപകടത്തിന് കാരണം പഴയ ഒരു ട്രാന്‍സ്‌ഫോര്‍മറാണെന്ന് ഏറെ അനുഭവസമ്പന്നനായ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പറയുന്നു. എണ്ണ നിറച്ച് ഉപയോഗിക്കുന്ന ഈ ട്രാന്‍സ്‌ഫോര്‍മറാണ് പ്രധാന പ്രതി. ഹീത്രൂ വിമാനത്താവളത്തിനും പടിഞ്ഞാറന്‍ ലണ്ടനും വൈദ്യുതി നല്‍കുന്ന സുപ്രധാന സബ് സ്റ്റേഷന്‍ വളരെ പഴയതാണെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുപ്രധാന പ്രൊജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയ ടോം വാട്ടേഴ്സിനെ ഉദ്ധരിച്ച് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.25,000 ലിറ്റര്‍ കൂളിംഗ് ഓയില്‍ ആണ് തീപിടുത്തത്തില്‍ കത്തിയതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറയുന്നു. ഹീത്രൂവിലേക്കുള്ള വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 2022 ല്‍ തന്നെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ കണ്ടെത്തിയിരുന്നതായും മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ അപകടത്തിനിരയായ നോര്‍ത്ത് ഹൈഡ് സബ്‌സ്റ്റേഷന്‍, അതിന്റെ കപ്പാസിറ്റിയുടെ 106.2 ശതമാനം പ്രവര്‍ത്തിക്കുന്നതായി മേയറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. എണ്ണ ഉപയോഗിക്കുന്ന ഒരു ട്രാന്‍സ്‌ഫോര്‍മറാണ് അപകട കാരണം എന്ന് പറഞ്ഞ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ വാട്ടേഴ്സ് പറയുന്നത് ഇത്രയും പഴയ സാധനങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നു എന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നാണ്. ആവശ്യമായ ഇടങ്ങളില്‍ പണം മുടക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സബ് സ്റ്റേഷന്റെ രൂപ കല്പനയും എറെ പഴയ രീതിയിലുള്ളതാണെങ്കിലും, അത് വലിയ പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞു. ആധുനിക സബ് സ്റ്റേഷനുകളില്‍ വാതകങ്ങള്‍ ഇന്‍സുലേഷന്‍ ആയി ഉപയോഗിച്ച് അടച്ചിട്ട രീതിയിലായിരിക്കും എന്നും അദ്ദെഹം പറയുന്നു. ഇപ്പോള്‍ ഹീത്രൂവിലേക്കുള്ള വൈദ്യുതി വിതരണം താത്ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട് എന്ന് നാഷണല്‍ ഗ്രിഡ് അറിയിച്ചിട്ടുണ്ട്. ഏതായാലും, യു കെ സമ്പദ്ഘടനയ്ക്കും പ്രതിച്ഛായയ്ക്കും വലിയൊരു തിരിച്ചടിയാണ് ഈ അപകടം നല്‍കിയിരിക്കുന്നത്.

ഇത് റഷ്യന്‍ അട്ടിമറിയോ ?

ഹീത്രൂവിലെ സബ്‌സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിക്കും അഗ്‌നിബാധയ്ക്കും പുറകില്‍ റഷ്യന്‍ കരങ്ങളുണ്ടെന്ന അഭ്യൂഹം ശക്തമായതോടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. യുക്രെയിനു ബ്രിട്ടന്‍ നല്‍കുന്ന പിന്തുണയുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തെ മുഴക്കിയ ഭീഷണികളുടെ അനന്തരഫലമാണ് ഈ അട്ടിമറി എന്നാണ് അഭ്യൂഹം. പ്രതിദിനം 1300 ഓളം വിമാനങ്ങള്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന വിമാനത്താവളമാണ് സബ്‌സ്റ്റേഷനിലെ സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചിടേണ്ടതായി വന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളത്തിനൊപ്പം ആയിരക്കണക്കിന് വീടുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. സ്‌ഫോടനം നടന്ന സബ്‌സ്റ്റേഷന്‍ പരിസരത്തു നിന്നും നൂറോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ റഷ്യയാണെന്നാണ് വെസ്റ്റേണ്‍ ഉദ്യോഗസ്ഥരും ആരോപിക്കുന്നത്. റഷ്യയും അവരുടെ പിന്തുണയുള്ള രഹസ്യ ഗ്രൂപ്പുകളും യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം യൂറോപ്പില്‍ പല ഭാഗങ്ങളിലും അട്ടിമറികള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

ഏതായാലും ഇത് അപകടമാണോ അട്ടിമറിയാണോ എന്നറിയാന്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, ഒരു അഗ്‌നിബാധ എങ്ങനെയാണ് ഹീത്രൂ പോലുള്ള ഒരു വിമാനത്താവളത്തെ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാക്കിയത് എന്ന കാര്യവും അന്വേഷിക്കും. നേരത്തെ യു കെയിലെയും ജര്‍മ്മനിയിലെയും ഡി എച്ച് എല്‍ ഡിപ്പോകളില്‍ റഷ്യന്‍ ചാരന്മാര്‍ അയച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് സെക്സ് ടോയികള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത് ഒരു റിഹേഴ്സല്‍ ആയിരുന്നു എന്നാണ് ഇപ്പോഴുള്ള അഭ്യൂഹം.

ഭീതി നിറഞ്ഞ് ഹീത്രൂ പരിസരം

ഹീത്രൂവിനടുത്തുള്ള വീടുകളില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ പറയുന്നത് ഇപ്പോഴും ഭീതി മാറിയിട്ടില്ല എന്നാണ്. വിമാനത്താവളം പ്രവര്‍ത്തന രഹിതമായപ്പോള്‍ ഏതാണ്ട് 16,000 വീടുകളിലേക്കുള്ള വൈദ്യുത വിതരണവും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുണ്ടായ ഞെട്ടലില്‍ നിന്നും ഇനിയും മുക്തി നേടിയിട്ടില്ല എന്നാണ് 64 കാരിയായ വെനേസ സിന്‍ക്ലെയര്‍ പറയുന്നത്. ശബ്ദം കേട്ട് മുന്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആകാശത്തോളം ഉയരുന്ന തീജ്വാലകളായിരുന്നു കണ്ടതെന്നും അവര്‍ പറയുന്നു.

ഭയന്ന് വിറച്ച് റോഡിലെക്ക് ഇറങ്ങിയോടിയ അവരോട് വീട്ടിലേക്ക് തിരിച്ചുപോയി അത്യാവശ്യ സാധനങ്ങള്‍ എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രദേശത്തെ വീടുകള്‍ ഒഴിപ്പിക്കുകയാണെന്നും അവരെയെല്ലാം താത്ക്കാലികമായി മറ്റൊരിടത്ത് മാറ്റിപ്പാര്‍പ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. സ്‌ഫോടനം കേട്ട് ഇറങ്ങിയോടിയതായി ഇന്ത്യന്‍ വംശജയായ സവിത കപൂറും പറയുന്നു. നടക്കാന്‍ ആകാത്ത 80 കാരിയായ അമ്മയേയും താങ്ങിപ്പിടിച്ച് കാറില്‍ കയറ്റി തങ്ങള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും അവര്‍ പറയുന്നു.കാറില്‍ യാത്ര തുടരുമ്പോഴായിരുന്നു രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഭൂമി മുഴുവന്‍ ആ സ്‌ഫോടനത്തില്‍ കുലുങ്ങിയെന്നും അവര്‍ പറയുന്നു.

Similar News