സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാള്‍, എന്നാണ് ശത്രുവായത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിനെതിരെ ഗവര്‍ണര്‍

സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാള്‍, എന്നാണ് ശത്രുവായത്?

Update: 2025-03-22 08:21 GMT

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറിനെ വിമര്‍ശിച്ച് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്ത്. 'ചാന്‍സലറെയാണ് വേണ്ടത്, സവര്‍ക്കറെയല്ല' എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വര്‍ക്കര്‍ എന്നാണ് രാജ്യത്തിന്റെ ശത്രുവായി മാറിയതെന്ന് ചോദിച്ച ഗവര്‍ണര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സര്‍വര്‍ക്കറെന്നും പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.

''പുറത്ത് സ്ഥാപിച്ച ഒരു ബാനര്‍ ഞാനിപ്പോള്‍ വായിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറാണ്, സവര്‍ക്കറല്ല എന്ന് അതില്‍ എഴുതിയിരിക്കുന്നു. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? ചാന്‍സലര്‍ ഇവിടെയുണ്ട്. ചാന്‍സലറോട് നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂ. എന്നാല്‍ സവര്‍ക്കര്‍ എന്ത് മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. ഞാന്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല, പക്ഷേ ബാനര്‍ എന്നെ അതിനു നിര്‍ബന്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല'' -ഗവര്‍ണര്‍ വ്യക്തമാക്കി.

സവര്‍ക്കര്‍ ചെയ്ത കാര്യങ്ങള്‍ ശരിയായി പഠിക്കാതെയാണ് ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സമൂഹത്തിനു വേണ്ടി വലിയ ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ശരിയായ അറിവോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. വൈസ് ചാന്‍സലര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലര്‍ നേരിട്ടെത്തി സെനറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സര്‍വകലാശാല സന്ദര്‍ശന വേളയിലാണ് എസ്.എഫ്.ഐ വലിയ തോതിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. കലാലയം കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച എസ്.എഫ്.ഐ, 'ചാന്‍സലര്‍ ഗോ ബാക്ക്' വിളികളുമായി ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെ എസ്.എഫ്.ഐ ഗുണ്ടാസംഘമാണെന്നുള്‍പ്പെടെ വ്യാപക വിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. തനിക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News