സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത് പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മാത്രം; എന്നിട്ടും കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള കേന്ദ്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല; കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത് പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മാത്രം

കൊച്ചി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരിട്ട് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചതായാണ് വിവരം. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദം നിലനില്‍ക്കേയാണ് ക്ഷണം ലഭിച്ചിരുന്നെന്ന വിവരം പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ സഭ നേരിട്ട് കത്തയച്ചത് സുരേഷ് ഗോപിക്ക് മാത്രമാണെന്നാണ് വിവരം.
യാക്കോബായ സഭ അധ്യക്ഷന്‍ കത്തോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെയാകും അയക്കുക. വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ്, ബെന്നി ബെഹനാന്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഇവര്‍ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം കാതോലിക്കാ വാഴിക്കല്‍ ചടങ്കില്‍ കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും കത്തയച്ചു. തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങ് മാര്‍ച്ച് 25നാണ് ലെബനനിലെ ബെയ്റൂട്ടിലെ പാത്രിയര്‍ക്കാ അരമനയില്‍ നടക്കുക. മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിക്ഷിതനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.