ഈജിപ്റ്റിലെ ഗിസ പിരമിഡുകള്‍ക്ക് കീഴെ വിശാലമായ ഭൂഗര്‍ഭ നഗരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകര്‍; അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍ ശരിവച്ചാല്‍ പൗരാണിക ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതേണ്ടി വന്നേക്കാം; ഗവേഷണ ഫലത്തെ സംശയത്തോടെ നിരീക്ഷിച്ച് വിദഗ്ധര്‍

ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴില്‍ വിശാലമായ നഗരം ഗവേഷകര്‍ കണ്ടെത്തി

Update: 2025-03-22 17:34 GMT

കയ്‌റോ:ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴില്‍ വിശാലമായ നഗരം ഗവേഷകര്‍ കണ്ടെത്തിയതായി അവകാശവാദം. പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് പിരമിഡുകള്‍. ഗിസയിലെ പിരമിഡുകള്‍ മുതല്‍ അനേകം പിരമിഡുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുരാവസ്തുഗവേഷകരെയും ചരിത്രകാരന്‍മാരെയും എക്കാലവും ആകര്‍ഷിക്കുന്നതാണ് ഈ പിരമിഡുകള്‍. ഇറ്റലി, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ലോകത്തെ അമ്പരിപ്പിച്ച കണ്ടെത്തലിന് പിന്നില്‍.

ഗിസ പിരമിഡുകള്‍ക്ക് കീഴെ 6500 അടിയിലേറെയായി പരന്നുകിടക്കുകയാണ് വിശാലമായ ഭൂഗര്‍ഭനഗരം. സമുദ്രത്തിന്റെ ആഴമളക്കാന്‍ സോണാര്‍ റഡാര്‍ ഉപയോഗിക്കുന്നത് പോലെ പിരമിഡുകളുടെ ആഴങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന നഗരത്തെ കണ്ടെത്തിയത് റഡാര്‍ പള്‍സുകള്‍ ഉപയോഗിച്ച് ഹൈ റസൊല്യൂഷന്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചുള്ള പഠനത്തില്‍ നിന്നാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍, അഭൂതപൂര്‍വമായ ഗവേഷണ ഫലത്തെ മിക്ക വിദഗ്ധരും തള്ളിക്കളയുകയാണ്.

പിരമിഡിന് 2100 അടി താഴ്ച്ചയില്‍ എട്ട് വെര്‍ട്ടിക്കല്‍ സിലണ്ടര്‍ ആകൃതിയിലുളള നിര്‍മ്മിതികള്‍ കണ്ടെത്തി. 4000 അടി താഴെ കൂടുതല്‍ അറിയപ്പെടാത്ത നിര്‍മ്മിതികളും ഉണ്ടെന്ന് ഇറ്റാലിയന്‍, സ്‌കോട്ടിഷ് ഗവേഷകര്‍ അവകാശപ്പെടുന്നു. ഗവേഷണ ഫലം സ്വതന്ത്രരായ വിദഗ്ധര്‍ ശരിവച്ചിട്ടില്ലെങ്കിലും ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കണ്ടെത്തലുകള്‍ ശരിയാണെന്ന് വന്നാല്‍, പുരാതന ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതപ്പെട്ടേക്കാം. എന്നാല്‍, സ്വതന്ത്ര വിദഗ്ധര്‍ പഠനത്തെ കുറിച്ച് നിരവധി സംശയങ്ങളും പ്രകടിപ്പിച്ചു.

ഭൂമിയുടെ ഇത്രയും അടി താഴ്ചയില്‍ നുഴഞ്ഞുകയറാന്‍ നിലവിലെ സാങ്കേതിക വിദ്യയ്ക്ക് സാധ്യമല്ലെന്നാണ് ഡെന്‍വര്‍ സര്‍വകലാശാലയിലെ റഡാര്‍ വിദഗ്ധനായ പ്രൊഫ. ലോറന്‍സ് കോണ്‍യേഴ്‌സ് അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ ഭൂഗര്‍ഭനഗരം അതിശയോക്തി എന്നാണ് അദ്ദേഹം തള്ളിക്കളയുന്നത്.

ഇറ്റലിയിലെ പിസ സര്‍വകലാശാലയില്‍ നിന്നുള്ള കോറാഡോ മലംഗ, സ്‌കോട്ട്‌ലന്‍ഡിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ഫിലിപ്പോ ബിയോണ്ടി എന്നിവരുടെ ഗവേഷണഫലം ഈയാഴ്ചയാണ് ഇറ്റലിയില്‍ പുറത്തുവിട്ടത്. എന്നാല്‍, ഏതെങ്കിലും ശാസ്ത്ര ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഫലം സ്ഥിരീകരിക്കാന്‍ സമയമെടുക്കും. ക്യത്യമായ പുരാവസ്തു ഖനനം വഴി മാത്രമേ ഈ കണ്ടുപിടുത്തങ്ങള്‍ ശരിയാണെങ്കില്‍ തന്നെ തെളിയിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പ്രൊഫ. കോണ്‍യേഴ്‌സ് അഭിപ്രായപ്പെടുന്നത്.


Tags:    

Similar News