ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴെ കണ്ടെത്തിയ വിശാല ഭൂഗര്‍ഭ നഗരത്തിന് ഏകദേശം 38,000 വര്‍ഷത്തോളം പഴക്കം; ഗിസ പിരമിഡുകളേക്കാള്‍ പഴക്കമുള്ളവ; വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍, സ്‌കോട്ടിഷ് ഗവേഷകര്‍; വിചിത്രമെന്ന് വിമര്‍ശകര്‍

ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴെ കണ്ടെത്തിയ വിശാല ഭൂഗര്‍ഭ നഗരത്തിന് ഏകദേശം 38,000 വര്‍ഷത്തോളം പഴക്കം

Update: 2025-03-25 15:54 GMT

കയ്റോ: ഈജിപ്റ്റിലെ പിരമിഡുകള്‍ക്ക് കീഴില്‍ വിശാലമായ ഭൂഗര്‍ഭ നഗരം കണ്ടെത്തിയെന്ന് കഴിഞ്ഞാഴ്ച ഗവേഷകര്‍ അവകാശപ്പെട്ടത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരുന്നു. ഈ നഗരം, ഗിസ പിരമിഡുകളേക്കാള്‍ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതെന്നാണ് പുതിയ അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഈ അവകാശവാദം ശരിയെങ്കില്‍, ഈജിപ്റ്റിന്റെ മാത്രമല്ല, മനുഷ്യ ചരിത്രത്തെ തന്നെ തലകീഴായി മറിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, സ്വതന്ത്ര വിദഗ്ധര്‍ ഈ അവകാശവാദത്തെ വിചിത്രമെന്നും ഭ്രാന്തന്‍ ആശയമെന്നുമൊക്കെ തളളിക്കളയുന്നു.

പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് പിരമിഡുകള്‍. ഗിസയിലെ പിരമിഡുകള്‍ മുതല്‍ അനേകം പിരമിഡുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുരാവസ്തുഗവേഷകരെയും ചരിത്രകാരന്‍മാരെയും എക്കാലവും ആകര്‍ഷിക്കുന്നതാണ് ഈ പിരമിഡുകള്‍. ഇറ്റലി, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ലോകത്തെ അമ്പരിപ്പിച്ച കണ്ടെത്തലിന് പിന്നില്‍.

ഗിസ പിരമിഡുകള്‍ക്ക് 4500 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ പ്രകാരം, 4000 അടി താഴ്ചയില്‍ പരന്നുകിടക്കുന്ന നിര്‍മ്മിതികള്‍ക്ക് ഏകദേശം 38,000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.

ഗിസ പിരമിഡുകള്‍ക്ക് കീഴെ 6500 അടിയിലേറെയായി പരന്നുകിടക്കുകയാണ് വിശാലമായ ഭൂഗര്‍ഭനഗരം. സമുദ്രത്തിന്റെ ആഴമളക്കാന്‍ സോണാര്‍ റഡാര്‍ ഉപയോഗിക്കുന്നത് പോലെ പിരമിഡുകളുടെ ആഴങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന നഗരത്തെ കണ്ടെത്തിയത് റഡാര്‍ പള്‍സുകള്‍ ഉപയോഗിച്ച് ഹൈ റസൊല്യൂഷന്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചുള്ള പഠനത്തില്‍ നിന്നാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. എന്നാല്‍, അഭൂതപൂര്‍വമായ ഗവേഷണ ഫലത്തെ മിക്ക വിദഗ്ധരും തള്ളിക്കളയുകയാണ്.

പിരമിഡിന് 2100 അടി താഴ്ച്ചയില്‍ എട്ട് വെര്‍ട്ടിക്കല്‍ സിലണ്ടര്‍ ആകൃതിയിലുളള നിര്‍മ്മിതികള്‍ കണ്ടെത്തി. 4000 അടി താഴെ കൂടുതല്‍ അറിയപ്പെടാത്ത നിര്‍മ്മിതികളും ഉണ്ടെന്ന് ഇറ്റാലിയന്‍, സ്‌കോട്ടിഷ് ഗവേഷകര്‍ അവകാശപ്പെടുന്നു. ഗവേഷണ ഫലം സ്വതന്ത്രരായ വിദഗ്ധര്‍ ശരിവച്ചിട്ടില്ലെങ്കിലും ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കണ്ടെത്തലുകള്‍ ശരിയാണെന്ന് വന്നാല്‍, പുരാതന ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതപ്പെട്ടേക്കാം. എന്നാല്‍, സ്വതന്ത്ര വിദഗ്ധര്‍ പഠനത്തെ കുറിച്ച് നിരവധി സംശയങ്ങളും പ്രകടിപ്പിച്ചു.

ഭൂമിയുടെ ഇത്രയും അടി ആഴത്തിലേക്ക് പോകാന്‍ നിലവിലെ സാങ്കേതിക വിദ്യയ്ക്ക് സാധ്യമല്ലെന്നാണ് ഡെന്‍വര്‍ സര്‍വകലാശാലയിലെ റഡാര്‍ വിദഗ്ധനായ പ്രൊഫ. ലോറന്‍സ് കോണ്‍യേഴ്സ് അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ ഭൂഗര്‍ഭനഗരം അതിശയോക്തി എന്നാണ് അദ്ദേഹം തള്ളിക്കളയുന്നത്.

ഇറ്റലിയിലെ പിസ സര്‍വകലാശാലയില്‍ നിന്നുള്ള കോറാഡോ മലംഗ, സ്‌കോട്ട്ലന്‍ഡിലെ സ്ട്രാത്ക്ലൈഡ് സര്‍വകലാശാലയിലെ ഫിലിപ്പോ ബിയോണ്ടി എന്നിവരുടെ ഗവേഷണഫലം ഈയാഴ്ചയാണ് ഇറ്റലിയില്‍ പുറത്തുവിട്ടത്. എന്നാല്‍, ഏതെങ്കിലും ശാസ്ത്ര ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഫലം സ്ഥിരീകരിക്കാന്‍ സമയമെടുക്കും. ക്യത്യമായ പുരാവസ്തു ഖനനം വഴി മാത്രമേ ഈ കണ്ടുപിടുത്തങ്ങള്‍ ശരിയാണെങ്കില്‍ തന്നെ തെളിയിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പ്രൊഫ. കോണ്‍യേഴ്സ് അഭിപ്രായപ്പെടുന്നത്. 38,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ ഗുഹകളിലാണ് താമസിച്ചിരുന്നതെന്നും ഇതൊരു ഭ്രാന്തന്‍ ആശയമാണെന്നും കോണ്‍യേഴ്‌സ് പറഞ്ഞു.


ശാസ്ത്രജ്ഞര്‍ മാത്രമല്ല ഈജിപ്റ്റിലെ ഭരണകൂടവും പുതിയ പഠനത്തെ വിമര്‍ശിച്ചു. മുഴുവന്‍ പഠനവും തെറ്റാണെന്നും ശാസ്ത്രീയാടിസ്ഥാനമില്ലെന്നും ഈജിപ്റ്റിലെ മുന്‍ പുരാവസ്തു മന്ത്രി ഡോ.സാഹി ഹവാസ് പറഞ്ഞു.

Tags:    

Similar News