ആര്‍എസ്എസ് ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തിയത് വിരമിക്കല്‍ തീരുമാനം അറിയിക്കാനെന്ന് സഞ്ജയ് റാവുത്ത്; അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്‍ഗാമിയെക്കുറിച്ച് സംസാരിക്കില്ലെന്ന് ഫഡ്‌നവിസും; മോദിയുടെ വിരമിക്കലിനെ ചൊല്ലി ശിവസേന - ബിജെപി വാക്‌പോര്
മോദിയുടെ വിരമിക്കലിനെ ചൊല്ലി ശിവസേന - ബിജെപി വാക്‌പോര്
മുംബൈ: നാഗ്പുരിലെ ആര്‍ എസ് എസ് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടനാ മേധാവി മോഹന്‍ ഭാഗവതിനെ കണ്ടത് വിരമിക്കല്‍ അറിയിക്കാനാണെന്ന ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്തുടര്‍ച്ചക്കാരെക്കുറിച്ച് സംസാരിക്കുന്നത് നമ്മുടെ സംസാരമല്ലെന്നും മുഗള്‍ സംസ്‌കാരം ആണെന്നായിരുന്നു ഫഡ്നവിസിന്റെ മറുപടി. ഇപ്പോള്‍ അത്തരം ചര്‍ച്ചയുടെ സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരയേണ്ട ആവശ്യമില്ല. അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരും. നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029-ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും', ഫഡ്നവിസ് പറഞ്ഞു.
സെപ്റ്റംബറില്‍ 75 വയസ്സ് പൂര്‍ത്തിയാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കല്‍ ചര്‍ച്ചചെയ്യാനാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ വാക്കുകള്‍. മോദിയുടെ പിന്‍ഗാമി മഹാരാഷ്ട്രയില്‍നിന്നാവുമെന്നും അത് ആര്‍എസ്എസ് തീരുമാനിക്കുമെന്നും റാവുത്ത് അഭിപ്രായപ്പെട്ടിരുന്നു. മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തി 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തല്‍.
'രാജ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റംവേണമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മോദിയുടെ സമയം അവസാനിച്ചിരുന്നു. അവര്‍ക്ക് മാറ്റം വേണം, അടുത്ത ബിജെപി അധ്യക്ഷനെ തീരുമാനിക്കണം', എന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.
അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാന്‍ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവുത്ത് പറയുന്നു.
നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ മോദി ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ പുഷ്പങ്ങള്‍ അര്‍പിച്ചിരുന്നു. രാവിലെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയ ആദ്യ പ്രധാനമന്ത്രിയാണ് മോദി. രാഷ്ട്രീയ സ്വയംസേവക സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. 2013ലാണ് അവസാനമായി മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്. ഭരണഘടനാ ശില്‍പി ഡോ.ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രധാമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരമെന്നാണ് ആര്‍എസ്എസ് പ്രതികരിച്ചത്. ആര്‍എസ്എസിന്റെ സംഭാവനകളെ പ്രധാനമന്ത്രി അംഗീകരിച്ചുവെന്ന് ആര്‍എസ്എസ് നേതാവ് അശുതോഷ് അദോനി പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ ആര്‍എസ്എസ് പ്രചോദനമെന്നാണ് മോദി വിസിറ്റേഴ്സ് ബുക്കില്‍ കുറിച്ചത്. വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചതിന്റെ വിവരങ്ങളും ചിത്രങ്ങളും മോദി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു.s