കാര്‍ വ്യവസായ മേഖലയില്‍ മാത്രം 25000 പേര്‍ക്ക് ജോലി പോകും; സ്‌കോച്ച് വിസ്‌കി കയറ്റുമതി നിന്നാല്‍ വിപണി ഉലയും; ഇംഗ്‌ളീഷ് മരുന്നുകള്‍ ഇല്ലാതെ അമേരിക്കക്കാര്‍ വലയും: ട്രംപിന്റെ താരിഫ് യുദ്ധം ബ്രിട്ടനെ ബാധിക്കുന്നത് ഇങ്ങനെ
ലണ്ടന്‍: അമേരിക്കന്‍ നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധം ബ്രിട്ടന്റെ 60 ബില്യന്‍ പൗണ്ടിലധികം വരുന്ന കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായി. ട്രംപിന്റെ താരിഫ് യുദ്ധത്തിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ബ്രിട്ടന്‍ മുതിര്‍ന്നാല്‍ ബ്രിട്ടീഷ് സമ്പദ്ഘടന 1 ശതമാനത്തോളം ഇടിയും എന്നാണ് കണക്കുകൂട്ടുന്നത്. ബ്രിട്ടനിലെ കാര്‍ നിര്‍മ്മാണ മേഖലയെയായിരിക്കും ഇത് ഏറ്റവും അധികം ബാധിക്കുക. ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, പവര്‍ ജനറെറ്റര്‍, സയന്റിഫിക് ഇന്‍സ്ട്രമെന്റ്‌സ് നിര്‍മ്മാണ മേഖലകളെയും ഇത് വിപരീതമായി ബാധിക്കും.
ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ പകുതിയോളം വരുന്നത് ഈ ആറ് മേഖലകളില്‍ നിന്നാണ് എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോച്ച് വിസ്‌കി, സ്‌മോക്ക്ഡ് സാല്‍മണ്‍ തുടങ്ങിയവ വന്‍ തോതില്‍ കയറ്റുമതി ചെയ്യുന്ന ഭക്ഷണ പാനീയ നിര്‍മ്മാണ മേഖലയെയും താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കും.താരിഫ് എത്തുന്നതോടെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില വര്‍ദ്ധിക്കും. അതോടെ ആവശ്യക്കാര്‍ കുറയുന്നതിനുള്ള സാധ്യത വളരെ വലുതാണ്.
താരിഫ് യുദ്ധം ബ്രിട്ടനെ ബാധിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. താരിഫ് യുദ്ധം ബ്രിട്ടീഷ് സമ്പദ്ഘടനയില്‍ ആഘാതമുണ്ടാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും മന്ത്രിസഭായോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താരിഫ് വന്നാല്‍, അത് റെയ്ച്ചല്‍ റീവ്‌സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കാമെന്നും, ലക്ഷ്യത്തിലെത്താന്‍ പൊതു ചെലവുകള്‍ കൂടുതല്‍ കുറയ്ക്കുകയോ, നികുതി ഇനിയും വര്‍ദ്ധിപ്പിക്കുകയോ ചെയ്യേണ്ടി വരുമെന്നും ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന, ബ്രിട്ടീഷ് കാറുകള്‍ക്ക് മേലുള്ള 25 ശതമാനം ടാരിഫ് ബ്രിട്ടന്‍ കാര്‍ നിര്‍മ്മാണ മേഖലയില്‍ 25,000 പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് പറയുന്നു. മാത്രമല്ല, അമേരിക്കന്‍ വിപണിയില്‍ ബ്രിട്ടീഷ് കാറുകള്‍ക്ക് വില വര്‍ദ്ധിക്കുമെന്നതിനാല്‍ റേഞ്ച് റോവര്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ആവശ്യക്കാര്‍ കുറയും. ഇത് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാണ മേഖലയിലും, പൊതുവെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയിലും കനത്ത സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ പറയുന്നു. ജഗ്വാര്‍ ലാന്‍ഡ് റോവര്‍, കൗളി മിനി ഫാക്ടറി എന്നിവിടങ്ങളിലെ തൊഴിലാളികളെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക എന്നും അവര്‍ പറയുന്നു.
ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ഓരോ പത്ത് മോട്ടോറുകളിലും എട്ടെണ്ണം കയറ്റുമതി ചെയ്യുകയാണ്. 2024 ല്‍ മാത്രം 6,03,565 കാറുകളായിരുന്നു വിദേശ വിപണികള്‍ക്കായി നിര്‍മ്മിച്ചത്. അത് അമേരിക്ക ഉള്‍പ്പടെ മൂന്ന് വിപണികള്‍ക്ക് വേണ്ടിയായിരുന്നു.54 ശതമാനം കാറുകള്‍ യൂറോപ്യന്‍ വിപണിയിലാണ് വിറ്റഴിച്ചതെങ്കില്‍ 6.6 ശതമാനം കാറുകള്‍ ചൈനീസ് വിപണിയിലും, 16.9 ശതമാനം കാറുകള്‍ അമേരിക്കന്‍ വിപണിയിലുമാണ് വിറ്റഴിഞ്ഞത്. അതായത്, ഏകദേശം 9 ബില്യന്‍ മൂല്യമുള്ള, 1,02,000 കാറുകളാണ് ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ബ്രിട്ടനില്‍ നിര്‍മ്മിച്ച മൊത്തം കാറുകളുടെ 13 ശതമാനം വരും ഇത്.
ട്രംപിന്റെ പുതിയ ടാരിഫ് ബ്രിട്ടീഷ് കാര്‍ വിപണിയെ തളര്‍ത്താന്‍ സാധ്യത ഏറെയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു. യു കെയില്‍ നിന്നും അമേരിക്കയിലേക്ക് വലിയ രീതിയില്‍ കയറ്റുമതി ചെയ്യുന്ന മറ്റൊരു ചരക്കാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍. 2023 ല്‍ മാത്രം 8.7 ബില്യന്‍ പൗണ്ടിന്റെ ചരക്കുകളായിരുന്നു ഈ മേഖ്‌ലലയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അതേസമയം, അമേരിക്കയില്‍ ഈയാഴ്ച നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത്, 90 ശതമാനം അമേരിക്കന്‍ ബയോടെക് കമ്പനികളും തങ്ങളുടെ എഫ് ഡി എ അംഗീകൃത ഉല്‍പ്പന്നങ്ങളില്‍ പകുതിയെങ്കിലും നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാണ്.
അതുകൊണ്ടു തന്നെ ഈ മേഖലയില്‍ ചുമത്തുന്ന ടാരിഫ്, അമേരിക്കയിലും വിപരീത ഫലം ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് പലയിടങ്ങളിലായി നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഉള്ള വലിയ കമ്പനികള്‍ അവരുടെ കൂടുതല്‍ ഉല്‍പ്പാദന പ്രക്രിയകള്‍ അമേരിക്കയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാവും എന്നാല്‍, ഇതിന് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുക്കുമെന്നും 2 ബില്യന്‍ ഡോളറിന്റെ അധിക ചിലവ് വരുമെന്നുമാണ് മേഖലയിലുള്ളവര്‍ പറയുന്നത്.
സ്‌കോച്ച് വിസ്‌കിക്ക് മുകളില്‍ ടാരിഫ് വരുന്നത് സ്‌കോട്ട്‌ലാന്‍ഡിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. തദ്ദേശീയ ഉല്‍പ്പന്നങ്ങളേക്കാള്‍ മെച്ചപ്പെട്ട ഉല്‍പ്പന്നം ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍, 2024 ല്‍ 971 മില്യന്‍ പൗണ്ട് മൂല്യം വരുന്ന 132 മില്യന്‍ കുപ്പികളാണ് വാങ്ങിയതെന്ന് സ്‌കോച്ച് വിസ്‌കി അസ്സോസിയേഷന്‍ പറയുന്നു. 2019 ല്‍ 25 ശതമാനം ടാരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ നൂറുകണക്കി8ന് മില്യന്‍ പൗണ്ടാണ് ഈ മേഖലയില്‍ നഷ്ടമായത്. പിന്നീട് 2021 ല്‍ ഈ ടാരിഫ് അഞ്ചു വര്‍ഷത്തേക്ക് താത്ക്കാലികമായി റദ്ദാക്കിയിരുന്നു.
അതേസമയം, അമേരിക്കയുമായി ഒരു വ്യാപാര ഇടപാട് ഉറപ്പിക്കാന്‍ ബ്രിട്ടീഷ് കാര്‍ഷിക മേഖലയെ ബലികൊടുക്കരുത് എന്നാവശ്യപ്പെട്ട് കാര്‍ഷിക - ഭക്ഷ്യ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രിമാര്‍ അമേരിക്കക്ക് ചില ഇളവുകള്‍ അനുവദിക്കാന്‍ ഇടയുണ്ട് എന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം.