ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ ഇനി ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളും പുറത്തിടത്ത് വയ്ക്കേണ്ട; ജെല്ലുകള്‍ പ്ലാസ്റ്റിക് കവറിലുമാക്കേണ്ട; ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; ഭയപ്പെടുത്തി വീണ്ടും പറന്നുയര്‍ന്നു
ലണ്ടന്‍: യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന ഒരു സൗകര്യമാണ് ഇപ്പോള്‍ യുകെയിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ പരിശോധനക്കായി ലാപ്‌ടോപ്പോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗില്‍ നിന്നും പുറത്തേക്കെടുക്കേണ്ടതില്ല. അതുപോലെ ദ്രാവകരൂപത്തിലുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിയേണ്ടതുമില്ല. അവയെല്ലാം ബാഗിനുള്ളില്‍ വെച്ചു തന്നെ സെക്യൂരിറ്റി പരിശോധനക്ക് നല്‍കാം എന്നാണ് വിമാനത്താവളാധികൃതര്‍ അറിയിക്കുന്നത്. വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്‌ക്രീനിംഗ് പരിഷ്‌കരിക്കുന്നതിനായി എടുത്ത നടപടികളുടെ ഭാഗമാണിത്.
ഇപ്പോള്‍ ഗാറ്റ്വിക് വിമാനത്താവളത്തില്‍ 95 ശതമാനം യാത്രക്കാരും അഞ്ച് മിനിറ്റിനുള്ളില്‍ സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കി ഇറങ്ങുന്നു എന്നാണ് ഗാറ്റ്വികിലെ സെക്യൂരിറ്റി മേധാവി സൈറസ് ഡാന പറയുന്നത്. സ്‌കാനറുകള്‍ ഇപ്പോള്‍ യാത്രക്കാരെ സുഗമമായി എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സുഗമമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നു. ഇത് തീര്‍ച്ചയായും ഒരു വലിയ മാറ്റമാണെന്നും സൈറസ് ഡാന പറഞ്ഞു. മികച്ചൊരു യാത്രാനുഭവമാണ് ഈ ആധുനിക സാങ്കേതിക വിദ്യ യാത്രക്കാര്‍ക്ക് നല്‍കുന്നത്.
ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ ഇനിമുതല്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ ആക്കേണ്ടതില്ലെങ്കിലും 100 മില്ലി ലിറ്ററില്‍ അധികം ദ്രാവകം കൊണ്ടുപോകാന്‍ ഇപ്പോഴും അനുവാദമില്ല. ക്രീമുകള്‍, ജെല്‍, സ്പ്രേ, പേസ്റ്റ്, എയ്‌റോസോള്‍ തുടങ്ങിയവയെല്ലാം ദ്രാവകം എന്ന നിര്‍വചനത്തിന്‍ കീഴില്‍ വരും. ലോകത്തിലെ മറ്റ് വിമാനത്താവളങ്ങള്‍ ഒരുപക്ഷെ ഇത്രയും ആധുനിക സാങ്കേതിക വിദ്യ സ്വീകരിച്ചിട്ടുണ്ടാവില്ല എന്നും അതുകൊണ്ടു തന്നെ വണ്‍ ലിറ്റര്‍ ക്ലിയര്‍ പ്ലാസ്റ്റിക് ബാഗ്, 100 എം ല്‍ ലിക്വിഡ് കണ്ടെയ്‌നര്‍ നിയന്ത്രണങ്ങള്‍ മടക്കയാത്രയില്‍ ബാധകമായേക്കാം എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് വിമാനത്താവളമല്ല ഗാറ്റ്വിക്. ബിര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, എഡിന്‍ബര്‍ഗ്, ലീഡ്‌സ്, ബ്രാഡ്‌ഫോര്‍ഡ്, ല്യൂട്ടണ്‍, ന്യൂകാസില്‍, സൗത്ത് എന്‍ഡ്, ടീസൈഡ് വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത് നിലവിലുണ്ട്.
ലാന്‍ഡിംഗ് സമയത്ത് ഭീതി പടര്‍ത്തി ഈസിജെറ്റ് വിമാനം
റണ്‍വേയില്‍ തൊടാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ആടിയുലഞ്ഞ ഈസിജെറ്റ് വിമാനം ഭീതി പടര്‍ത്തിക്കൊണ്ട് വീണ്ടും പറന്നുയര്‍ന്നു. എയര്‍ബസ് എ 320 വിമാനം, മഡേരിയ വിമാനത്താവളത്തില്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ചകണ്ടു നില്‍ക്കുന്നവരെയും ദൃശ്യത്തില്‍ കാണാം. യു 21869 വിമാനം റണ്‍വേയിലേക്ക് ഏതാനും മീറ്ററുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് കാറ്റില്‍ പെട്ട് ലാന്‍ഡിംഗ് അസാധ്യമെന്ന് മനസ്സിലാക്കി പറന്നുയര്‍ന്നത്.
ഇറങ്ങാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഉടനെ പൈലറ്റ് വിമാനം ഉയരത്തിലേക്ക് പറത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് ആയിരുന്നു സംഭവം നടന്നത്. യൂട്യൂബില്‍ ഈ വീഡിയോ ഇതിനോടകം തന്നെ 3 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ചിലര്‍ ഈ വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ഈ കാഴ്ച നേരില്‍ കണ്ടവര്‍ അത് സാക്ഷ്യപ്പെടുത്തുകയാണ്.