മോഹന്‍ലാലിന് ദുബായില്‍ വച്ച് രണ്ട് കോടി നല്‍കിയത് എന്തിന്? ഇറാനിയനായ ഗുല്‍ഷനുമായുള്ള ഓവര്‍സീസ് ഇടപാടുകളിലും വ്യക്തത വേണം; പ്രഥ്വിയ്‌ക്കൊപ്പം ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്; എമ്പുരാന്‍ പക വീണ്ടും ചര്‍ച്ചകളില്‍; ഓവര്‍സീസ് റൈറ്റ് നികുതി വെട്ടിപ്പോ?

Update: 2025-04-06 02:39 GMT

കൊച്ചി: പൃഥിരാജിനൊപ്പം ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടുമ്പോള്‍ ചര്‍ച്ചകളിലേക്ക് 'എമ്പുരാന്‍ ഇഫക്ട്'. ഗോകുലം ഗോപാലിനായിരുന്നു എമ്പുരാന്റെ ഒരു നിര്‍മ്മാതാവ്. ഗോകുലത്തിനെതിരെ ഇഡി ശക്തമായ നടപടികളിലാണ്. ഇതെല്ലാം എമ്പുരാനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പകയാണെന്ന വാദം ശക്തമാണ്.

അതിനിടെയാണ് ആന്റണി പെരുമ്പാവൂരിനെതിരായ നീക്കം. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്.

ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസില്‍ 2022ല്‍ റെഡ് നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാന്‍ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്. മലയാള സിനിമയുടെ ഓവര്‍സീസ് റൈറ്റുകള്‍ നേടുന്നത് ഇറാന്‍ സ്വദേശിയായ ഗുല്‍ഷനാണ്. വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇവിടെ നടക്കുന്നുവെന്ന സംശയം ആദായ നികുതി വകുപ്പിനുണ്ട്.

തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

Tags:    

Similar News