പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്; മുണ്ടൂരില്‍ നാളെ ഹര്‍ത്താല്‍; മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി; ആനയെ തുരത്താന്‍ നടപടിയെടുക്കുമെന്നും പ്രതികരണം

പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Update: 2025-04-06 17:12 GMT

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ അലന്‍ (23) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സാരമായി പരുക്കേറ്റ അലന്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

അലനും വിജയയും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഈ മേഖലയില്‍ കാട്ടാനശല്യം പതിവാണ്. ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. സംഭവസ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചിട്ടുണ്ട്. മുണ്ടൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മുണ്ടൂരില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കളക്ടര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആനകള്‍ വനമേഖലയില്‍ തുടരുന്നുണ്ട്. ഇതിനെ തുരത്താന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് മുണ്ടൂര്‍ സെക്ഷന്‍ പരിധിയില്‍ കണ്ണാടും ചോല ഭാഗത്ത് ഒരു സ്ത്രീയെയും മകനെയും കാട്ടാന ആക്രമിച്ച് ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു.

കൂടുതല്‍ ആര്‍ആര്‍ടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെന്‍സിങ് ഉള്ളതായി ഉറപ്പ് വരുത്തണം. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കുമെന്നും ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News