ഏറ്റെടുക്കാന്‍ മക്കളോ ബന്ധുക്കളോ എത്തുന്നില്ല; മെഡിക്കല്‍ കോളേജുകളില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നത് 70 പേര്‍: അനാഥ മന്ദിരങ്ങള്‍ക്ക് കത്തെഴുതി ആശുപത്രി അധികൃതര്‍

മെഡിക്കല്‍ കോളേജുകളില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നത് 70 പേര്‍

Update: 2025-04-14 00:09 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നത് 70 വയോധികര്‍. ചികിത്സയ്‌ക്കെത്തിച്ച ശേഷം മക്കള്‍ ഉപേക്ഷിച്ചുപോയവരാണ് ഇവരെല്ലാവരും. തങ്ങളെ തിരക്കി ആരും വരില്ലെന്ന് അറിയാമെങ്കിലും ഇടയ്ക്കിടയ്ക്ക് ഇവര്‍ നഴ്‌സുമാരോട് തങ്ങളുടെ ഉറ്റവരെ തിരക്കും.

സംസ്ഥാനത്താകെ മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച 70 പേരുണ്ട്. ഇവരുടെ എല്ലാം ചികിത്സ കഴിഞ്ഞെങ്കിലും ബന്ധുക്കള്‍ ഏറ്റെടുക്കാതെയും മടങ്ങിപ്പോകാന്‍ സ്ഥലം ഇല്ലാതെയും വാര്‍ഡുകളില്‍ കഴിയുകയാണിവര്‍. എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശുപത്രി വാര്‍ഡുകളില്‍ അഭയം പ്രാപിച്ച ഈ വയോധികരെ കയ്യൊഴിയാന്‍ ആശുപത്രികള്‍ക്കും ആകുന്നില്ല,

സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഇവരെ ഏറ്റെടുക്കണമെന്ന് ആവശ്‌പ്പെട്ട് അനാഥ മന്ദിരങ്ങള്‍ക്കു കത്തെഴുതി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട 44 പേരില്‍ 23 പേരെയും പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റിയിരുന്നു. വിദേശി ഉള്‍പ്പെടെ 21 പേര്‍ ഇപ്പോഴും വാര്‍ഡുകളില്‍ കഴിയുന്നു.

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ടത് ആറ് പുരുഷന്മാര്‍. ആലപ്പുഴയില്‍ കൂട്ടിരിപ്പുകാരില്ലാതെ രോഗികള്‍ 17 പേര്‍. കോട്ടയത്ത് തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ 10 പേരുണ്ട്. കൊച്ചിയില്‍ 16 പേരാണ് ഇത്തരത്തിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞമാസം ആറു പേരുണ്ടായിരുന്നെങ്കിലും ഇവര്‍ പിന്നീടു നാട്ടിലേക്കു മടങ്ങി.

സ്വത്തുണ്ടോ 'പരേതരെ' തേടി ബന്ധുക്കള്‍ എത്തും.

മക്കളും ബന്ധുക്കളും കൊണ്ടുപോകില്ലെന്ന് ഉറപ്പാകുമ്പോള്‍, മൃതദേഹമെങ്കിലും വീട്ടില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹം ചിലര്‍ പങ്കുവയ്ക്കും. ഇക്കാര്യം ബന്ധുക്കളെ അറിയിക്കാറുണ്ടെങ്കിലും ചിലര്‍ മാത്രമാണു മൃതദേഹം കൊണ്ടുപോകാന്‍ തയാറാകുന്നത്.മരിച്ചാല്‍ വിവരം അറിയിച്ചാല്‍പോലും എത്താത്തവര്‍ പിന്നീട് മരണ സര്‍ട്ടിഫിക്കറ്റിനായി എത്തും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നടതള്ളിയ 15 രോഗികളുടെ ബന്ധുക്കള്‍, മരണശേഷമെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോയെന്ന് അധികൃതര്‍ പറയുന്നു. സ്വത്തോ, ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുകയോ ബാക്കിയുണ്ടെങ്കില്‍ 'പരേതരെ' തേടി ബന്ധുക്കള്‍ എത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2022 ഡിസംബറില്‍ ഉപേക്ഷിക്കപ്പെട്ട 42 പേരുടെ വാര്‍ത്ത മനോരമ പുറത്തുകൊണ്ടുവന്നതോടെ ആരോഗ്യവകുപ്പ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കണക്കെടുപ്പു നടത്തി 250 പേരെ കണ്ടെത്തിയിരുന്നു. മുന്‍പ് ആശുപത്രി സൂപ്രണ്ട് അഭ്യര്‍ഥിക്കുന്നതനുസരിച്ച് അനാഥ മന്ദിരങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ സാമൂഹിക നീതി വകുപ്പിന്റെ അനുമതി കൂടി വേണം. സംസ്ഥാനത്ത് നിലവില്‍ അഞ്ഞൂറിലധികം അനാഥ മന്ദിരങ്ങളിലായി 32,000 പേരെങ്കിലും അന്തേവാസികളായി ഉണ്ടെന്നാണ് കണക്ക്. തിരക്കു കൂടിയതിനാല്‍ പുതിയ ഏറ്റെടുക്കലുകലുകളും കുറവാണ്.

Tags:    

Similar News