പകരചുങ്ക യുദ്ധത്തെ ചൈനയും വിയറ്റ്നാമും ഒരുമിച്ച് നേരിടും; പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കി ട്രംപിനെ പാഠം പഠിപ്പിക്കാന്‍ നീക്കം; ഭാവിയില്‍ യുദ്ധം ഉണ്ടായാല്‍ മരുന്നിനും ഭക്ഷണത്തിനും ഓടേണ്ട ഗതികേട് ഒഴിവാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ട്രംപും; വ്യാപാര യുദ്ധം തുടരും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തിന് എതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ ചൈനയും വിയറ്റ്നാമും തമ്മില്‍ ധാരണയായി. ഇനിയും പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കി അമേരിക്കന്‍ പ്രസിഡന്റിനെ പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ഇവര്‍ തയ്യാറെടുക്കുന്നത്. അതേ സമയം നിലപാട് കൂടുതല്‍ ശക്തമാക്കി ട്രംപും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു യുദ്ധം ഉണ്ടായാല്‍ അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി ഓടേണ്ട ഗതികേട് ഒഴിവാക്കാനാണ് താന്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയത് എന്നാണേ് ട്രംപ് ഇതിന് നല്‍കുന്ന ന്യായീകരണം.
ഭക്ഷണത്തിനും മരുന്നിനും വേണ്ടി അമേരിക്കന്‍ ജനത ദുരിതം അനുഭവിക്കുന്നത് തടയാനാണ് തന്റെ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അമേരിക്കയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് വിദേശ ഇറക്കുമതികള്‍ക്കെതിരായ തന്റെ കര്‍ശന നടപടിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത് എങ്കിലും ഇത് ഒടുവില്‍ അമേരിക്കയെ വ്യാപാര മാന്ദ്യത്തില്‍ കൊണ്ട് ചെന്ന് എത്തിക്കുമെന്നാണ് അമേരിക്കന്‍ ജനത ആശങ്കപ്പെടുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഔഷധ നിര്‍മ്മാണ മേഖലയിലെ താരിഫുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു യുദ്ധം ഉണ്ടായാല്‍ ഔഷധങ്ങള്‍ക്കായി ചൈനയേയോ മറ്റേതെങ്കിലും രാജ്യത്തെയോ ആശ്രയിക്കുന്ന പ്രശ്നമില്ലെന്ന് ട്രംപ് തറപ്പിച്ച് പറഞ്ഞു. അത് കൊണ്ട് തന്നെ പരമാവധി മരുന്നുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് നല്ല രീതിയല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേ സമയം ട്രംപിന് വ്യക്തമായ മറുപടിയുമായി ചൈനീസ് പ്രസിഡന്റ് ഷീജിംഗ്പിങ് നേരത്തേ രംഗത്ത് എത്തിയിരുന്നു. വിയറ്റ്നാം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ചൈനയുെട നിലപാട് വ്യക്തമാക്കിയത്.
ഒരു വ്യാപാര യുദ്ധത്തിലോ താരിഫ് യുദ്ധത്തിലോ വിജയികളില്ല എന്നാണ് വിയറ്റ്നാമീസ്, ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളില്‍ സംയുക്തമായി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ചൈനയും വിയറ്റ്നാമും വ്യാപാര സംവിധാനങ്ങളും വാണിജ്യ ശ്ൃഖംലകളും എല്ലാം പരസ്പര സഹകരണത്തോടെ മുന്നോട്ട് കൊണ്ട് പോകണമെന്നും ഷീജിംഗ്പിങ് അഭിപ്രായപ്പെട്ടു. വ്യാപാര യുദ്ധവും താരിഫ് യുദ്ധവും ഒരു വിജയിയെയും സൃഷ്ടിക്കില്ലെന്നും സംരക്ഷണവാദം ആരേയും എങ്ങും എത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് പരിഹാരം കാണാനും സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഷി ജിന്‍പിംഗ് ഈ യാത്ര നടത്തുന്നത്. വിയറ്റ്നാമിന് ശേഷം, ചൈനീസ് പ്രസിഡന്റ് മലേഷ്യയിലേക്കും തുടര്‍ന്ന് കംബോഡിയയിലേക്കും സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പകരച്ചുങ്കത്തിലൂടെ ട്രംപ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് ചൈനയെ തന്നെയാണ്. നിലവില്‍ അമേരിക്ക ഏറ്റവുമധികം പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത് ചൈനയുടെ മേലാണ്. ഇതിന് തിരിച്ചടിയായി കാര്‍, സെമികണ്ടക്ടര്‍, എയ്‌റോസ്‌പേസ് വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ചില അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി ചൈനയും നിര്‍ത്തിവച്ചു.
ഈ നീക്കം അമേരിക്കയിലെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ദോഷകരമായി തന്നെ ബാധിക്കും. അതേ സമയം ചൈനയുടെ ഈ തീരുമാനം ആശങ്കാജനകമാണെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2023 വരെ ലോകത്തിലെ അപൂര്‍വ് ലോഹങ്ങളുടെ 99 ശതമാനവും ചൈനയാണ് ഉത്പാദിപ്പിച്ചിരുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മെമ്മറി ചിപ്പുകള്‍, മറ്റ് നിരവധി വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് തിങ്കളാഴ്ച യുഎസ് വിപണികള്‍ നേരിയതോതില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ താരിഫ് യുദ്ധത്തില്‍ കോര്‍പ്പറേറ്റ് ലോകം ആശങ്കയിലാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രാജ്യത്തെ ഭൂരിഭാഗം സി.ഇ.ഒമാരും ആശങ്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.