യു കെയില്‍ വാഹനം ഓടാന്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ അതില്‍ ഒരു സുരക്ഷാ ഡ്രൈവര്‍ ഉണ്ടായിരിക്കും; ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ എത്തുന്നു

Update: 2025-10-21 03:26 GMT

ലണ്ടന്‍: യു കെ യിലേക്ക് ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ എത്തിക്കുവാന്‍ മത്സരം മുറുകുകയാണ്. 2026 ല്‍ ലണ്ടനില്‍ പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ ഇല്ലാത്ത റോബോ ടാക്സികള്‍ നിരത്തിലിറക്കുമെന്ന് വേമോ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തിലൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യന്‍ നഗരമായി ഇതോടെ ലണ്ടന്‍ മാറും. വേമോയുടെ യു കെയിലെ എതിരാളികളായ വേവ്, 2 ബില്യന്‍ പൗണ്ടിനായി മൈക്രോസോഫ്റ്റും സോഫ്റ്റ്ബാങ്കുമായി ചര്‍ച്ചയിലാണെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ നിരത്തുകളില്‍ പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ ഇല്ലാത്ത വാഹനങ്ങള്‍ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ യു കെ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പടെ അമേരിക്കയില്‍ അഞ്ച് നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ വേമോയുടെ ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ ഒരു സാധാരണ കാഴ്ചയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2026 ല്‍ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ജപ്പാനിലെക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

യു കെയില്‍ വാഹനം ഓടാന്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ അതില്‍ ഒരു സുരക്ഷാ ഡ്രൈവര്‍ ഉണ്ടായിരിക്കും. ഡാറ്റകള്‍ ശേഖരിക്കുന്നതിനും ലണ്ടനിലെ വിശ്വാസ്യത പരിശോധിക്കുന്നതിനുമാണിത്. പിന്നീട് ഇത് ക്രമേണ പൂര്‍ണ്ണമായും ഡ്രൈവര്‍ ലെസ് ആക്കി മാറ്റും. ഊബറുമായി പങ്കാളിത്തത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി വേവ്, നിരീക്ഷണത്തോടെയുള്ള ഡ്രൈവര്‍ ലെസ് കാറുകളുടെ പ്രവര്‍ത്തനം ലണ്ടന്‍ തെരുവില്‍ പരീക്ഷിക്കുന്നുണ്ട്. വരുന്ന വസന്തകാലത്തോടെ ഈ കാറുകള്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റ് ചെയ്യപ്പെടും.

Similar News