'സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി അനുവദനീയം; എത്ര വേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിയും; അതില്‍ എന്തു തെറ്റാണുള്ളത്? അയാള്‍ വിവാഹിതനല്ല. ധാര്‍മ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയം; രാഹുലിനെതിരായ കേസുകള്‍ എല്ലാം ആവിയാകും; രാഷ്ട്രീയം തീരുമോ?

Update: 2026-01-29 02:13 GMT

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസുകളില്‍ കുടുക്കി തളര്‍ത്താന്‍ നോക്കിയവര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് അപ്രതീക്ഷിത പ്രഹരം. ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ചുള്ള കേസുകളില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാഹുലിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. പക്ഷേ രാഷ്ട്രീയമായി ഈ വിവാദം രാഹുലിന് തിരിച്ചടിയാണ്. പാലക്കാട്ടെ മത്സര മോഹവും തകര്‍ന്നു. ഇത് തന്നെയായിരുന്നു ഈ ആരോപണങ്ങളുടെ രാഷ്ട്രീയ പ്രസക്തിയും.

അവിവാഹിതനായ ഒരാള്‍ക്ക് ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ബന്ധത്തിലേര്‍പ്പെടുന്നതില്‍ നിയമപരമായി എന്ത് തെറ്റാണുള്ളതെന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചോദ്യം പ്രോസിക്യൂഷനെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമാക്കി. രാഹുലിനെതിരെ ഇനിയും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും, അതില്‍ ഒരു പോക്‌സോ കേസ് പോലുമുണ്ടെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടയിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം വരുന്നത്. പോക്‌സോ കേസ് വന്നില്ലെങ്കില്‍ രാഹുലിന് മുന്നില്‍ ഇനി പ്രതിസന്ധികളില്ല. ഇതോടെ രാഹുലിനെതിരായ നിലവിലുള്ള കേസുകളെല്ലാം ചോദ്യ മുനയില്‍ എത്തുകയാണ്.

രാഹുലിനെ ഒരു സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. വെറും എഫ്‌ഐആറുകള്‍ ക്രിമിനല്‍ പശ്ചാത്തലമായി കാണാനാവില്ലെന്നും ഒന്നില്‍ പോലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും ഈ നിരീക്ഷണം നിര്‍ണ്ണായകമായി മാറും. നിയമപരമായ കണ്ണുകളിലൂടെ മാത്രം കേസിനെ ഹൈക്കോടതി കാണുന്നുവെന്നതാണ് നിര്‍ണ്ണായകം. പാലക്കാട്ടെ എംഎല്‍എയ്ക്ക് അതുകൊണ്ട് തന്നെ ഈ വിധി അതിനിര്‍ണ്ണായകമാണ്.

'സമ്മതത്തോടെയുള്ള ബന്ധം നിയമപരമായി അനുവദനീയമാണ്. വിവാഹിതനല്ലാത്ത ഒരാള്‍ക്ക് എത്ര ബന്ധങ്ങള്‍ വേണമെങ്കിലും ഉണ്ടാകാം, അതില്‍ ധാര്‍മ്മികമായി പോലും തെറ്റില്ല' എന്ന കോടതിയുടെ പരാമര്‍ശം രാഹുലിനെതിരെയുള്ള മറ്റു ബലാത്സംഗക്കേസുകളുടെ മുനയൊടിക്കുന്നതാണ്. വരാനിരിക്കുന്ന കേസുകളില്‍ പോക്‌സോ പോലുള്ള ഗൗരവകരമായ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടില്ലെങ്കില്‍, ബാക്കി എല്ലാ കേസുകളിലും ഹൈക്കോടതിയുടെ ഈ നിരീക്ഷണം രാഹുലിന് രക്ഷാകവചമാകും.

നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി പ്രത്യേകം പരിശോധിക്കുന്നുണ്ടെങ്കിലും, പ്രഥമദൃഷ്ട്യാ ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന കോടതിയുടെ വാക്കാലുള്ള പരാമര്‍ശം രാഹുലിന് അനുകൂലമാണ്. പരാതിക്കാരി രാഹുലിനൊപ്പം പോയി താമസിച്ചതും കോടതി എടുത്തുപറഞ്ഞു. പത്തനംതിട്ട, തിരുവനന്തപുരം കോടതികളില്‍ നിന്ന് ഇതിനോടകം രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ച രാഹുലിന്, ഹൈക്കോടതിയിലെ ഈ കേസ് കൂടി അനുകൂലമായാല്‍ രാഷ്ട്രീയമായി വലിയൊരു തിരിച്ചുവരവിനാകും വഴിയൊരുങ്ങുക.

പോക്‌സോ കേസ് എന്ന വജ്രായുധം കൂടി രാഹുലിനെതിരെ പ്രയോഗിക്കപ്പെട്ടില്ലെങ്കില്‍, മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള നീക്കങ്ങളെല്ലാം വെള്ളത്തിലാകുമെന്ന് ഉറപ്പാണ്.

Tags:    

Similar News