ജോസ് കെ മാണിയെ റോഷി അഗസ്റ്റിന്‍ വെട്ടിയോ? സിപിഎം സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ എല്‍ഡിഎഫില്‍ വന്‍ സ്‌ഫോടനം; വര്‍ഗീസിനെതിരെ നടപടി വേണമെന്ന് ജോസ്; കളം പിടിക്കാന്‍ യുഡിഎഫ്; വീണ്ടും ഒരു 'വിസ്മയം' ഉണ്ടാകുമോ? വര്‍ഗ്ഗീസിനെ പിണറായി ശാസിച്ചേക്കും

Update: 2026-01-29 01:57 GMT

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഒരു അട്ടിമറിക്ക് അരങ്ങൊരുങ്ങുകയാണോ? ഇടതുമുന്നണി വിടാന്‍ ജോസ് കെ മാണി പ്ലാന്‍ ചെയ്‌തെന്നും എന്നാല്‍ സ്വന്തം മന്ത്രി റോഷി അഗസ്റ്റിനെ ഉപയോഗിച്ച് സിപിഎം അത് പൊളിച്ചെന്നുമുള്ള സി.വി. വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ എല്‍ഡിഎഫില്‍ വന്‍ പൊട്ടിത്തെറിയാകും.

താന്‍ പോലുമറിയാതെ തന്റെ വിശ്വസ്തനായ റോഷി അഗസ്റ്റിനെ സിപിഎം ഹൈജാക്ക് ചെയ്തു എന്ന തിരിച്ചറിവില്‍ കടുത്ത രോഷത്തിലാണ് ജോസ് കെ മാണി. വര്‍ഗീസിനെതിരെ നടപടി വേണമെന്ന കര്‍ശന ആവശ്യം ജോസ് മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. വിഷയത്തില്‍ റോഷി അഗസ്റ്റിന്‍ പ്രതികരിക്കുന്നുമില്ല. ഈ വിഷയം കേരളാ കോണ്‍ഗ്രസ് എം വിശദമായി ചര്‍ച്ച ചെയ്യും. മുന്നണി മര്യാധകളുടെ ലംഘനം ഉണ്ടായെന്നാണ് ജോസ് കെ മാണിയുടെ വിലയിരുത്തല്‍.

ജോസ് കെ മാണി മുന്നണി വിടാന്‍ ഒരുങ്ങിയപ്പോള്‍ റോഷി അഗസ്റ്റിന് 'പിന്‍ബലവും ധൈര്യവും' നല്‍കി കൂടെ നിര്‍ത്തിയത് തങ്ങളാണെന്ന വര്‍ഗീസിന്റെ പ്രസംഗം പുറത്തായതോടെ ജോസ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടി പിളര്‍ത്തിയാണെങ്കിലും റോഷിയെ കൂടെ നിര്‍ത്താന്‍ സിപിഎം കളിച്ച കളി ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. ഇതിനിടെ പണ്ട് ഇടതുമുന്നണിയിലേക്ക് പോയ ജോസിനെ തിരികെ കൊണ്ടുവരാന്‍ യുഡിഎഫ് ക്യാമ്പും സജീവമായിട്ടുണ്ട്. 'പഴയ വിസ്മയം' വീണ്ടും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇടതുമുന്നണിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി ജോസ് പക്ഷത്തിന് നേരത്തെ തന്നെയുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്. തന്റെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച വര്‍ഗീസിനെ വെറുതെ വിടില്ലെന്ന നിലപാടിലാണ് ജോസ്. എന്നാല്‍ റോഷിയെ പുകഴ്ത്തി ജോസിനെ ഒതുക്കാനാണോ സിപിഎം നീക്കമെന്ന സംശയം ശക്തമാണ്.

അവസരം മുതലെടുത്ത് കേരളാ കോണ്‍ഗ്രസിനെ യുഡിഎഫ് പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചതോടെ കേരള രാഷ്ട്രീയത്തില്‍ വരും ദിവസങ്ങള്‍ പ്രവചനാതീതമാകും. മുസ്ലീം ലീഗ് വീണ്ടും സജീവ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ വര്‍ഗ്ഗീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോസ് കെ മാണിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഇത്.

Similar News