പിണറായി സര്‍ക്കാരിന്റെ 'അവസാന അടവ്'; ഖജനാവ് കാലിയാണെങ്കിലും പ്രഖ്യാപനങ്ങള്‍ വാരിക്കോരി ധനമന്ത്രി നല്‍കിയേക്കും; പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പുമോ അതോ വെറും 'തള്ളോ'? പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമപെന്‍ഷന്‍ 2500 ആകുമോ? ജീവനക്കാര്‍ കാത്തിരിക്കുന്നത് ഡി.എ കുടിശ്ശികയ്ക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാഷ്ട്രീയമായ വെല്ലുവിളികള്‍ക്കിടയില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിറയുന്ന ബജറ്റാകും ഇതെന്നാണ് സൂചന.
കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും തനതുവരുമാനം വര്‍ധിപ്പിച്ച് പിടിച്ചുനിന്ന ആത്മവിശ്വാസത്തിലാണ് ധനമന്ത്രി സഭയിലെത്തുന്നത്. സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പദ്ധതികള്‍ക്കൊപ്പം വയോജനക്ഷേമം, പ്രവാസി നിക്ഷേപം, ശാസ്ത്ര ഗവേഷണം എന്നിവയ്ക്കും ഇത്തവണ പ്രത്യേക ഊന്നലുണ്ടാകും.
മദ്യം, ലോട്ടറി, മോട്ടോര്‍ വാഹന നികുതി എന്നിവയെ മാത്രം ആശ്രയിച്ചല്ല കേരളത്തിന്റെ പോക്കെന്നും തനതുവരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധനയുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ മന്ത്രി അവകാശപ്പെട്ടു. അഞ്ചുവര്‍ഷമായി മദ്യത്തിന് വില കൂട്ടിയിട്ടില്ലെന്നും ലോട്ടറി വരുമാനം മൊത്തം വരുമാനത്തിന്റെ മൂന്നു ശതമാനം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രഷറി പൂട്ടുമെന്ന ആശങ്കകളെ ഇല്ലാതാക്കിയതും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതും സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണെന്ന് പറഞ്ഞ മന്ത്രി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും വരും വര്‍ഷങ്ങളില്‍ മുന്‍ഗണനയെന്നും വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് പ്രഖ്യാപനങ്ങളിലെ പൊള്ളത്തരമാണോ അതോ പ്രായോഗികതയാണോ എന്നാണ്.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പട്ടിണിയിലായ ക്ഷേമപെന്‍ഷന്‍കാരെയും ഡി.എ കുടിശ്ശിക കിട്ടാത്ത സര്‍ക്കാര്‍ ജീവനക്കാരെയും തൃപ്തിപ്പെടുത്താന്‍ വലിയ പ്രഖ്യാപനങ്ങള്‍ തന്നെ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഖജനാവ് കാലിയാണെന്ന് പറയുമ്പോഴും ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ ഇന്നുണ്ടാകുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2500 രൂപയിലേക്ക് ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് 62 ലക്ഷം വരുന്ന പാവപ്പെട്ട പെന്‍ഷന്‍കാര്‍. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുമോ എന്നതാണ് പ്രധാന ചോദ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ കുടിശ്ശിക തീര്‍ക്കല്‍, ശമ്പളപരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിന്റെ ഹൈലൈറ്റായേക്കും.
യുവജനങ്ങള്‍ക്ക് സംരംഭകത്വ പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം, അംഗണവാടി-ആശാവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധന എന്നിവയിലൂടെ എല്ലാ വിഭാഗങ്ങളെയും കയ്യിലെടുക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് ഇടതുസര്‍ക്കാര്‍. വയോജന-വനിതാ ക്ഷേമ പദ്ധതികള്‍ വാരിക്കോരി നല്‍കാനാണ് സാധ്യത.
