വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം! ദുരന്തബാധിതരുടെ മുഴുവന്‍ വായ്പാ കുടിശ്ശികകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടിയുടെ ബാധ്യത തീര്‍ക്കുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച്; പുനരധിവാസ പട്ടികയിലുള്ളവര്‍ ഗുണഭോക്താക്കള്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം!
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട കടുംബങ്ങള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദുരന്തബാധിതരുടെ മുഴുവന്‍ വായ്പാ കുടിശ്ശികകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇക്കാര്യം റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പുനരധിവാസ പട്ടികയിലുള്ള കുടുംബങ്ങള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 555 ഗുണഭോക്താക്കളുടെ 18.75 കോടി രൂപയുടെ ബാധ്യതയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച് സര്‍ക്കാര്‍ വീട്ടുന്നത്.
നേരത്തെ ദുരന്തത്തെ 'തീവ്ര സ്വഭാവമുള്ള ദുരന്തം' ആയി കേന്ദ്രം തന്നെ പ്രഖ്യാപിച്ചിട്ടും വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര നിലപാടിനെ അതിശക്തമായാണ് സര്‍ക്കാര്‍ വിമര്‍ശിച്ചത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിലെ 13-ാം സെക്ഷന്‍ പ്രകാരം വായ്പകള്‍ ഒഴിവാക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഭൂമിയും ഉപജീവനവും നഷ്ടപ്പെട്ടവരോട് വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണവും നടത്തിയിരുന്നു.
കടം എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചോടെ ദുരിതബാധിതര്‍ ഗുണഭോക്താക്കളാകും. വീടും സ്ഥലവും പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട 446 കുടുംബങ്ങള്‍,മറ്റ് ഗുണഭോക്തൃ പട്ടികകളില്‍ ഉള്‍പ്പെടാത്ത 12 കുടുംബങ്ങള്‍, വാടക കെട്ടിടത്തില്‍ വ്യാപാരം നടത്തിയ 20 പേരും സ്വന്തം കെട്ടിടത്തില്‍ വ്യാപാരം നടത്തിയ 14 പേരും 2 കെട്ടിട ഉടമകളും ഉള്‍പ്പെടെ 36 പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
വായ്പകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിയുമായി അടിയന്തര ചര്‍ച്ച നടത്തും. 2024 ജൂലൈ 30 മുതലുള്ള പലിശ ഒഴിവാക്കണമെന്നും ദുരന്തബാധിതരുടെ സിബില്‍ സ്‌കോറിനെ ബാധിക്കാത്ത വിധം നടപടികള്‍ ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെടും. കേരളത്തെ മാത്രമല്ല, രാജ്യത്തെ ഏത് സംസ്ഥാനത്ത് ദുരന്തമുണ്ടായാലും കേന്ദ്രത്തിന്റെ പുതിയ നയം വിനയാകുമെന്ന് മന്ത്രി രാജന്‍ ചൂണ്ടിക്കാട്ടി.
