'വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം; പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നില്‍ക്കരുത്'; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി
'വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം
തൊടുപുഴ: ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളോടും മാതാപിതാക്കളോടും സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിയെന്ന് പരാതി. വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത് കൂടാതെ സ്ഥാപനം പൂട്ടിക്കുമെന്ന ഭീഷണിയും സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്നുമാണ്ടായി. ''വേണേല്‍ പഠിച്ചാല്‍ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം.'' എന്നായിരുന്നു സി വി വര്‍ഗീസിന്റെ ഭീഷണി.
മന്ത്രി റോഷി അഗസ്റ്റിന്‍ വാഗ്ദാനം നല്‍കിയ, പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ 16നു സമരം നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസില്‍ നടത്താനിരുന്ന യോഗം, കലക്ടര്‍ ഇല്ലാത്തതിനാല്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്കു മാറ്റുകയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍, 2 അധ്യാപകര്‍, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, 5 വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പാര്‍ട്ടി ഓഫിസിലെ യോഗത്തില്‍ പങ്കെടുത്തു.
പൈനാവിലുള്ള ഹോസ്റ്റല്‍ വിട്ടുകിട്ടണമെന്ന വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യത്തോട് ജില്ലാ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: ''നിങ്ങള്‍ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, ഞങ്ങളുടെ സര്‍ക്കാരാണ് നഴ്‌സിങ് കോളജ് കൊണ്ടുവന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഒരുക്കിത്തരുന്ന താമസസൗകര്യത്തില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഴ്‌സിങ് കോളജ് പാര്‍ട്ടിക്കാര്‍ വേണ്ടെന്നുവയ്ക്കും.''
പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നിന്നാല്‍ നിങ്ങളുടെ 2 വര്‍ഷം പോയിക്കിട്ടുമെന്നും സെക്രട്ടറി പരിഹസിച്ചു. നഷ്ടം വിദ്യാര്‍ഥികള്‍ക്കു മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കടുപ്പിച്ചു പറയുക മാത്രമല്ല വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് ''എന്നെപ്പറ്റി ശരിക്കും അറിയാമോ?'' എന്ന ഭീഷണി മുഴക്കിയെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പ്രവര്‍ത്തനം ആരംഭിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരത്തിന് കേരള ബിഎസ്സി നഴ്‌സിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലും വിവിധ നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികളും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
2023ല്‍ തുടങ്ങിയ കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം അനെക്‌സ് കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അധ്യാപകരോ ഇന്ത്യന്‍ കൗണ്‍സില്‍ അംഗീകാരമോ ഇല്ല എന്നുള്ളത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഴ്‌സിങ് കോളജില്‍ നിന്നു പ്രകടനമായി മെഡിക്കല്‍ കോളജിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി എത്തിയ വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.