250 മില്യണ്‍ ഡോളര്‍ ചെലവില്‍ സ്വര്‍ണം പൂശിയ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിക്കുമ്പോള്‍
വാഷിങ്ടണ്‍: വൈറ്റ്ഹൗസിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി പണിയുന്നതിന്റെ ജോലികള്‍ ആരംഭിച്ചു. പുതിയൊരു ബോള്‍റൂം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊളിച്ചു പണി നടത്തുന്നത്. 250 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് സ്വര്‍ണം പൂശിയ അത്യാഡംബര ബോള്‍റൂം നിര്‍മ്മിക്കുന്നത്. ഇതിനായി വൈറ്റ്ഹൗസിലെ ഈസ്റ്റ് വിംഗാണ് പൊളിക്കുന്നത്. ഇന്നലെ മുതല്‍ ഇതിന്റെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്്. ഒരു നൂറ്റാണ്ടിലേറെയായി വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ ഭാഗമായിരുന്നു ഇത്.
കെട്ടിടം പൊളിക്കുന്നത് കാണാനായി മാധ്യമപ്രവര്‍ത്തകരും വൈറ്റ്ഹൗസിലെ ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. ബോള്‍റൂം പദ്ധതി ആദ്യം പ്രഖ്യാപിച്ചപ്പോള്‍, ഈസ്റ്റ് വിംഗിന്റെ ഒരു ഭാഗമെങ്കിലും കേടുകൂടാതെയിരിക്കുമെന്ന് പ്രസിഡന്റും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. പുതിയ ബോള്‍ റൂം നിര്‍മ്മിക്കുമ്പോള്‍ ഈസ്റ്റ് വിംഗ്ില്‍ തൊടില്ല എന്നും നിലവിലെ മന്ദിരത്തോട് തനിക്ക് വലിയ ആദരവാണ് എന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്. വൈറ്റ്ഹൗസിലെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഈസ്റ്റ് വിംഗ് ആധുനികവത്ക്കരിക്കുമെന്നാണ്.
എന്നാല്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായിട്ടാണ് ഇപ്പോള്‍ ഈ ഭാഗം പൊളിച്ചു നീക്കുന്നത്. ഇന്നലെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് സമാനമായ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ വിശദമാക്കിയത്. വൈറ്റ് ഹൗസില്‍ നിന്ന് പൂര്‍ണ്ണമായും വേറിട്ട് ഈസ്റ്റ് വിംഗ് പൂര്‍ണ്ണമായും നവീകരിക്കപ്പെടുന്നു എന്നും അത് പൂര്‍ത്തിയാകുമ്പോള്‍ എക്കാലത്തേക്കാളും മനോഹരമാകുമെന്നാണ് ട്രംപ് കുറിച്ചത്. സ്റ്റേറ്റ് ഡിന്നറുകളും മറ്റ് ഔപചാരിക പരിപാടികളും ഉള്‍ക്കൊള്ളുന്നതിനായി 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഗംഭീരമായ ബോള്‍റൂം നിര്‍മ്മിക്കാനുള്ള പദ്ധതി ജൂലൈയില്‍ ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിന്റെ ആഡംബരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി സ്വകാര്യ ധനസമാഹരണവും നടത്തുന്നുണ്ട്. ട്രംപ് തന്നെ അതില്‍ പങ്കാളിയാകും. സിലിക്കണ്‍ വാലിയിലെ വമ്പന്‍മാര്‍, ആപ്പിള്‍, ഗൂഗിള്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ടെലികോം ദാതാവ് ടി-മൊബൈല്‍ എന്നിവര്‍ ധനസഹായം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഈസ്റ്റ് വിംഗ്, 1902 ല്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റിന്റെ ഭരണകാലത്താണ് നിര്‍മ്മിച്ചത്. തുടക്കത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന കവാടമായി പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ഘടനയായിട്ടാണ് ഇത് നിര്‍മ്മിച്ചത്.
അതിനുശേഷം ഇത് വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു.് 1942-ല്‍ പ്രഥമ വനിതയായിരുന്ന എലീനര്‍ റൂസ്വെല്‍റ്റിനും അവരുടെ ജീവനക്കാര്‍ക്കും ഓഫീസുകള്‍ നല്‍കുന്നതിനായി രണ്ടാമത്തെ നില കൂടി നിര്‍മ്മിച്ചു. ട്രംപ് കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ ബോള്‍റൂം നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന ശതകോടീശ്വരന്മാര്‍ക്കും കമ്പനി എക്സിക്യൂട്ടീവുകള്‍ക്കുമായി ഒരു അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഈയിടെ വൈറ്റ് ഹൗസില്‍ രണ്ട് ലൂസിയാന സ്റ്റേറ്റ് ബേസ്ബോള്‍ ടീമുകള്‍ക്ക് വിരുന്ന് നല്‍കിയ വേളയിലും ട്രംപ് പുതിയ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
അമേരിക്കയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. എന്നിട്ടും ഇത്രയും പണം മുടക്കി ബോള്‍റൂം നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശനം ഉയരും എന്ന കാര്യം ഉറപ്പാണ്. ആയിരം പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ബോള്‍റൂമില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഘടിപ്പിക്കാനാണ് തീരുമാനം.