'നല്ലകാര്യം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം'; കോഴിക്കോട് ന്യൂ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; വിമര്‍ശനം ഉന്നയിച്ചത് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കരിദിനം ആചരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും വ്യാപാരികള്‍ പ്രതിഷേധിച്ചതോടെ

'നല്ലകാര്യം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം'

Update: 2025-10-21 05:59 GMT

കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താന്‍ കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനിടെയാണ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.

പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ടനര്‍ഷിപ്പിലാണ് മാര്‍ക്കറ്റ് എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിത്. വലിയ തോതിലുള്ള സൗകര്യം ഉയര്‍ന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ചില വമര്‍ശനവും ഉന്നയിച്ചു.

'വലിയ തോതിലുള്ള സൗകര്യം ഉയര്‍ന്നുവരുന്നു എന്നതാണ് ഇവിടെ കാണേണ്ടത്. എന്നാല്‍ നല്ലകാര്യം ചെയ്താല്‍ അത് അഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമാണ്. അത് തെറ്റാണ് ചിന്തിക്കുന്ന തരത്തില്‍ ചിലരുണ്ട്. നല്ലകാര്യം ചെയ്യുമ്പോള്‍ എല്ലാവരും ഒത്തുചേരണം. എന്നാല്‍ ഞങ്ങളില്ലെന്ന് ചിലര്‍ നേരത്തെ പറയും. പക്ഷേ കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലായി തുടങ്ങി. ഞങ്ങളില്ല എന്ന് പറഞ്ഞവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നല്ല കാര്യത്തെ തള്ളി പറയുന്നതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് അറിയില്ല. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പദ്ധതി അല്ലല്ലോ', മുഖ്യമന്ത്രി. പറഞ്ഞഉ.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരം നടക്കും. മത്സരം കഴിയുന്നതോടെ ആരാണ് ഭരണ നേതൃത്വത്തില്‍ വരുന്നത് എന്ന് നോക്കി അംഗീകരിക്കും. തെരഞ്ഞെടുത്തു കഴിഞ്ഞു വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടവരും വിജയിച്ചവരും താല്‍പര്യം കാണിക്കേണ്ടതല്ലേ. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രതിപക്ഷം വിമര്‍ശിക്കണം. പാര്‍ലമെന്റ്‌റി നടപടിക്രമത്തിന്റെ രീതിയാണ്. നിങ്ങള്‍ പ്രതിപക്ഷമാണ് എന്നുള്ളതുകൊണ്ട് എല്ലാ കാര്യത്തിനും എതിര്‍ക്കാനാണോ ശ്രമിക്കേണ്ടത്? നിര്‍ഭാഗ്യവശാന്‍ കേരളത്തില്‍ ഈ പ്രവണത ശക്തിപ്പെട്ടവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്‍മുന്നിലുള്ള നേട്ടങ്ങളും പുരോഗതിയും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ നേട്ടങ്ങള്‍ നാട് കാണുന്നുണ്ട്. തങ്ങള്‍ക്ക് നേട്ടമുണ്ടായിട്ടില്ലെന്നാണ് പറയുന്നതെങ്കില്‍ അത് ശരിയായിരിക്കും. ഏതെങ്കിലും പ്രത്യേക ആളുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയല്ല നാടിനു വേണ്ടിയാണ് ഭരണസംവിധാനം. തങ്ങള്‍ക്ക് സ്വാര്‍ത്ഥലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ല. എന്ന ചിന്തയാണ് അതിന് പിന്നില്‍. പക്ഷേ ബഹുജനങ്ങള്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ തിരിച്ചറിയുന്നു എന്നത് സന്തോഷകരമാണ്. ഈ കാര്യങ്ങളില്‍ എതിര്‍ക്കുന്നവരെ ബഹുജനങ്ങള്‍ മനസിലാക്കുക എന്നത് മാത്രമാണ് കാര്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ന്യൂ പാളയം മാര്‍ക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ നമ്മുടെ നാട്ടില്‍ സ്വീകരിക്കാവുന്ന തുടരാവുന്ന ഒരു പദ്ധതിയുടെ രീതിയാണ് ഇത്. സ്വകാര്യപങ്കാളിത്തം വരുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ കയ്യിലുള്ള പണം ഒരു പൊതുവായ ആവശ്യത്തിന് വിനിയോഗിക്കുമ്പോള്‍ ഒരു നിക്ഷേപം വരുമ്പോള്‍ ഒരു പദ്ധതിയായി നടപ്പിലാക്കപ്പെടുമ്പോള്‍ അതിന്റെ ഭാഗമായി ഗുണമനുഭവിക്കുന്നവര്‍ നിരവധി പേരാണ്. കയ്യിലുള്ള പണം ബാങ്കില്‍ കിടന്നാല്‍ ഇത്തരം സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാവില്ല. ഈ പദ്ധതി നല്ല മാതൃകയാണ്. ആ നല്ല മാതൃക പിന്തുടരാന്‍ ഉള്ള പ്രചോദനമായി ഈ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ മാര്‍ക്കറ്റില്‍ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. പുതിയ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കുന്നതിടെയാണ് വ്യാപാരികളും തൊഴിലാളികളും പാളയത്ത് പ്രതിഷേധിക്കുന്നത്. കരിദിനം ആചരിച്ചാണ് വ്യാപാരികളുടെ പ്രതിഷേധം.

ന്യൂ മാര്‍ക്കറ്റിലേക്ക് മാറാന്‍ തയ്യാറല്ലെന്നും ന്യൂ മാര്‍ക്കറ്റ് ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നതെന്നു പ്രതിഷേധിക്കുന്ന വ്യാപാരികള്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരികള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. അതേസമയം മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വികസനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരല്ല. പ്രശ്നങ്ങള്‍ വ്യാപരികളുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികളുമായി ആലോചനകള്‍ നടത്താതെയാണ് പുതിയ മാറ്റങ്ങള്‍. കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി പോവുന്നത് ശരിയല്ല എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News