പിതാവിന്റെ ക്യാന്‍സര്‍ വിവരങ്ങളെ കുറിച്ച് ഒന്നുമറിയില്ല; ഫോണ്‍ വിളിച്ചാല്‍ ചേട്ടന്‍ എടുക്കില്ല; ഹാരി പരാതിപ്പെടുമ്പോള്‍ വില്യമിന്റെ പരാതി ഹാരിക്ക് യുക്രൈന്‍ സന്ദര്‍ശാനുമതി കൊടുത്തതിന്: ബക്കിങ്ങാം കൊട്ടാരത്തിലെ അടിപിടി തുടരുന്നു
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ കലഹം കൂടുതല്‍ ശക്തമാവുകയാണെന്നാണ് ഹാരിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. ചാള്‍സ് രാജാവിന്റെ കാന്‍സര്‍ രോഗത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ ഹാരിയെ ഒന്നും അറിയിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, ജേഷ്ഠന്‍ വില്യം രാജകുമാരന്‍ ഉള്‍പ്പടെയുള്ളവര്‍ ഹാരിയുടെ ഫോണ്‍ വിളികളോട് പ്രതികരിക്കുന്നുമില്ലത്രെ. ഹാരിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കയിലെ പീപ്പിള്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാരിയും ചാള്‍സ് രാജാവും തമ്മില്‍ കണ്ടിരുന്നു. ഏകദേശം 30 മിനിറ്റോളം നീണ്ട ആ കൂടിക്കാഴ്ചയിലായിരുന്നു അവര്‍ തമ്മില്‍ അവസാനമായി മുഖാമുഖം കണ്ടത്. അതിനു ശേഷവും, ബന്ധുക്കള്‍ക്കുള്ള ഫോണ്‍ വിളികള്‍ക്കും കത്തുകള്‍ക്കും ഹാരിക്ക് മറുപടി ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ തന്റെ പിതാവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഹാരി അറിഞ്ഞത് മാധ്യമങ്ങളില്‍ കൂട് ആയിരുന്നത്രെ. അക്കാര്യം പോലും കൊട്ടാരത്തില്‍ നിന്നും ഹാരിയെ നേരിട്ട് അറിയിച്ചിരുന്നില്ല.
ബ്രിട്ടനിലെത്തുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹാരി നല്‍കിയ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഹാരി കഴിഞ്ഞയാഴ്ച രണ്ട് നാള്‍ ലണ്ടനില്‍ ഉണ്ടായിരുന്നു. അല്‍ക്വയ്ദ ഉള്‍പ്പടെ പലരുടെയും നോട്ടപ്പുള്ളിയാണ് ഹാരിയെന്നും അതുകൊണ്ടു തന്നെ ഹാാരിക്കും മേഗനും മക്കള്‍ക്കും ഔദ്യോഗിക സംരക്ഷണം ആവശ്യമാണെന്നുമായിരുന്നു ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് റോയല്‍ ആന്‍ഡ് പബ്ലിക് ഫിഗേഴ്സ് (റാവെക്) തന്റെ സംരക്ഷണം നീക്കം ചെയ്തത് തികച്ചും അനീതികരമാണെന്ന് ഹാരിയും പറഞ്ഞിരുന്നു. എന്നാല്‍, കമ്മിറ്റി അതിന്റെ വിവേചനാധികാരം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്.
ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയാകാതിരിക്കാനാണ് രാജാവ് ഹാരിയില്‍ നിന്നും ബോധപൂര്‍വ്വമായി അകലം പാലിക്കുന്നത് എന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിലവിലെ കേസില്‍ ഹാരി ഏറ്റുമുട്ടുന്നത് രാജാവിന്റെ ഉത്തരവുകള്‍ നടപ്പാക്കേണ്ടവരുമായിട്ടാണെന്ന് ഗ്രന്ഥകര്‍ത്താവായ സാലി ബേഡെല്‍ സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സാഹചര്യത്തില്‍, തീരെ നിഷ്‌കളങ്കമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും രാജാവ് പറഞ്ഞാല്‍ അത് കോടതിയിലെ കേസിനെ ബാധിക്കും.
അതേസമയം ഹാരിയുടെ യുക്രെയിന്‍ സന്ദര്‍ശനത്തില്‍ സഹോദരന്‍ വില്യം രാജകുമാാരന്‍ രോഷാകുലനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. നേരത്തെ സമാനമായ ഒരു യാത്ര തനിക്ക് നിഷേധിച്ച കൊട്ടാരം ഉദ്യോഗസ്ഥര്‍ക്ക് മേലാണ് വെയില്‍സിലെ രാജകുമാരന്റെ അരിശം. യുക്രെയിന്‍ സന്ദര്‍ശനവേളയില്‍ ഹാരി, പരിക്കേറ്റ നിരവധി പട്ടാളക്കാരെ സന്ദര്‍ശിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രെയിനില്‍ പോയ ഹാരിക്ക് എങ്ങനെയാണ് ബ്രിട്ടനില്‍ സുരക്ഷിതനല്ല എന്ന് പറയാന്‍ കഴിയുക എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
സുരക്ഷാ കാരണങ്ങളാലായിരുന്നു വില്യം രാജകുമാരന് യുക്രെയിനിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ ജീവനക്കാരോട് വില്യംതന്റെ അതൃപ്തി രേഖപ്പെടുത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം യുക്രെയിന്റെ അയല്‍രാജ്യമായ എസ്റ്റോണിയ വില്യം സന്ദര്‍ശിച്ചിരുന്നു. യുക്രെയിന്‍ സന്ദര്‍ശിക്കാന്‍ അതിയായ മോഹം ആ സമയത്തും വില്യം പ്രകടിപ്പിച്ചിരുന്നു.