മരണത്തിന് ശേഷം ആത്മാവ് ജീവിക്കുമോ? ശരീരം ഇല്ലാതായാല്‍ ജീവന്‍ എങ്ങോട്ട് പോകും? മനുഷ്യന്‍ ആരംഭകാലം മുതല്‍ നേരിടുന്ന സുപ്രധാന ചോദ്യത്തിന് ഉത്തരവുമായി ശാസ്ത്രജ്ഞര്‍: മരണാന്തര ജീവിതത്തെ കുറിച്ചുള്ള ഒടുവിലത്തെ കണ്ടെത്തല്‍ ഇങ്ങനെ

Update: 2025-04-16 07:57 GMT

രണം മനുഷ്യന് അനിവാര്യമാണ് എങ്കിലും അത് എക്കാലത്തും ഒരു മനസിലാക്കാന്‍ കഴിയാത്ത പ്രതിഭാസമായി തുടരുകയാണ്. മരണത്തിനപ്പുറം ജീവിതമുണ്ടോ ? നമ്മള്‍ മരിച്ചതിന് ശേഷവും ആത്മാവ് ജീവിക്കുമോ? ശരീരം ഇല്ലാതായാല്‍ ആത്മാവ് എങ്ങോട്ട് പോകും? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് മനുഷ്യന്‍ ആരംഭകാലം മുതല്‍ നേരിടുന്ന പ്രധാന ചോദ്യങ്ങള്‍. ഇപ്പോള്‍ ഇതിനെല്ലാം ഉത്തരങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ 2023-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം അമേരിക്കയിലെ മുതിര്‍ന്നവരില്‍ 83 ശതമാനം പേരും മനുഷ്യാത്മാക്കള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മള്‍ മരിക്കുമ്പോള്‍, നമ്മുടെ മരണമില്ലാത്ത ആത്മാവ് അതിജീവിക്കുകയോ പുനര്‍ജന്മം നേടുകയോ ചെയ്യുന്നുവെന്നാണ് പല മതങ്ങളും വിശ്വസിക്കുന്നത്.

ഇക്കാര്യത്തില്‍ ശാസ്ത്രീയമായ ഒരു സമവായം ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും, ചര്‍ച്ചകള്‍ തുടരുകയാണ്. നമ്മുടെ മാംസത്തിനും അസ്ഥിക്കും അപ്പുറം ആത്മാക്കള്‍ നിലനില്‍ക്കുമെന്നതിന് തെളിവുണ്ടെന്നാണ് പല ശാസ്ത്രജ്ഞരും തത്ത്വചിന്തകരും വാദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍, അരിസോണ സര്‍വകലാശാലയിലെ അനസ്തേഷ്യോളജിസ്റ്റും പ്രൊഫസറുമായ ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫ്, ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്ന രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ആത്മാവ് ശരീരം വിട്ടുപോകുന്നു എന്നതിന്റെ തെളിവാണെന്ന് കാണിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. എന്നാല്‍ മരണാനന്തരം എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് പല വിദഗ്ധരും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്.

അരിസോണ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ന്യൂറോ സയന്റിസ്റ്റായ ഡോ. മാരിയോ ബ്യൂറെഗാര്‍ഡ്, തന്റെ 'ദി സ്പിരിച്വല്‍ ബ്രെയിന്‍: എ ന്യൂറോ സയന്റിസ്റ്റ്സ് കേസ് ഫോര്‍ ദി എക്സിസ്റ്റന്‍സ് ഓഫ് ദി സോള്‍' എന്ന പുസ്തകത്തില്‍ മരണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയാണ്. 2006-ല്‍ റോമന്‍ കത്തോലിക്കാസഭയിലെ കാര്‍മലൈറ്റ് വിഭാഗത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെക്കുറിച്ച് അദ്ദേഹം നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഇവരുടെ എം.ആര്‍.ഐ സ്‌ക്കാന്‍ എടുക്കുന്ന വേളയില്‍ ഇവര്‍ക്ക് ദൈവവുമായി കൂടിച്ചേരുന്നത് പോലെയുള്ള അതീന്ദ്രിയമായ ഒരനുഭവം ഉണ്ടായി എന്നാണ് വെളിപ്പെടുത്തിയത്.

ഈ സന്ദര്‍ഭത്തില്‍ അവരുടെ തലച്ചോറിന്റെ ഒരു ഡസനോളം മേഖലകള്‍ കൂടുതല്‍ സജീവമാകുന്നതായി ബ്യാൂറേഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഈ അനുഭവങ്ങള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത് ഇതിന് അലൗകികമായ ഒരു തലം ഉണ്ടെന്നും അത് ആത്മാവിനെയാണ് സൂചിപ്പിക്കുന്നത് എന്നുമാണ്. കഴിഞ്ഞ മാസം അന്തരിച്ച പ്രമുഖ മനശാസ്ത്രജ്ഞനായ പ്രൊഫസര്‍ ചാള്‍സ് ടേര്‍ട്ട് തന്റെ ദി സീക്രട്ട്് സയന്‍സ് ഓഫ് ദി സോള്‍ എന്ന ഗ്രന്ഥത്തില്‍ ഈ മേഖലയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാരാസൈക്കോളജിയുടെ ആധികാരികതയെ പലരും തള്ളിപ്പറയുന്നു എങ്കിലും ഒരു വ്യക്തിക്ക് അവരുടെ ഭൗതിക ശരീരത്തില്‍ നിന്ന് വേറിട്ട ഒരു ആത്മാവുണ്ടെന്നതിന്റെ സൂചനകളായി താന്‍ നടത്തിയ പല പരീക്ഷണങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ തത്ത്വശാസ്ത്ര-നിയമ പ്രൊഫസറായ തോമസ് നാഗല്‍ ആത്മാക്കള്‍ ഉണ്ടെന്ന് വാദിക്കുന്ന വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. നിര്‍ജീവ വസ്തുക്കള്‍ക്ക് പോലും ബോധം ഉണ്ടെന്നും അതിന്റെ ഭൗതിക അവസ്ഥയ്ക്ക് പുറത്ത് ഒരു മനസ്സുണ്ട് എന്നുമാണ് അ്ദ്ദേഹം വാദിക്കുന്നത്. പ്രമുഖ മനോരോഗ വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. ജെഫ്രി ഷ്വാര്‍ട്സ് പറയുന്നത് മനുഷ്യന്‍ എന്നാല്‍ ശരീരവും തലച്ചോറും മാത്രമല്ല എന്നാണ്. ഇതിനര്‍ത്ഥം മറ്റൊരു ഘടകം നിലനില്‍ക്കാം എന്നാണ്.് അവരുടെ ആത്മാവ് തന്നെ ആയിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ആത്മാവ് എന്നൊരു കാര്യം ഇല്ലേയില്ല എന്നാണ് മറ്റൊരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്.

പെന്‍സില്‍വാനിയയിലെ കിംഗ്സ് കോളേജിലെ വില്‍ക്സ് ബാരെയിലെ തത്ത്വശാസ്ത്ര പ്രൊഫസറായ ഡേവിഡ് കൈല്‍ ജോണ്‍സണ്‍ ആണ് ഇവരില്‍ പ്രമുഖന്‍. ഡൂ സോള്‍സ് എക്സിസ്റ്റ് എന്നൊരു പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആത്മാവിന് ഒന്നും ചെയ്യാനില്ലെന്നും അതിനാല്‍ അത് ഉണ്ടെന്ന് കരുതാന്‍ ഒരു കാരണവുമില്ലെന്നും ന്യൂറോ സയന്‍സ് തെളിയിച്ചിട്ടുള്ളതായി അദ്ദേഹം വാദിക്കുന്നു. ഏതായാലും മനുഷ്യനുള്ള കാലത്തോ ളം തന്നെ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളും തുടരും എന്ന് ഉറപ്പാണ് കാരണം മരണവും മരണാനന്തര ജീവിതവും ഇപ്പോഴും മനുഷ്യന് ഒരിക്കലും പിടികിട്ടാത്ത ഒരു പ്രഹേളികയാണ്.

Tags:    

Similar News