വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷം

വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം

Update: 2025-04-21 13:51 GMT

വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമികളായ പോപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത വഴി സ്വീകരിച്ചതിനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലോകം കൈയ്യടിച്ചത്. ഇത്രയേറെ സാധാരണക്കാരുടെ ജീവിതം പിന്തുടര്‍ന്ന ഒരു പോപ്പ് ഇതിന് മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തിയാവില്ല. വിവിധ വിഷയങ്ങളില്‍ കൈക്കൊള്ളുന്ന വ്യത്യസ്ത നിലപാടുകള്‍ തന്റെ പൗരോഹിത്യ ജീവിതത്തിലും പിന്തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. മരണാനന്തരം നടക്കുന്ന ചടങ്ങുകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ രോഗാവസ്ഥയിലായിരുന്നപ്പോള്‍ അതിനെക്കുറിച്ചും അദ്ദേഹം വ്യക്തമായി തന്നെ വിശദീകരിച്ചിട്ടുണ്ട്.

അത്തരത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കനുസരിച്ച് പോപ്പിന്റെ മരണാനന്തരച്ചടങ്ങുകള്‍ നടക്കുമ്പോള്‍ അവിടെയും അദ്ദേഹം എഴുതിച്ചേര്‍ക്കുന്നത് പുതുചരിത്രം തന്നെയാണ്. തന്റെ അവസാന നാളുകളില്‍, പോപ്പ് തന്റെ മരണാനന്തരച്ചടങ്ങുള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. 21 പുതിയ കര്‍ദ്ദിനാള്‍മാരെ നിര്‍ദ്ദേശിക്കുകയും അവര്‍ക്ക് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിനുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഒരു പുതിയ ആചാരം ആരംഭിക്കും- എന്നാണ് തന്റെ ശവസംസ്‌കാരം ലളിതമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് അദ്ദേഹം ലോകത്തോട് പറഞ്ഞത്.

'റോമന്‍ പാപ്പയുടെ ശവസംസ്‌കാരം ഒരു ഇടയന്റെയും ക്രിസ്തുശിഷ്യന്റെയും ശവസംസ്‌കാരമാണെന്നും ഈ ലോകത്തിലെ ശക്തനായ ഒരു മനുഷ്യന്റെതല്ലെന്നും കൂടുതല്‍ ഊന്നിപ്പറയാന്‍' ഉദ്ദേശിച്ചാണ് പാപ്പയുടെ ശവസംസ്‌കാര നടപടിക്രമം പിന്‍വലിക്കുന്നതെന്ന് ആരാധനാക്രമങ്ങളുടെ മാസ്റ്റര്‍ മോണ്‍സിഞ്ഞോര്‍ ഡീഗോ റാവെല്ലി വ്യക്തമാക്കി




വത്തിക്കാന് പുറത്ത് സംസ്‌കരിക്കുന്ന ആദ്യ പോപ്പ്..ചടങ്ങില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍

വത്തിക്കാന് പുറത്ത് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. മുന്‍ഗാമികളെപ്പോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സംസ്‌കാര ചടങ്ങ് വേണ്ടെന്ന നിര്‍ദ്ദേശമാണ് മാര്‍പാപ്പ മുന്നോട്ടുവച്ചത്. മാര്‍പാപ്പയുടെ പ്രിയപ്പെട്ട ദേവാലയമാണ് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്ക. വിദേശയാത്രയ്ക്കും പോകുന്ന വേളകളിലും പ്രത്യേക അവസരങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ചടങ്ങുകള്‍ ലളിതമായിരിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.




പാപ്പാ റോമില്‍ ആയിരിക്കുമ്പോഴെല്ലാം ഞായറാഴ്ച രാവിലെ സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ പോവുന്നത് പതിവാണ്. മാര്‍പ്പാപ്പ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു സാധാരണ കല്ലറയാണ്. മെക്സിക്കന്‍ മാധ്യമമായ എന്‍ പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ ബറിടം നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാക്കുന്നതോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം പരമ്പരാഗത മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്നുള്ള ഒരു സുപ്രധാന മാറ്റം തന്നെയായിരിക്കും.ഒരു നൂറ്റാണ്ടിലേറെയായി വത്തിക്കാന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ മാര്‍പ്പാപ്പ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാകും.

90 ഓളം പോപ്പുകളുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സിന് താഴെയുള്ള ഗ്രോട്ടോകളില്‍ അടക്കം ചെയ്യുന്നതിനുപകരം, റോമിലെ എസ്‌ക്വിലിനോ പരിസരത്തുള്ള സാന്താ മരിയ മാഗിയോറിന്റെ ബസിലിക്കയിലായിരിക്കും അദ്ദേഹത്തെ സംസ്‌കരിക്കുക. സംസ്‌കാര ചടങ്ങുകളിലെ മറ്റൊരു പ്രധാന മാറ്റം അടക്കം ചെയ്യുന്ന രീതിയാണ്. ചരിത്രപരമായി, സൈപ്രസ്, സിങ്ക്, എല്‍മ് എന്നിവ കൊണ്ടു നിര്‍മിച്ച മൂന്ന് പേടകങ്ങളിലായാണ് മാര്‍പാപ്പമാരെ അടക്കം ചെയ്തിരുന്നത്. പക്ഷെ ഇത്തവണ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച്, ഫ്രാന്‍സിസ് മാര്‍പാപ്പയെ സിങ്ക് പാളികളുള്ള ഒരൊറ്റ മരപ്പേടകത്തിലാകും അടക്കം ചെയ്യുക സംസ്‌കാര ചടങ്ങില്‍, പോപ്പിന്റെ മുഖത്ത് വെളുത്ത സില്‍ക്ക് തുണി വിരിച്ച ശേഷം പേടകം മുദ്രവെക്കുന്നത് പതിവാണ് - ഇത് ജീവിതത്തില്‍ നിന്ന് നിത്യതയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന പ്രതീകാത്മക ചടങ്ങാണ്.

കൂടാതെ, അദ്ദേഹത്തിന്റെ ഭരണകാലത്ത് അച്ചടിച്ച നാണയങ്ങളടങ്ങിയ ഒരു ബാഗും പോപ്പിന്റെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന റൊജിറ്റോ എന്ന രേഖയും പേടകത്തിനുള്ളില്‍ സ്ഥാപിച്ചേക്കാം.പേടകം മുദ്രവെക്കുന്നതിന് മുമ്പ് റൊജിറ്റോ പരസ്യമായി വായിക്കുന്നതും പാരമ്പര്യത്തിന്റെ ഭാഗമാണ്. മരണം സ്ഥീരികരിച്ച് കഴിഞ്ഞാല്‍ മാര്‍പാപ്പയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെള്ള കാസക്ക് ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരപ്പേടകത്തില്‍ കിടത്തും. ആചാരപരമായ ആദരവവും തുടര്‍ച്ചയും ഉറപ്പാക്കുന്ന നടപടിയാണിത്. അദ്ദേഹത്തിന്റെ മിത്റയും പാലിയവും മാറ്റിവയ്ക്കുമെന്നും ചുവന്ന തിരുവസ്ത്രങ്ങള്‍ അണിയിക്കുമെന്നും വത്തിക്കാന്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.




മാര്‍പാപ്പയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കുന്നതാണ് ഈ കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.മുന്‍കാല പാരമ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി,എംബാം ചെയ്ത ശരീരം ഉയര്‍ത്തിയ പീഠത്തിലോ കാറ്റാഫാള്‍ക്കിലോ സ്ഥാപിക്കില്ല. മറിച്ച് പേടകത്തില്‍ തന്നെ സൂക്ഷിക്കാനാണ് സാധ്യത.ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലാളിത്യത്തോടുള്ള മുന്‍ഗണനയും മരണാനന്തര ചടങ്ങുകള്‍ ആര്‍ഭാടരഹിതമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും മാനിച്ചാണ്.

സംസ്‌കാരച്ചടങ്ങുകളും പുതിയ പോപ്പിനെ കണ്ടെത്തുന്നതിനുള്ള ഒരുക്കവും

പരമ്പരാഗതമായി, മാര്‍പാപ്പയുടെ സംസ്‌കാരം മരണശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടക്കുക.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യത്തില്‍, മരണശേഷം നാലോ ആറോ ദിവസത്തിനകം സംസ്‌കാരം നടക്കുമെന്നും തുടര്‍ന്ന് ഒന്‍പത് ദിവസം വരെ റോമിലെ വിവിധ പള്ളികളില്‍ അനുബന്ധ ചടങ്ങുകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍.സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അടുത്ത പ്രധാന ഘട്ടം മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആണ്.മാര്‍പാപ്പയുടെ മരണശേഷം 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് സാധാരണയായി ചേരും.

ഈ ഇടക്കാലയളവില്‍, സഭയുടെ താല്‍ക്കാലിക മേല്‍നോട്ടം വഹിക്കുന്ന കര്‍ദിനാള്‍ സംഘം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ തയ്യാറെടുക്കും.കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ ആയ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്ററെ കോണ്‍ക്ലേവിന് അധ്യക്ഷത വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ 80 വയസ്സ് കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന് വോട്ടവകാശമുണ്ടായിരിക്കില്ല.ഈ സാഹചര്യത്തില്‍, സബ്-ഡീനോ പ്രായം കുറഞ്ഞ മുതിര്‍ന്ന കര്‍ദിനാളോ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.നിലവില്‍ 252 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്.അതില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്.മറ്റുള്ളവര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരായതിനാല്‍ തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.എന്നിരുന്നാലും ആരെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ക്ക് പങ്കുചേരാം.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒന്നിലധികം വോട്ടെടുപ്പ് റൗണ്ടുകള്‍ ഉള്‍പ്പെടുന്നു. ഒരു റൗണ്ടിലും സ്ഥാനാര്‍ഥിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍,ബാലറ്റുകള്‍ ശേഖരിച്ച് കത്തിക്കും.ചിമ്മിനിയില്‍ നിന്ന് പുറത്തുവരുന്ന പുകയിലൂടെയാണ് ഫലം സൂചിപ്പിക്കുന്നത്.കറുത്ത പുകയാണെങ്കില്‍ തീരുമാനം ആയിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നും അര്‍ഥമാക്കുന്നു.

ആര്‍ക്കാണ് മാര്‍പാപ്പ ആകാന്‍ കഴിയുക?

സൈദ്ധാന്തികമായി, മാമ്മോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്കാ പുരുഷനെയും പോപ്പ് ആകാനുള്ള തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാം. എന്നാല്‍, പ്രായോഗികമായി, കര്‍ദ്ദിനാള്‍മാര്‍ അവര്‍ക്കിടയിലെ ഒരാളെയാണ് തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നത്. 2013-ല്‍ നടന്ന മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് പോപ്പ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ലോകത്തിലെ കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായി അദ്ദേഹം മാറി. എന്നാല്‍ ചരിത്രപരമായ മുന്‍വിധി സൂചിപ്പിക്കുന്നത് കര്‍ദ്ദിനാള്‍മാര്‍ ഒരു യൂറോപ്യന്‍, പ്രത്യേകിച്ച് ഒരു ഇറ്റാലിയന്‍, വ്യക്തിയെ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട 266 പോപ്പുമാരില്‍ 217 പേരും ഇറ്റലിയില്‍ നിന്നുള്ളവരാണ്.

തെരഞ്ഞെടുപ്പ് എങ്ങിനെ? എന്താണ് കോണ്‍ക്ലേവ്?

മാര്‍പാപ്പ മരിക്കുമ്പോള്‍ അല്ലെങ്കില്‍ രാജിവയ്ക്കുമ്പോള്‍ കര്‍ദ്ദിനാള്‍മാരെ വത്തിക്കാനില്‍ ഒരു യോഗത്തിലേക്ക് വിളിപ്പിക്കും, തുടര്‍ന്ന് തിരഞ്ഞെടുപ്പ് അറിയപ്പെടുന്നതുപോലെ കോണ്‍ക്ലേവ് നടക്കും. മാര്‍പാപ്പയുടെ മരണത്തിനും പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലയളവില്‍, കര്‍ദ്ദിനാള്‍മാരുടെ കോളേജാണ് സഭയെ ഭരിക്കുന്നത്. മൈക്കലാഞ്ചലോ വരച്ച പ്രശസ്തമായ സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍ വളരെ രഹസ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയിയെ നിര്‍ണ്ണയിക്കുന്നതുവരെ വ്യക്തിഗത കര്‍ദ്ദിനാള്‍മാര്‍ അവരുടെ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നു.



ഈ പ്രക്രിയയ്ക്ക് നിരവധി ദിവസങ്ങള്‍ എടുത്തേക്കാം. മുന്‍ കാലങ്ങളില്‍, വോട്ടെടുപ്പ് ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നിരുന്നു. ചില കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവുകളില്‍ വെച്ച്പോലും മരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് എങ്ങനെ പുരോഗമിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഏക സൂചന, കര്‍ദ്ദിനാള്‍മാരുടെ ബാലറ്റ് പേപ്പറുകള്‍ ദിവസത്തില്‍ രണ്ടുതവണ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക മാത്രമാണ്. കറുപ്പ് പരാജയത്തെ സൂചിപ്പിക്കുന്നു. പരമ്പരാഗത വെളുത്ത പുക പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്നാണ് അര്‍ത്ഥമാക്കുന്നത്.

വെളുത്ത പുക ഉയര്‍ന്നതിനുശേഷം, പുതിയ പോപ്പ് സാധാരണയായി ഒരു മണിക്കൂറിനുള്ളില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് മുകളിലുള്ള ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും.കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ദ്ദിനാള്‍''ഹാബെമസ് പാപം'' ലാറ്റിന്‍ ഭാഷയില്‍ ''നമുക്ക് ഒരു പോപ്പ് ഉണ്ട്''എന്ന വാക്കുകള്‍ ഉപയോഗിച്ചായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.തുടര്‍ന്ന് അദ്ദേഹം പുതിയ പോപ്പിനെ താന്‍ തിരഞ്ഞെടുത്ത പേപ്പല്‍ നാമത്തില്‍ പരിചയപ്പെടുത്തും.അത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായിരിക്കുകയോ അല്ലായിരിക്കുകയോ

ചെയ്യാം.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനന നാമം ജോര്‍ജ്ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്നായിരുന്നു.എന്നാല്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം വ്യത്യസ്തമായ ഒരു പേര് തിരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Similar News