സൗദിയില്‍ നിന്നും അതിവേഗം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കാശ്മീരിലെത്തിയേക്കും; അമേരിക്കയുടേയും ഇസ്രയേലിന്റേയും പിന്തുണ തുണയാക്കി തിരിച്ചടിക്ക് പദ്ധതിയൊരുക്കും; യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലുള്ളപ്പോള്‍ ആക്രമണം നടത്തിയത് തഹാവൂര്‍ റാണയെ ഡല്‍ഹിയ്ക്ക് നല്‍കിയതിന്റെ പ്രതികാരം; ആ 28 പേരുടെ ജീവന് തിരിച്ചടി ഉടന്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയിലുള്ളപ്പോള്‍ കാശ്മീരില്‍ ആക്രമണം നടത്തി ഭീകരര്‍ നല്‍കുന്നത് തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടു കൊടുത്തതിന്റെ പകയോ? മുംബൈയില്‍ പാക് ഭീകരര്‍ കാട്ടിയതിന്റെ ചുരുള്‍ അഴിക്കാന്‍ ഇന്ത്യ അന്തിമ തെളിവ് വിശദീകരണത്തിലേക്ക് പോകുമ്പോള്‍ തീവ്രവാദികള്‍ വീണ്ടും ഉഗ്രരൂപം കാണിക്കുകായണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ ആവേശകരമായ സ്വീകരണം കിട്ടുമ്പോഴായിരുന്നു പാക് തീവ്രവാദികളുടെ കൂട്ടക്കുരുതി. ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് പിന്തുണയുള്ള ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ലഷ്‌ക്കറെ തൊയ്ബ(എല്‍ഇടി) അനുകൂല സംഘടനയാണ്. ഇവര്‍ തന്നെയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിലേയും ഭീകര ശക്തി. സൈനിക കേന്ദ്രങ്ങളിലെ പാക് ഭീകര സംഘടനകളുടെ ആക്രമണത്തെ സര്‍ജിക്കല്‍ സട്രൈക്കിലൂടെയാണ് ഇന്ത്യ നേരിട്ടിരുന്നത്. ഇതോടെയാണ് രാജ്യത്തെ തീവ്രവാദ ആക്രമണ തോത് കുറഞ്ഞത്. പിന്നീട് കാശ്മീരിലേക്ക് ശക്തമായ ഇടപെടലുകള്‍ എത്തി. കാശ്മീരിനെ ടൂറിസ്റ്റുകളുടെ ഹബ്ബാക്കി മാറ്റി. ഇത് തകര്‍ക്കുകയാണ് തീവ്രവാദ ആക്രമണത്തിന്റെ ലക്ഷ്യം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം നടുങ്ങിയെന്നതാണ് വസ്തുത. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തും. മോദി കശ്മീര്‍ സന്ദര്‍ശിച്ചേക്കും. ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉള്‍പ്പെടെ വിവിധലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിയെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം അന്വേഷണത്തിന് ഉടന്‍ എത്തും. ഇസ്രയേലും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഉടന്‍ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ടിആര്‍എഫ് ഉണ്ടായത്. എല്‍ഇടിയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് ടിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രധാനികള്‍. കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്‌സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്. 2024 ഒക്ടോബര്‍ 20-ന് നടന്ന ഗന്തര്‍ബലിലെ സോനാമാര്‍ഗ് ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.
2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) അനുസരിച്ച് ടിആര്‍എഫിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ടിആര്‍എഫ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുക എന്നിവയിലും ടിആര്‍എഫിന് ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.
ലഷ്‌കറെ തൊയിബയില്‍നിന്നും മറ്റ് ഭീകരവാദ സംഘടനകളില്‍നിന്നുമാണ് ടിആര്‍എഫ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നത്. ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ടിആര്‍എഫിന്റെ സ്ഥാപകന്‍. പാക്കിസ്ഥാനില്‍നിന്നും പ്രവര്‍ത്തിക്കുന്നതിന് ടിആര്‍എഫിന് ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയീദ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 1974 ഒക്ടോബര്‍ 10 ന് ശ്രീനഗറില്‍ ജനിച്ച ഷെയ്ഖ് സജ്ജാദ് ഗുല്ലിനെ 2022 ല്‍ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2022ലെ കണക്കു പ്രകാരം, ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട 172 ഭീകരരില്‍ 108 പേര്‍ ടിആര്‍എഫുമായി ബന്ധമുള്ളവരാണ്. ഗന്ദര്‍ബാലില്‍ നിര്‍മാണ തൊഴിലാളികള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിലും ടിആര്‍എഫ് ആയിരുന്നു. അന്ന് 7 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.