'പോയി മോദിജിയോട് പറയൂ'! അലറി കരഞ്ഞവരോട് ഭീകരര്‍ പറഞ്ഞത് ഇങ്ങനെ; ചെറിയ കുന്നിന്‍ മുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് നാല്പതോളം വിനോദസഞ്ചാരികള്‍; വനമേഖലയില്‍ നിന്നെത്തിയ ഭീകരര്‍ ആളുകളെ വളഞ്ഞ ശേഷം തുരുതുരാ നിറയൊഴിച്ചു; ആദ്യം കരുതിയത് മോക്ഡ്രില്‍ എന്ന്; ദ റെസിസ്റ്റന്‍സ് ഫ്രണ്ട് വെറും 'നിഴല്‍'

Update: 2025-04-23 01:10 GMT
പോയി മോദിജിയോട് പറയൂ! അലറി കരഞ്ഞവരോട് ഭീകരര്‍ പറഞ്ഞത് ഇങ്ങനെ; ചെറിയ കുന്നിന്‍ മുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് നാല്പതോളം വിനോദസഞ്ചാരികള്‍; വനമേഖലയില്‍ നിന്നെത്തിയ ഭീകരര്‍ ആളുകളെ വളഞ്ഞ ശേഷം തുരുതുരാ നിറയൊഴിച്ചു; ആദ്യം കരുതിയത് മോക്ഡ്രില്‍ എന്ന്; ദ റെസിസ്റ്റന്‍സ് ഫ്രണ്ട് വെറും നിഴല്‍
  • whatsapp icon

ശ്രീനഗര്‍: 'സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിയേറ്റു വീണ ഭര്‍ത്താവിനെ കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു അദ്ദേഹം. രക്ഷപ്പെടൂ, രക്ഷപ്പെടൂവെന്ന് അലറിവിളിച്ച് ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നവര്‍ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'പഹല്‍ഗാമിലെ ദുരന്തത്തെ പല്ലവി ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരരോട് പറഞ്ഞപ്പോള്‍ 'പോയി മോദിജിയോട് പറയൂ' എന്നാണ് ഭീകരരില്‍ ഒരാള്‍ മറുപടി തന്നതെന്നും പല്ലവി പറഞ്ഞു. നിരപരാധികളെ ആ ഭീകരര്‍ കണ്ണില്‍ ചോരയില്ലാതെ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളെ പേര് ചോദിച്ചായിരുന്നു ആക്രമണം. കാശ്മീരികളെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. തുടക്കത്തില്‍ അകലെ കേട്ട വെടിയൊച്ച പതിയെ അടുത്തേക്കു വന്നു. അപ്പോഴാണ് മുമ്പിലെ ദുരന്തം അവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. കര്‍ണാടകയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ അടക്കം അവര്‍ വെറുതെ വിട്ടില്ല. ശിവമോഗയിലെ അറിയപ്പെടുന്ന വ്യവസായിയായ മഞ്ജുനാഥിനെ ഭാര്യ പല്ലവിയുടെ മുന്നില്‍വച്ചാണ് ഭീകരര്‍ വെടിവച്ചു വീഴ്ത്തിയത്. ഏപ്രില്‍ 19നാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. മകന് വിശന്നപ്പോള്‍ മഞ്ജുനാഥ് ഭക്ഷണം വാങ്ങാനായി പോയ സമയത്താണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

നാല്പതോളം വിനോദസഞ്ചാരികളാണ് ആക്രമണസമയത്ത് ചെറിയ കുന്നിന്‍മുകളിലെ ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായിരുന്നത്. പ്രദേശത്തെ വനമേഖലയില്‍നിന്നെത്തിയ ഭീകരര്‍ ആളുകളെ വളഞ്ഞശേഷം തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഭീകരര്‍ കൊടുംക്രൂരത തുടരുന്നതിനിടെ ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പലരും സുരക്ഷ തേടി സമീപസ്ഥലങ്ങളിലേക്കു പാഞ്ഞു. രക്തത്തില്‍ കുളിച്ച നിലയില്‍ വിനോദകേന്ദ്രത്തിലെ പുല്‍മേടില്‍ കിടന്നിരുന്നവരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററും എത്തി.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആര്‍പിഎഫിന്റെയും ലോക്കല്‍ പോലീസിന്റെയും കൂടുതല്‍ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ജമ്മുകാഷ്മീരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി. കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍സംഘടനയാണ് ടിആര്‍എഫ്. സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. ജമ്മുവിലെ കിഷ്താര്‍ വഴിയാണു ഭീകരര്‍ ബൈസരണിലെത്തിയെന്നാണു റിപ്പോര്‍ട്ട്. ബൈസരണിലെ പൈന്‍ മരക്കാട്ടില്‍നിന്നെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരേ പല റൗണ്ട് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ ഏതാനും പേരെ പ്രദേശവാസികള്‍ അവരുടെ കുതിരപ്പുറത്താണ് റോഡിലെത്തിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണമാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാഷ്മീരില്‍ കുടുങ്ങിപ്പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. പഹല്‍ഗാമില്‍ 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.

2000ത്തില്‍ പഹല്‍ഗാമിലെ അമര്‍നാഥ് ബേസ് ക്യാന്പില്‍ ഭീകരാക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം മേഖലയില്‍ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലത്തേത്.

Similar News