'മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല'; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യ

Update: 2025-12-29 06:31 GMT

ഇസ്ലാമാബാദ്: വിവാഹമോചന വാര്‍ത്തയ്ക്കു പിന്നാലെ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ തുറന്നടിച്ച് മുന്‍ ഭാര്യ സാനിയ അഷ്ഫാഖ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പിലാണ് സാനിയ അഷ്ഫാഖിന്റെ വെളിപ്പെടുത്തല്‍. സാനിയയുമായുള്ള തന്റെ വിവാഹംബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇമാദ് വസീം അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തിനെതിരെ സാനിയ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നൈല രാജയുമായി അടുപ്പമുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ ഇമാദ് വാസിമുമായുള്ള ബന്ധം സാനിയ അഷ്ഫാഖ് ഉപേക്ഷിച്ചത്. പല ബുദ്ധിമുട്ടുകള്‍ക്കിടയിലും ദാമ്പത്യ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്ന് അവര്‍ പറഞ്ഞു. 2019 ലാണ് ഇമാദും സാനിയയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്.

''വളരെ വേദന നിറഞ്ഞ ഒരു അവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. എന്റെ കുടുംബം തകര്‍ന്നു, എന്റെ കുട്ടികള്‍ക്ക് അച്ഛനില്ല. മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ. ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല. ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല, പക്ഷേ മൗനത്തെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്.'' സാനിയ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു.

''പല വിവാഹങ്ങളെയും പോലെ, ഞങ്ങളുടെ വിവാഹത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ അത് തുടര്‍ന്നു. ഒരു ഭാര്യയും അമ്മയും എന്ന നിലയില്‍ ഞാന്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ഞങ്ങളുടെ കുടുംബം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു. ഈ വിവാഹം ഒടുവില്‍ അവസാനിപ്പിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു മൂന്നാം കക്ഷിയുടെ ഇടപെടലാണ്. തകര്‍ച്ചയുടെ ഘട്ടത്തിലായിരുന്ന ഒരു ബന്ധത്തിന് അത് അവസാന പ്രഹരമായി മാറി.

ഇതിനെത്തുടര്‍ന്ന്, ഗര്‍ഭിണിയായ സമയത്ത് ഞാന്‍ മാനസിക പീഡനം, മോശം പെരുമാറ്റം, ഗര്‍ഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു. എന്നാല്‍ എന്റെ കുട്ടികള്‍ക്കും എന്റെ കുടുംബത്തിന്റെ അന്തസ്സിനും വേണ്ടി ഞാന്‍ ക്ഷമ തിരഞ്ഞെടുത്തു. വിവാഹമോചന പ്രക്രിയ തന്നെ നിയമപരമായി തര്‍ക്കത്തിലാണ്, ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. സത്യം ശരിയായ വഴികളിലൂടെ കണ്ടെത്തും. എന്നെ നിശബ്ദമാക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവര്‍ അനീതിക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് തിരിച്ചറിയണം.

കൂടാതെ, ഈ വിഷയത്തില്‍ എല്ലാ കുറ്റവാളികള്‍ക്കുമെതിരെ രേഖാമൂലമുള്ള തെളിവുകള്‍ ലഭ്യമാണെന്ന് ഓര്‍ക്കണം. പരസ്യ പ്രസ്താവന നടത്തരുതെന്ന് എന്നെ ഭീഷണിപ്പെടുത്തിയ ഓരോ വ്യക്തിയെയും നിയമപ്രകാരം നേരിടും. ഞാന്‍ ഇന്ന് സംസാരിക്കുന്നത് പ്രതികാരത്തിന്റെ പേരിലല്ല, മറിച്ച് സത്യത്തിന്റെ പേരിലാണ്, എനിക്ക് വേണ്ടിയും, എന്റെ കുട്ടികള്‍ക്കുവേണ്ടിയും, നിശബ്ദതയില്‍ സഹിക്കാന്‍ വിധിച്ച ഓരോ സ്ത്രീക്കും വേണ്ടിയും'' സാനിയ കുറിപ്പില്‍ പറയുന്നു.

കുഞ്ഞുണ്ടായ വിവരം പങ്കുവച്ചുകൊണ്ട് സാനിയ പങ്കുവച്ച കുറിപ്പും വിമര്‍ശനാത്മകമായ സ്വഭാവമുള്ളതായിരുന്നു. ഒന്‍പതു മാസത്തോളം ഒറ്റയ്ക്കാണു കുഞ്ഞിനെ ചുമന്നതെന്നും മുന്നോട്ടുള്ള യാത്രയ്ക്കും ദൈവം ശക്തിതരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. പാക്ക് ക്രിക്കറ്റ് താരവുമൊത്തുള്ള ചിത്രങ്ങളും സാനിയ നീക്കം ചെയ്തിരുന്നു.

ആറു വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 37 വയസ്സുകാരനായ ഇമാദ് വസീം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്. ''വളരെ ആലോചിച്ചതിനുശേഷവും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത ആവര്‍ത്തിച്ചുള്ള തര്‍ക്കങ്ങള്‍ മൂലവുമാണ് ഞാന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.'' ഇമാദ് എഴുതി. പൊതുജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പഴയ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നതോ പങ്കിടുന്നതോ ഒഴിവാക്കണമെന്നും ഞാന്‍ ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു. അവരെ എന്റെ പങ്കാളിയായി പരാമര്‍ശിക്കുന്നത് ഒഴിവാക്കുക. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.'' ഇമാദ് വ്യക്തമാക്കി. ഒരു പിതാവെന്ന നിലയില്‍ തന്റെ മക്കളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതല്‍ 2024 വരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ഓള്‍റൗണ്ടര്‍ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Tags:    

Similar News