രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല! പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ? ശ്രദ്ധാകേന്ദ്രമായി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍; ആര്‍ബിട്രേഷന്‍ കോടതിവിധി ഇന്ത്യക്ക് അനുകൂലം; പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍; കരാര്‍ പരിഷ്‌കരണത്തില്‍ കനത്ത വെല്ലുവിളികള്‍; ഉറ്റുനോക്കി അയല്‍രാജ്യങ്ങള്‍

പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ?

Update: 2025-04-23 12:38 GMT

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത് അടക്കം കര്‍ശന നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. നയതന്ത്ര - സൈനിക തലങ്ങളില്‍ തിരിച്ചടി നല്‍കുന്നതിന് ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കത്തിലേക്ക് ഇന്ത്യ കടക്കുമോ എന്നാണ് അയല്‍രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനമെടുത്താല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും. പാക്കിസ്ഥാനുമായി സിന്ധു നദീജലം പങ്കുവെയ്ക്കുന്ന കരാറില്‍ ഭേദഗതി വരുത്താനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് ഇന്ത്യ. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഇതാദ്യമായാണ് കരാറില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നത്. ഇതിനിടെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം രാജ്യത്തിനുള്ളില്‍ ശക്തമാകുന്നത്.

2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനമുണ്ടായെങ്കിലും കരാര്‍ പുനഃപരിശോധിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഒരു നീക്കവും ഇന്ത്യ നടത്തിയിരുന്നില്ല. എന്നാല്‍ കമ്മിഷണര്‍മാര്‍ തമ്മില്‍ പതിവായി സിന്ധു നദീജല വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന് 2016-ല്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിനെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നീക്കം ശക്തമാക്കി. ഇതിന് പിന്നാലെ പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടന്നതോടെ മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍ റദ്ദാക്കുന്നതടക്കം കടുത്ത നിലപാടിലേക്ക് ഇന്ത്യ നീങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

അയല്‍രാജ്യങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന ചരിത്രം ഇന്ത്യയ്ക്കില്ല. അയല്‍ക്കാരുമായി ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ പെരുമാറ്റമാണ് നമ്മള്‍ എല്ലാക്കാലത്തും പുലര്‍ത്തുന്നത്. നിലവില്‍ ഉടമ്പടി പുനഃപരിശോധിക്കണമെന്നുള്ള ആവശ്യമാണ് പാക്കിസ്ഥാന് മുന്നില്‍ നിലവില്‍ ഇന്ത്യ വെച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും വര്‍ധിച്ച സാഹചര്യത്തിലാണ് ഒരു പുനര്‍ചിന്തനം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇന്ത്യ-പാക് ബന്ധത്തിന്റെ നിലവിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ കരാറിന്റെ കാര്യത്തില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളമാണ്.

മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സാധാരണമാണ്. എന്നാല്‍ വിഭജനത്തിന് ശേഷം അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയുടെ ദുരിതം അനുഭവിക്കേണ്ടി വന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലാണ് ഇന്ത്യ. സ്വതന്ത്രരാജ്യങ്ങളായി മാറിയത് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതിര്‍ത്തികള്‍ അശാന്തമായി തുടരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യന്‍ മണ്ണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നിട്ടും വലിയ പരിക്ക് പറ്റാതെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന ഒരു കരാറുണ്ട്. അത് സിന്ധു നദീജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചാണ്. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുമ്പോഴും സിന്ധുനദീജല കരാറിന് വലിയ ഉലച്ചില്‍ തട്ടിയിരുന്നില്ല.

തുടക്കകാലത്ത് ഇരുഭാഗത്തുനിന്നും ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും കരാര്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ജലം പങ്കിടുന്നത് സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ കരാറുകളിലൊന്നാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty). സമാധാനപരമായി ജലം പങ്കിടുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കരാര്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളെ കരാര്‍ അതിജീവിച്ചു. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ചുനല്‍കിയിരിക്കുന്നു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം പാകിസ്താനാണ്, അതേസമയം, കിഴക്കന്‍ നദികളുടെ പ്രാഥമിക ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്.

കരാര്‍ സംബന്ധിച്ച് അടുത്ത കാലത്ത് ഇന്ത്യ സ്വീകരിച്ച നടപടികളാണ് സിന്ധുനദീ തടത്തേയും 63 വര്‍ഷം പഴക്കമുള്ള കരാറിനേയും വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. പാകിസ്താനുമായി നദീജലം പങ്കുവെയ്ക്കുന്ന ഉടമ്പടിയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ഇതാദ്യമായാണ് കരാറില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നത്. ജമ്മു കശ്മീരിലെ കിഷന്‍ഗംഗ (Kishanganga), രത്‌ലെ (Ratle) ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പാകിസ്താന്റെ എതിര്‍പ്പും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഭേദഗതിയെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പദ്ധതികള്‍ക്കെതിരേ ഹേഗ് ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ 'ഏകപക്ഷീയമായ' തീരുമാനവും ഇന്ത്യയുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു.


 



സിന്ധു നദീജല കരാര്‍

സിന്ധു നദിയെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തില്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍തന്നെ ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു ധാരണ ആവശ്യമായിരുന്നു. 1948 മേയ് മാസത്തില്‍ നിലവില്‍ വന്ന ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടി പ്രകാരം പാക്കിസ്ഥാന്‍ നല്‍കുന്ന വാര്‍ഷിക പണത്തിന് പകരമായി ഇന്ത്യ വെള്ളം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഈ കരാറിന്റെ പൊതുവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ആ കരാര്‍ പരാജയപ്പെട്ടു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ 1951-ല്‍ ഇരുരാജ്യങ്ങളും സിന്ധു നദിയിലും അതിന്റെ പോഷകനദികളിലുമുള്ള ജലസേചന പദ്ധതികള്‍ക്ക് ധനസഹായത്തിനായി ലോക ബാങ്കിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ലോകബാങ്ക് മുന്നോട്ട് വെച്ചു. ഒടുവില്‍ 1960-ല്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തി.

സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിന് വേണ്ടി മുന്‍ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫാണ് (W.A.B. Iliff) കരാറില്‍ ഒപ്പുവെച്ചത്.

ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറന്‍ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാക്കിസ്ഥാനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാക്കിസ്ഥാനുമാണ്. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

പാക്കിസ്ഥാന് തിരിച്ചടി

ഝലം, ചെനാബ് നദികളുടെ പോഷകനദികളില്‍ ഇന്ത്യ നിര്‍മിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് 1988 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. 330 മെഗാവാട്ടിന്റെ കിഷന്‍ഗംഗ പദ്ധതി 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. അതേസമയം, 850 മെഗാവാട്ടിന്റെ രത്‌ലെ ജലവൈദ്യുത പദ്ധതി നിര്‍മാണ ഘട്ടത്തിലാണ്. കരാര്‍ പ്രകാരം പാക്കിസ്ഥാന് നിയന്ത്രണമുള്ള പടിഞ്ഞാറന്‍ നദികളിലാണ് രണ്ട് പദ്ധതികളും. ഝലത്തിന്റെ കൈവഴിയായ കിഷന്‍ഗംഗയില്‍ (പാക്കിസ്ഥാനില്‍ നീലം എന്ന് അറിയപ്പെടുന്നു) ഇന്ത്യ ജലവൈദ്യുത പദ്ധതി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് വിയോജിപ്പ് ആരംഭിച്ചത്. പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് തടസമില്ല. എന്നാല്‍ നീരൊഴുക്ക് പരിമിതപ്പെടുത്താന്‍ പാടില്ല. ജലപ്രവാഹത്തെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഈ നദികളില്‍ നിര്‍മിക്കുന്ന ഏതൊരു പദ്ധതിയുടെയും രൂപരേഖ കരാര്‍ പ്രകാരം പാക്കിസ്ഥാനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പദ്ധതിക്കെതിരേ അവര്‍ എതിര്‍പ്പ് ഉന്നയിക്കുകയും പദ്ധതി നദിയിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് ആരോപിക്കുകയും ചെയ്തു.

ചെനാബ് നദിയില്‍ നിര്‍മാണത്തിലിരിക്കുന്ന രത്‌ലെ പദ്ധതിയാണ് തര്‍ക്കത്തിന് മറ്റൊരു കാരണം. കിഷന്‍ഗംഗ, രത്‌ലെ പദ്ധതികള്‍ക്കെതിരേ പാകിസ്താന്‍ തുടക്കം മുതല്‍തന്നെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പദ്ധതികള്‍ തങ്ങളുടെ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുമെന്ന ഭയമാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തിയത്. പദ്ധതികള്‍ പരിശോധിക്കാനായി നിഷ്പക്ഷ വിദഗ്ധനെ നിയോഗിക്കാമെന്ന് 2015-ല്‍ ഇന്ത്യ പാക്കിസ്ഥാന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു. ആര്‍ബിട്രേഷന്‍ കോടതി വിഷയം പരിശോധിക്കണമെന്നാണ് പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചത്. കരാര്‍ പ്രകാരം അഭിപ്രായവ്യത്യാസങ്ങള്‍ തുടക്കത്തില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി പ്രശ്നത്തിലൂടെയാണ് പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്. അടുത്തഘട്ടത്തില്‍ ഒരു നിഷ്പക്ഷ കക്ഷിയുടെ സഹായം തേടാം. അതും വിജയിച്ചില്ലെങ്കിലാണ് ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിക്ക് മുമ്പാകെ വിഷയം എത്തിക്കേണ്ടത്. ഇതോടെ സിന്ധു നദീജല ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ ഒന്‍പത് പ്രകാരമുള്ള തര്‍ക്ക പരിഹാരത്തിന്റെ നടപടിക്രമങ്ങള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചു.

ഒരു നദിയില്‍നിന്ന് മറ്റൊന്നിലേക്ക് വെള്ളം തിരിച്ചുവിട്ടുകൊണ്ടുള്ള കിഷന്‍ഗംഗ പദ്ധതിയുടെ രൂപകല്പനയെ പാക്കിസ്ഥാന്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. നീലം നദിയില്‍ ഒരു ജലവൈദ്യുത പദ്ധതി നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ പദ്ധതിയിട്ട ഘട്ടത്തിലായിരുന്നു അത്. കിഷന്‍ഗംഗ പദ്ധതി പാക്കിസ്ഥാനിലേക്കുള്ള മൊത്തത്തിലുള്ള ജലപ്രവാഹം കുറയ്ക്കുന്നില്ലെങ്കിലും അവര്‍ വിഭാവനം ചെയ്ത അണക്കെട്ടിലേക്കുള്ള ഒഴുക്ക് പരിമിതപ്പെടുത്തും. ഇതാണ് എതിര്‍പ്പിന് വഴിവെച്ചത്. ഇന്ത്യ കിഷന്‍ഗംഗ പദ്ധതിയുടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ സ്വന്തം പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയത്. 2008-ല്‍ നിര്‍മ്മാണം ആരംഭിച്ച നീലം-ഝലം പദ്ധതി (എന്‍.ജെ.പി.) 2018-ലാണ് പൂര്‍ത്തിയായി.

ഇതിന് മുമ്പ് 2010-ലാണ് കിഷന്‍ഗംഗ പദ്ധതിക്കെതിരേ പാക്കിസ്ഥാന്‍ ഹേഗിലെ ആര്‍ബിറ്റേഷന്‍ കോടതി (സി.ഒ.എ.)യെ സമീപിക്കുകയും ഇന്ത്യ കരാര്‍ ലംഘിച്ചുവെന്ന് ആരോപിക്കുകയും ചെയ്തത്. 2011-ല്‍ നീലം-ഝലം പദ്ധതിയും കിഷന്‍ഗംഗ പദ്ധതിയും സന്ദര്‍ശിച്ച ആര്‍ബിട്രേഷന്‍ കോടതി അധികൃതര്‍ ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിഷയത്തില്‍ തീരുമാനം വരുന്നത് വരെ ഇന്ത്യയുടെ ഭാഗത്തെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയടെ പദ്ധതി മൂലം നീലം-ഝലം പദ്ധതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമായും വാദിച്ചത്. പദ്ധതിക്കായി ഇന്ത്യ നദിയില്‍നിന്ന് വെള്ളം തിരച്ചുവിടുകയും പിന്നീട് നീലം-ഝലം പദ്ധതി സൈറ്റിന് താഴെ തുറന്നുവിടുകയുമായിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ജലം തടയുന്നില്ല എന്നതിനാല്‍ തന്നെ കരാര്‍ നിബന്ധനകളില്‍ ഉറച്ചുനില്‍ക്കുന്നാണ് പദ്ധതിയെന്ന് ഇന്ത്യ വാദിച്ചു. കിഷന്‍ഗംഗം പദ്ധതി എന്‍.ജെ.പിക്ക് മുമ്പ് രൂപകല്പന ചെയ്താണെന്നും ഇന്ത്യ തിരിച്ചടിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയ്ക്ക് അനുകൂലമായാണ് ആര്‍ബിട്രേഷന്‍ കോടതി വിധിച്ചത്. പദ്ധതിക്കായി ഏറ്റവും കുറഞ്ഞ അളവില്‍ ജലം തിരിച്ചുവിടാന്‍ കോടതി ഇന്ത്യക്ക് അനുമതി നല്‍കി. സെക്കന്‍ഡില്‍ ഒന്‍പത് ക്യുബിക് മീറ്റര്‍ വെള്ളമാണ് അനുവദിച്ചത്. എന്നാല്‍, ഇത് ഇന്ത്യ നിര്‍ദേശിച്ച അളവിനേക്കാള്‍ കൂടുതലായിരുന്നു. 2013-ലെ വിധിയില്‍ അണക്കെട്ടിന്റെ രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സി.ഒ.എ. ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം അണക്കെട്ടിന്റെ നിര്‍മാണം തുടരാമെന്നും കോടതി അറിയിച്ചു. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായി.



എന്തുകൊണ്ട് ഭേദഗതി

കരാര്‍ പ്രകാരം ജലവൈദ്യുത പദ്ധതി പോലുള്ള ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ നദികള്‍ ഉപയോഗിക്കാം. എന്നാല്‍, ഓരോ തവണയും ഇന്ത്യ പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും ഇതില്‍നിന്ന് ഇന്ത്യയെ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുക. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച്, തര്‍ക്ക പരിഹാര പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങളുണ്ട്; പെര്‍മനന്റ് ഇന്‍ഡസ് കമ്മിഷന്‍ (പി.ഐ.സി), നിഷ്പക്ഷ വിദഗ്ധര്‍, ലോകബാങ്ക് മധ്യസ്ഥത വഹിക്കുന്ന കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍. കിഷന്‍ ഗംഗ, രത്‌ലെ പദ്ധതികളില്‍ തര്‍ക്ക പരിഹാരത്തിന് നിഷ്പക്ഷ വിദഗ്ധനെ സമീപിക്കാനാണ് പാക്കിസ്ഥാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം കോര്‍ട്ട് ഓഫ് ആര്‍ബിറ്റേഷനെ സമീപിക്കുകയായിരുന്നു. അതിനാല്‍ തന്നെ കരാറില്‍ തര്‍ക്ക പരിഹാരത്തെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ ഒന്‍പതിന് വ്യക്തത വരുത്തുക എന്നതാണ് ഭേദഗതിക്ക് ശ്രമിക്കാനുള്ള നിര്‍ണായകമായ കാരണം.

കിഷന്‍ഗംഗ പദ്ധതിക്ക് എതിരേ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് മുമ്പ് നിഷ്പക്ഷ വിദഗ്ധനെ നിയമിക്കുന്നതിന് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. പിന്നീട് ഇതില്‍നിന്ന് ഇന്ത്യ പിന്നോക്കം പോയി. രണ്ട് സമാന്തര നടപടിക്രമങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു നിക്ഷ്പക്ഷ വിദഗ്ധനെയും തുടര്‍ന്ന് ആര്‍ബിട്രേഷന്‍ കോടതിയെയും സമീപിക്കാന്‍ സാധിക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കരാറില്‍ മാറ്റം വരുത്താന്‍ കാലാവസ്ഥാ വ്യതിയാനവും ഒരു പ്രധാന ഘടകമായി ഇന്ത്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി കരാറില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2021-ല്‍ നിര്‍ദ്ദേശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ എന്നിവ കരാറില്‍ പരിഗണിച്ചിട്ടില്ലെന്നും അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കരാര്‍ വ്യവസ്ഥകളില്‍ പുനരാലോചന നടത്തേണ്ടതുണ്ടെന്നും ജലവിഭവ സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മറുവശത്ത് പാക്കിസ്ഥാന്റെ കാര്യം പരിശോധിച്ചാല്‍ കടുത്ത ജലദൗര്‍ലഭ്യമനുഭവിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. 2022 ജൂണിലുണ്ടായ പേമാരിയിലും പ്രളയത്തിലും രാജ്യത്തിന്റെ പകുതിയിലധികം ഭാഗവും വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ 200 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 1700-ലധികം പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. പ്രളയം പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. ദുരന്തബാധിത മേഖലകള്‍ സാധാരണ നിലയിലാകാന്‍ പത്തു വര്‍ഷംവരെ വേണ്ടിവരുമെന്നാണ് കണക്കുകള്‍. ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യം അഞ്ചു ശതമാനത്തോളം വര്‍ധിച്ചു. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാക്കിസ്ഥാന്‍ എടുത്തെറിയപ്പെട്ടത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൂടിയായതോടെ ഭക്ഷ്യക്ഷാമം അടക്കം പാക്കിസ്ഥാനില്‍ രൂക്ഷമായി.

ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ക്ഷേമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തര്‍ക്കങ്ങളില്ലാതെ സിന്ധു നദിയിലെ ജലം ഉപയോഗിക്കണമെന്നാണ് കരാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിഭജിച്ചു പോയ ബന്ധുക്കള്‍ക്കിടയിലെ വിള്ളല്‍ കുറച്ച് വിശ്വാസം ഉറപ്പിക്കുകയായിരുന്നു ഒരു തരത്തില്‍ കരാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, സൈനികഭരണത്തിന് കീഴിലായതോടെ പാക് ജനാധിപത്യ സംവിധാനം തകരുകയും ഭീകരവാദത്തിന് ആ മണ്ണ് വലിയ തോതില്‍ പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് കരാറിന്റെ അന്തഃസത്ത നഷ്ടപ്പെട്ടത്. എന്നിട്ടും ഇക്കാലമത്രയും കരാറില്‍നിന്ന് പിന്നോക്കം പോകാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ പരസ്പര സഹകരണ മനോഭാവം ഒരു കക്ഷി മാത്രം വെച്ചുപുലര്‍ത്തേണ്ടതല്ലെന്ന ചിന്തയാണ് നിലവിലെ പുനര്‍ചിന്തയ്ക്ക് ആധാരം. കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരി 25-നാണ് പാകിസ്താന് ഇന്ത്യ നോട്ടീസ് അയച്ചത്. ഏറെക്കാലമായി ഇന്ത്യയുടെ സജീവപരിഗണനയിലുള്ളതാണ് ഈ വിഷയം.

ഇന്ത്യയുടെ നീക്കം നിരീക്ഷിച്ച് അയല്‍രാജ്യങ്ങള്‍

സ്വതന്ത്രരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തേക്കുറിച്ചുള്ള വിയന്ന കരാറിലെ 64-ാം അനുച്ഛേദപ്രകാരം ഏത് അന്താരാഷ്ട്ര ഉടമ്പടിയില്‍നിന്ന് പിന്മാറാനും ഇന്ത്യയ്ക്ക് സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് കരാര്‍ പുതുക്കാനുള്ള സാധ്യത വിരളമാണ്. അതിനാല്‍തന്നെ കരാറിലെ ആര്‍ട്ടിക്കിള്‍ 12 ഉപയോഗിച്ച് ഉടമ്പടിയില്‍ മാറ്റം വരുത്താമെന്നാണ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലങ്കില്‍ മാത്രം അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. അതൊരു പക്ഷേ ഉടമ്പടി റദ്ദാക്കലാകാം. എന്നാല്‍, ഏകപക്ഷീയമായി ഉടമ്പടി റദ്ദാക്കുന്നതിലും ഇന്ത്യയ്ക്ക് പ്രശ്നങ്ങളുണ്ട്. മറുവശത്ത്, ചര്‍ച്ച നടത്താനുള്ള ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിക്കുകയാണെങ്കിലും കരാറിലെ മറ്റ് വ്യവസ്ഥകള്‍കൂടി പരിഷ്‌കരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടേക്കാം. പാക്കിസ്ഥാനിലേക്ക് കൂടുതല്‍ വെള്ളം വിട്ടുകൊടുക്കാനും പടിഞ്ഞാറന്‍ നദികളിലെ പദ്ധതികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അവര്‍ ഇന്ത്യയെ നിര്‍ബന്ധിച്ചേക്കാം. ഇത് ചര്‍ച്ചകള്‍ കൂടുതല്‍ ദുര്‍ബലമാക്കാന്‍ മാത്രമേ സഹായിക്കൂ.

സിന്ധു നദീജല കരാറിന് ദക്ഷിണേഷ്യയിലും അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണുള്ളത്. ചര്‍ച്ചകളിലൂടെ ഉടമ്പടി ഭേദഗതി ചെയ്താല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ മാതൃകയായിരിക്കും. ഇത് ദക്ഷിണേഷ്യയിലും വലിയ സ്വാധീനം ചെലുത്തും. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ ഉറ്റുനോക്കുന്നുണ്ട്. ബംഗ്ലാദേശ്, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയുമായി നദീജലം പങ്കുവെയ്ക്കുന്നുണ്ട്. അതിനാല്‍തന്നെ ആ കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്ന് ഈ രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഒപ്പം കരാര്‍ പരിഷ്‌കരിക്കുന്ന ഘട്ടത്തിലേക്ക് എത്തിയാല്‍ ഇതിലേക്ക് ചൈനയേയും അഫ്ഗാനിസ്ഥാനേയും ഉള്‍പ്പെടുത്തേണ്ടി വരും. സിന്ധു നദീതടം ഈ രാജ്യങ്ങളില്‍ കൂടിയുള്ളതിനാല്‍ അവരേയും പങ്കാളികളാക്കി മാത്രമേ ഇനി മുന്നോട്ടുപോകാന്‍ സാധിക്കൂകയുള്ളൂ. ചൈനയുംകൂടി ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ ഇത് ഭാവിയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒപ്പം ബ്രഹ്‌മപുത്ര അടക്കമുള്ള നദികളിലും ഇത് പ്രതിഫലിച്ചേക്കാം.

Tags:    

Similar News