കാലിന്റെ ഇടയില്‍ തല പിടിച്ചു വച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടി; കണ്ണിലും വായിലും കുരുമുളകു സ്പ്രേ ; സ്വകാര്യഭാഗം പിടിച്ചു വലിച്ചു സ്‌പേ അടിക്കുന്ന 'ആനന്ദം'; പോലീസുകാര്‍ പിടിച്ചു കുനിച്ച് നിര്‍ത്തിയാല്‍ മാത്രം കൈമുട്ടു കൊണ്ടി ഇടിക്കുന്ന സിഐ! മാറനെല്ലൂരിലേത് ഇടിയന്‍ വെര്‍ഷന്‍; ആ യുവാക്കള്‍ ക്രൂരത പറയുമ്പോള്‍

Update: 2025-09-11 11:05 GMT

തിരുവനന്തപുരം: ഇതുവരെ കേട്ടതൊന്നുമല്ല ഇതാണ് പോലീസ് സ്‌റ്റേഷനിലെ യഥാര്‍ത്ഥ മൂന്നാംമുറ. ചികട്ടത്തടിക്കലും ചീത്തവിളിയുെല്ലാം ഇതിന് മുന്നില്‍ വെറും നിസ്സാരം. തിരുവനന്തപുരത്ത് മാറനെല്ലൂരില്‍ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം ഉണ്ടായത് സമാനതകളില്ലാത്ത തലത്തിലാണ്. ഡിസംബറില്‍ മൂന്നു യുവാക്കളെ മാറനെല്ലൂര്‍ സിഐ ഷിബുവും എസ്‌ഐ കിരണും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നും ബന്ധുക്കള്‍ പറയുന്നു. മാറനല്ലൂര്‍ കോട്ടുമുകള്‍ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരണ്‍, സുഹൃത്ത് വിനു എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യൂവാക്കളുടേത്.

ഡിസംബര്‍ 22ന് രാത്രി മൂവരും വീടിനു മുന്നില്‍ ഇരിക്കുമ്പോള്‍ അയല്‍വാസിയായ വിനോദിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് നാലുപേര്‍ അകത്തേക്കു കടക്കുന്നതു കണ്ടു. അവരെ തടഞ്ഞുനിര്‍ത്തി കാര്യം ചോദിക്കുന്നതിനിടെ വീടിനുള്ളില്‍നിന്ന് യൂണിഫോമില്‍ എസ്ഐ പുറത്തേക്കു വന്നു. മതില്‍ചാടിയത് മഫ്തിയിലുള്ള പൊലീസുകാരാണെന്നും കഞ്ചാവു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു നടക്കുന്നതെന്നും യുവാക്കള്‍ അറിയുന്നത് അപ്പോഴാണ്. ഇവിടെ തുടങ്ങി കഷ്ടക്കാലം. ചോദ്യം ചെയ്തവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് മുറയായിരുന്നു എല്ലാ അര്‍ത്ഥത്തിലും. പിന്നീട് ജയില്‍ വാസവും.

കഞ്ചാവ് കണ്ടെത്താന്‍ പൊലീസ് വിനോദിന്റെ വീട്ടില്‍ കയറിയതും ആളു മാറിയായിരുന്നു. ജയിലില്‍ ആയതോടെ യുവാക്കളുടെ ജീവിതവും ബിസിനസുമടക്കം പ്രതിസന്ധിയിലായി. ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചതിനു പിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീര്‍പ്പിന് എത്തിയെങ്കിലും വഴങ്ങാതെ മുന്നോട്ടുപോകുകയാണ് യുവാക്കള്‍. ഏതായാലും ഞെട്ടിക്കുന്ന ക്രൂരതയാണ് മാറനെല്ലൂരിലേത്. കേരളത്തില്‍ ഈ അടുത്ത കാലത്ത് പുറത്തു വന്ന ഏറ്റവും ഭീകരമായ മര്‍ദ്ദനം. പക്ഷേ പോലീസുകാര്‍ക്കെതിരെ പരാതി കൊടുത്തിട്ടും ഒന്നും സംഭവിച്ചുമില്ല. അവര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു.

പോലീസിനെ ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു എല്ലാം. രണ്ടു ദിവസം ക്രൂരമായി മര്‍ദിച്ചശേഷം, ജോലി തടസ്സപ്പെടുത്തിയെന്നു കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു. കാലിന്റെ ഇടയില്‍ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്ന് യുവാക്കള്‍ പറഞ്ഞു. കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു. സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു. ഒരു ആനന്ദം പോലെ ആസ്വദിച്ചാണ് അയാള്‍ അതു ചെയ്തത്. സിഐ കൈമുട്ട് വച്ചാണു പുറത്തിടിച്ചത്. പൊലീസുകാര്‍ പിടിച്ചു കുനിച്ചു നിര്‍ത്തി കൊടുക്കുകയായിരുന്നു.

സിഐ മടുക്കുമ്പോള്‍ എസ്ഐ വരും. അതിനുശേഷം അഖില്‍ എന്ന പൊലീസുകാരനും ഇടിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതു തടയാന്‍ ശ്രമിച്ച ശരത്തിന്റെയും ശരണിന്റെയും മാതാപിതാക്കളെയും പൊലീസ് മര്‍ദിച്ചെന്നു പരാതിയുണ്ട്. കഞ്ചാവ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസ് സംഘത്തെ ഒരു സംഘം ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റും ജയില്‍ വാസവുമെല്ലാം പോലീസ് ഉറപ്പാക്കിയത്. ഞായര്‍ രാത്രി 11 മണിയോടെയാണ് സംഭവം. മാറനല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ശ്യാം, പൊലീസ് ഡ്രൈവര്‍ അഖില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സബ് ഇന്‍സ്‌പെക്ടറുടെ ഫോണ്‍ പിടിച്ച് വാങ്ങി വലിച്ചെറിഞ ശേഷം മര്‍ദിക്കുകയായിരുന്നുവെന്നായിരുന്നു കേസെടുത്തത്. അതിന് ശേഷം കൂടുതല്‍ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തുവെന്നും പറഞ്ഞുവച്ചു.

മാറനല്ലൂര്‍ കോട്ടമുകള്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വിനോദിനെ(29) തേടിയെത്തിയ പൊലീസിനു നേരെയായിരുന്നു ആക്രമണമെന്ന് അന്ന് വാര്‍ത്തയും പോലീസ് നല്‍കി. പ്രതികളുടെ ഫോട്ടോയും നല്‍കി. റൂറല്‍ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പൊലീസും സംസാരിച്ച് നില്‍ക്കുന്നതിനിടെ ശരത്തിന്റെ നേതൃത്വത്തില്‍ 4 അംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പോലീസ് കേസ്. പ്രതികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുക്കുകയായിരുന്നു.

Tags:    

Similar News