ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി വി എന്‍ വാസവന്‍. കാര്യങ്ങള്‍ കൂടുതല്‍ ചിട്ടയായി കൈകാര്യം ചെയ്യാന്‍ വിധി സഹായകമാകും. പാനല്‍ മീറ്റിങ്ങില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ആഗോള അയ്യപ്പസംഗമവുമായി സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഇ്ത് സര്‍ക്കാരിന് ആശ്വാസമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന ഹൈക്കോടതി വിധിയും സര്‍ക്കാരിന് തുണയായി മാറും.
ആദ്യം ഉദ്ഘാടന സമ്മേളനം, അതു കഴിഞ്ഞാല്‍ ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും. കൂടുതല്‍ പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയും ഒരുക്കും. നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് തീരുമാനമെടുക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാരും സംഘടനാ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.
തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ധാരാളമായി നടക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനം എടുക്കും. കൃത്യമായി ശബരിമലയുടെ വികസനവും ആഗോള തീര്‍ഥാടന സൗകര്യം ഭാവിയില്‍ എങ്ങനെ ഉയര്‍ന്നുവരണം എന്നതും സംബന്ധിച്ച ആശയവിനിമയം നടത്താനുള്ള വേദിയാണ് അയ്യപ്പ സംഗമം. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയാണ് സംഗമം നടത്തുകയെന്നും ആളെക്കൂട്ടലല്ല, മറിച്ച് ക്രിയാത്മക നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് അയ്യപ്പ സംഗമമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് കേരള ഹൈക്കോടതി ഉച്ചയ്ക്ക് ശേഷമാണ് വിധിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശച്ചു. പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടത്തരുതെന്നും കണക്കുകള്‍ കൃത്യമായി സൂക്ഷിച്ച് 45 ദിവസത്തിനുള്ളില്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കി.
രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ ആഗോള അയ്യപ്പ സംഗമമെന്ന് പറഞ്ഞ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി കാര്യങ്ങളില്‍ വ്യക്തത തേടിയിരുന്നു. ലക്ഷ്യം, സ്വഭാവം,ധനസമാഹണം പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയില്‍ വ്യക്തത വരുത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
അതിന് ശേഷം ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളില്‍ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന നിര്‍ദേശങ്ങളോടെ ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
സംഗമം നടക്കുന്ന സ്ഥലം പ്ലാസ്റ്റിക്ക് കൊണ്ടു മലിനമാക്കരുതെന്നും പമ്പ മലിനമാകാതെ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യം അപ്പപ്പോള്‍ നീക്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഒപ്പം അടിയന്തര സഹായങ്ങള്‍ ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആഗോള അയ്യപ്പ സംഗമത്തില്‍ സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും നേരത്തെ കോടതി ചോദിച്ചിരുന്നു.
വരവു ചെലവു കണക്കുകള്‍ എല്ലാം സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ കണക്കുകള്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്ക് കൈമാറി കോടതിയെ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. പമ്പയില്‍ ഈ മാസം 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവില്‍ നിന്നു ഫണ്ട് ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കുംഭമേള മാതൃകയില്‍ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേവസ്വം മന്ത്രിമാരെ ഉള്‍പ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.