വെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികന്‍? പ്രത്യാക്രമണം ഭയന്ന് പാക്കിസ്ഥാന്‍ അതീവ ജാഗ്രതയില്‍; 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' സാധ്യതയെന്ന വിലയിരുത്തല്‍ ശക്തം; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം നിര്‍ണ്ണായകമാകും; ഒറ്റക്കെട്ടായി ഭീകരതയെ ചെറുക്കാന്‍ ഇന്ത്യ; നയതന്ത്ര തിരിച്ചടിയ്‌ക്കൊപ്പം സൈനിക ഇടപെടലും അനിവാര്യതയെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നു സര്‍വകക്ഷി യോഗം ചേരും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണു യോഗം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ നടപടി കടുപ്പിച്ച് ഇന്ത്യ വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും വാഗ-അട്ടാരി അതിര്‍ത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലാണു കടുത്ത തീരുമാനങ്ങള്‍. വാഗ-അട്ടാരി അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്മാര്‍ മേയ് ഒന്നിനകം മടങ്ങണം. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വീസ നല്‍കില്ല. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ ഉപദേശകരെ ഇന്ത്യ പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണം. ഇന്ത്യയും പാക്കിസ്ഥാനിലെ പ്രതിരോധ ഉപദേശകരെ പിന്‍വലിക്കും. എസ്വിഇഎസ് വീസ ഇളവില്‍ എത്തിയ പാക് പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍നിന്ന് 30 ആയി കുറയ്ക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടത്. സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലെ വിശദ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാര്‍ അറിയിക്കും. അതിര്‍ത്തി കടന്നുള്ള തിരിച്ചടിയിലും യോഗത്തില്‍ ധാരണയുണ്ടാകാന്‍ സാധ്യത ഏറെയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്‌നാഥും സിംഗും വിവിധ പാര്‍ട്ടി നേതാക്കളോടു സംസാരിക്കും. സര്‍വകക്ഷിയോഗം വിളിക്കണമെന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരും. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി അറിയിച്ചിരുന്നു. നിരവധി ലോകരാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനെ നടപടികളില്‍ പിന്തുണയക്കും. രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തിലെ തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അറിയിച്ചത്. ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന് മിസ്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ തിരിച്ചടി അനിവാര്യതയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നു ഭീകരരുടെ രേഖാചിത്രം സുരക്ഷാസേന പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാന്‍കാരായ ആസിഫ് ഫൗജി (മൂസ), സുലൈലമാന്‍ ഷാ (യൂനസ്), അബു തല്‍ഹ (ആസിഫ്) എന്നിവരുടെ രേഖാചിത്രമാണു പുറത്തുവിട്ടത്. ഭീകരാക്രമണത്തില്‍നിന്നു രക്ഷപ്പെട്ടവരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. നിയന്ത്രണരേഖയ്ക്കു സമീപം ഇന്നലെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ബാരാമുള്ള ജില്ലയിലെ ഉറി നാലയിലായിരുന്നു ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഭീകരരുടെ പക്കലുണ്ടായിരുന്ന വന്‍ ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് കാശ്മീര്‍ പൊലീസ്. നേരത്തെ സൈന്യം പുറത്തുവിട്ട രേഖാചിത്രങ്ങളിലെ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ 1500 പേരെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് വ്യോമസേനയെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ . മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ പാകിസ്ഥാനെതിരെ രണ്ട് വലിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിരുന്നു . 2016ല്‍ പാക് അധീന കശ്മീരിലെയും 2019ല്‍ ബാലാകോട്ടിലെയും തീവ്രവാദ ലോഞ്ച്പാഡുകള്‍ക്കെതിരെയാണ് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടന്നത് . പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് സൂചനകള്‍ ലഭിച്ചതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ പാകിസ്ഥാന്‍ തങ്ങളുടെ ജെറ്റ് വിമാനങ്ങള്‍ സജ്ജരാക്കി കഴിഞ്ഞു.
സൈന്യവും, ഐഎസ്‌ഐയും അതീവജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുണ്ട് . പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. നേപ്പാള്‍, യുഎഇ സ്വദേശികളും രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള അഞ്ചു പേരും ബംഗാള്‍, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്നു പേര്‍ വീതവും കൊല്ലപ്പെട്ടു. ഐബി, നേവി, വ്യോമസേനാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.