സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ മൃതദേഹം ദര്‍ശിക്കാന്‍ നിലക്കാതെ വിശ്വാസികള്‍ ഒഴുകുന്നു; ശരാശരി 20000 പേര്‍ ക്യൂവില്‍ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; മൂന്നു ദിവസം തുടരുന്ന പൊതു ദര്‍ശനം ചരിത്രമാകും

Update: 2025-04-24 07:37 GMT

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തുന്നത്. ശരാശരി ഇരുപതിനായിരത്തോളം പേര്‍ ക്യൂവില്‍ നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ദിവസം തുടരുന്ന പൊതു ദര്‍ശനം ചരിത്രമാകുമെന്നാണ് കരുതപ്പെടുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പൊതുദര്‍ശനത്തിനായി പാപ്പയുടെ ഭൗതികദേഹം ഇന്നലെ കൊണ്ടുവന്നത്.

വിശ്വാസികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മാര്‍പ്പാപ്പയുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു. കര്‍ദിനാള്‍മാരും ബിഷപ്പുമാരും ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പായെ അവസാനമായി കണ്ട് കടന്നുപോയി. വിശ്വാസികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അര്‍ധരാത്രിക്കുശേഷവും പൊതുദര്‍ശനം നീട്ടുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് പത്തിനു പൊതുദര്‍ശനം പൂര്‍ത്തിയാക്കി പേടകം അടയ്ക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോകനേതാക്കള്‍ സാക്ഷ്യം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. പിന്നീട് ഒമ്പത് ദിവസം ദുഃഖാചരണമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിനു മേയ് 5നു മുന്‍പു തുടക്കമാകും. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശം ഉള്ളത്. മാര്‍പ്പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ പലരും കരയുന്നത് കാണാമായിരുന്നു.

പലരും നാലം അഞ്ചും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് പാപ്പയെ അവസാനമായി ഒരു നോക്ക് കണ്ടത്. വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് ക്യൂ കടന്ന് പോകാന്‍ നിലവില്‍ എട്ട് മണിക്കൂര്‍ വരെ സമയം എടുക്കുന്നു എന്നാണ്. പതിനായിരക്കണക്കിന് ആളുകള്‍ ഇനിയും പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്താനാണ് സാധ്യത. ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങില്‍ രണ്ട് ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണ മരപ്പെട്ടിയിലാണ് പോപ്പിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

മറ്റ് മാര്‍പ്പാപ്പമാരെ പോലെ മൂന്ന് വ്യത്യസ്ത തടിപ്പെട്ടികള്‍ക്കുള്ളില്‍ തന്റെ ഭൗതികദേഹം അടക്കം ചെയ്യരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജീവിച്ചിരുന്ന സമയത്ത് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശനിയാഴ്ചത്തെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തീരുമാനിക്കുന്നതിനും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആസൂത്രണം ചെയ്യുന്നതിനുമായി കര്‍ദ്ദിനാള്‍മാര്‍ യോഗം ചേര്‍ന്നിരുന്നു.

Similar News