ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന്‍ വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമായ സൈനികന്‍; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍

ഉധംപൂരില്‍ ഒരു സൈനികന് വീരമൃത്യു

Update: 2025-04-24 07:52 GMT

ശ്രീനഗര്‍: കശ്മീരിലെ ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, ഒരു സൈനികന് വീരമൃത്യു. ഡുഡു-ബസന്ത്ഗഡ് മേഖലയില്‍ സുരക്ഷാസേനയുടെ തിരച്ചിലിനിടയാണ് ഏറ്റുമുട്ടലുണ്ടായത്. ഹവില്‍ദാര്‍ ജണ്ടു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്.

വെടിയേറ്റ് ഗുരുതര പരിക്കേറ്റ ജണ്ടു അലി ഷെയ്ഖിന് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്ന് ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഭീകരര്‍ ഈ മേഖലയില്‍ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.

ജമ്മു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമാണ് ജണ്ടു അലി ഷെയ്ഖ്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് ജീവന്‍ ബലി കഴിച്ച സൈനികന്റെ ധീരതയും വീര്യവും എല്ലായ്‌പ്പോഴും സ്മരിക്കപ്പെടുമെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സില്‍ പോസ്റ്റ് ചെയ്തു. പഹല്‍ഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പിന്നാലെ കുല്‍ഗാമിലും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News