ഡല്‍ഹിയിലെ പാക് ഹൈക്കമീഷനില്‍ പഹല്‍ഗാം ആക്രമണത്തിന്റെ സന്തോഷ പ്രകടന ആഘോഷം നടന്നുവോ? കേക്കുമായി ഹൈക്കമീഷനിലേക്ക് ഒരാള്‍ എത്തിയത് എന്തിന്? മറുപടി പറയാതെയുള്ള ആ വ്യക്തിയുടെ നടത്തം ദുരൂഹം; വീഡിയോ വൈറലാകുമ്പോള്‍ അണപൊട്ടിയൊഴുകി പ്രതിഷേധം; തീവ്രാവദികള്‍ക്ക് പിന്നില്‍ ആരെന്ന ചര്‍ച്ച സജീവമാക്കി ആ ദൃശ്യങ്ങളും

Update: 2025-04-24 08:31 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കേക്കുമായി ഒരാളെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്ത് ആഘോഷമാണ് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേക്ക് കൊണ്ടുവന്നയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. പാക് നയതന്ത്ര കാര്യാലയത്തിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് കേക്കുമായി ഒരാള്‍ എത്തിയത്. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് ജനക്കൂട്ടത്തിന്റെ വന്‍ പ്രതിഷേധ പ്രകടനം രാവിലെ അരങ്ങേറിയിരുന്നു. 'പാക്കിസ്ഥാന്‍ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരുടെ മുന്നിലാണ് ഇയാള്‍ ചെന്നു പെട്ടത്. ഈ വീഡിയോ അതിവേഗം വൈറാലാകുകയാണ്. പഹല്‍ഗാമിലെ ആക്രമണത്തിന്റെ ആഘോഷമാകും ഹൈക്കമീഷനില്‍ നടന്നതെന്ന വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു. പാക്കിസ്ഥാനുമായി നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാമ്. വാഗ-അട്ടാരി അതിര്‍ത്തി അടച്ചു. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ അവസാനിപ്പിക്കുകയും, പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പമാണ് പാക് പ്രതിരോധ ഉദ്യോഗസ്ഥരെ നയതന്ത്ര കാര്യാലയത്തില്‍ നിന്നും പുറത്താക്കിയത്. അതിനിടെ, അതിര്‍ത്തി മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാക് ഹൈക്കമീഷനിലെ കേക്ക് വിവാദം.

പഹല്‍ഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ പാക്കിസ്താന്‍ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തില്‍ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ''എന്തിനുവേണ്ടിയാണ് ഈ ആഘോഷം?'' എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആള്‍ മറുപടി നല്‍കിയില്ല. ഭീകരാക്രമണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെ പാക്കിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. 'പാക്കിസ്ഥാന്‍ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ വിളിച്ചു. ഈ പ്രതിഷേധങ്ങള്‍ക്ക് കേക്ക് പുതിയ മാനവും നല്‍കി.

അറബിക്കടലില്‍ പാക്ക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ വെല്ലുവിളിയും നടത്തുന്നുണ്ട്. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ന് ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരും. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാസേനയിലെ ഉന്നതരും പങ്കെടുക്കും.

അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഊര്‍ജിത തിരച്ചില്‍ തുടരുകയാണ്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ ബാരാമുള്ളയിലും കുല്‍ഗാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ക്കൂടിയാണു നടപടി.

അതേസമയം, പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനായ സാദ് അഹമ്മദ് വാറിച്ചിനോട് രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശം നല്‍കി. അസ്വീകാര്യനായതിനാല്‍ ഇന്ത്യ വിടണം എന്ന നോട്ടിസ് ആണ് നല്‍കിയത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച പാക്ക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News