പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നു; 130 ഓളം ഭീകരര്‍ നുഴഞ്ഞു കയറാന്‍ നിര്‍ദേശം കാത്തിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പഹല്‍ഗാം ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ കൂടുതല്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ 42 ലോഞ്ച് പാഡുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കി. അതിര്‍ത്തി സംഘര്‍ഷഭരിതമാകുന്ന സാഹചര്യത്തില്‍ ഭീകരക്യാമ്പുകള്‍ ആക്ടീവാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തിക്ക് സമീപം പാക് അധിനിവേശ കശ്മീരിലെ വിവിധ ഭാഗങ്ങളിലായാണ് ഭീകര ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നത്. 150 മുതല്‍ 200 വരെ പ്രത്യേക പരിശീലനം ലഭിച്ച ഭീകരരാണ് വിവിധ ക്യാമ്പുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്ത് കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്.
130 ഓളം ഭീകരര്‍ ലോഞ്ച് പാഡില്‍ നിര്‍ദേശം കാത്ത് കഴിയുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നീ ഭീകരസംഘടകളുടേതായി 60 വിദേശ ഭീകരര്‍ ജമ്മു കശ്മീരില്‍ സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
കശ്മീര്‍ താഴ് വരയില്‍ 70 ഭീകരര്‍ സജീവമായിട്ടുണ്ട്. ജമ്മു, രജൗരി, പൂഞ്ച് മേഖലകളിലായി 60-65 ഭീകരരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 115 പേര്‍ പാകിസ്ഥാനി പൗരന്മാരാണ്. ജമ്മു കശ്മീരിലെ ഒമ്പതു ജില്ലകളില്‍ വിദേശ ഭീകര സാന്നിധ്യം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജമ്മു മേഖലയിലെ അഞ്ചു ജില്ലകളില്‍ സമീപകാലത്തായി തദ്ദേശീയരല്ലാത്ത 42 ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേലമയം പഹല്‍ഗാമില്‍ 26 നിരപരാധികളെ ഭീകരര്‍ കൊലപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ബയ്‌സരണ്‍വാലിയില്‍ എത്തിയ നരിക്കുനി സ്വദേശി നിഹാല്‍ കാഴ്ചകള്‍ പകര്‍ത്തുന്നതിനിടെ അപ്രതീക്ഷിതയായാണ് വെടി പൊട്ടിയത്. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങളൂടെ പുറത്തുവന്നത്. ഭീകരര്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. വെടി പൊട്ടുന്ന ശബ്ദം കേട്ടുവെങ്കിലും ആദ്യം ഒന്നും മനസിലായില്ലെന്ന് നിഹാല്‍ പറഞ്ഞു. ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടുന്നു രക്ഷപെടുകയായിരുന്നുവെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു. അവിടുത്തെ പ്രദേശിവാസികള്‍ ഏറെ സഹായം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചു. പാക്കിസ്ഥാനെതിരെ ഇനി കൂടുതല്‍ നടപടി എന്ത് എന്ന ചോദ്യം നിലനില്‍ക്കുമ്പോഴാണ് ഇന്നത്തെ സര്‍വ്വകക്ഷി യോഗം. രഹസ്യാന്വേഷണ വീഴ്ചയുണ്ടായതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെടും. അതേസമയം ആശങ്കയിലായ പാക്കിസ്ഥാന്‍ ഷിംല കരാര്‍ റദ്ദാക്കിക്കൊണ്ട് ഇന്ത്യയ്ക്ക് മറുപടി നല്‍കാന്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
പെഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ാജ്യം ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു. 'രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നല്‍കും.ഭീകരവാദികളെ ശിക്ഷിക്കും. മാനുഷിക വികാരത്തെ മനസ്സിലാക്കുന്നു ഭീകരവാദികളെ വെറുതെ വിടില്ലെന്നും, ഭീകരവാദികള്‍ക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നല്‍കുമെന്നും മോദി പറഞ്ഞു.
140 കോടി ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമമാണ് നടന്നത്. അതിന് ഇന്ത്യ പകരം ചോദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, പാകിസ്താനെതിരായ നയതന്ത്ര നടപടികള്‍ വീണ്ടും കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ പിന്‍വലിച്ചു. പാകിസ്താന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടുകളും ഇന്ത്യയില്‍ മരവിപ്പിച്ചു.
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് ഇന്ത്യയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രാവിലെ ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കകമ്മീഷനിന് മുന്നിലെ സുരക്ഷ പിന്‍വലിച്ചത്. പുറത്തുവച്ചിരുന്ന പൊലീസ് ബാരിക്കേറ്റുകളും നീക്കം ചെയ്തു.