പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജീവിച്ചിരുന്ന കാലത്തെ ഭിന്നതകള്‍ മറന്ന് ഭാര്യക്കൊപ്പം റോമില്‍ പറന്നിറങ്ങി ട്രംപ്; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യ-ഫ്രഞ്ച് പ്രസിഡന്റുമാരും അടക്കം 50 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും; പത്തോളം രാജാക്കന്മാര്‍ക്കും സീറ്റൊരുങ്ങി
ഇന്ന് നടക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള രാഷ്ടത്തലവന്‍മാരും രാജാക്കന്‍മാരും എത്തി. അമ്പത് രാഷ്ട്രത്തലവന്‍മാരും പത്തോളം രാജാക്കന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് എത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നത ഉണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാര്യയും ഒത്താണ് റോമില്‍ എത്തിയിരിക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യം തന്നെ എത്തിയ രാഷ്ട്രത്തലവന്‍മാരില്‍ ഒരാളാണ് ട്രംപ്. ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ തെരുവുകളില്‍ നിരവധി വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കാത്തുനിന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് സംസ്‌ക്കാര ചടങ്ങുകള്‍ ചരിത്ര സംഭവമായി മാറുമെന്ന് ചൂണ്ടിക്കാട്ടി. മാര്‍പ്പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയില്‍ നിന്ന് വരുന്നവര്‍ക്ക് ചടങ്ങില്‍ മുന്‍ഗണന നല്‍കും. രാഷ്ട്രത്തലവന്‍മാര്‍ക്കും രാജാക്കന്‍മാര്‍ക്കും ഫ്രഞ്ച് അക്ഷരമാലാ ക്രമത്തിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ഇത് അനുസരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മൂന്നാം നിരയില്‍ ആയിരിക്കും സ്ഥാനം ലഭിക്കുക.
യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും ചടങ്ങില്‍ പങ്കെടുക്കും എന്ന് തന്നെയാണ് സൂചന. വത്തിക്കാന്‍ പുറത്തിറക്കിയ പട്ടിക അനുസരിച്ച് ബ്രിട്ടനിലെ വെയില്‍സ് രാജകുമാരന്‍ നോര്‍വേയിലെ രാജകുമാരന്‍ ഹാക്കോണ്‍ മാഗ്നസിനും ഭാര്യക്കും അടുത്തായി ഇരിക്കും. ട്രംപിന്റെ സ്ഥാനം ഫിന്‍ലന്‍ഡിലേയും എസ്തോണിയയിലേയും പ്രസിഡന്റുമാരുടെ നടുക്കായിട്ടായിരിക്കും. മാര്‍പ്പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നത് ഇന്നലെ രാത്രി തന്നെ അവസാനിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പത്നിയും ആയിരുന്നു ഏറ്റവും അവസാനമായി മാര്‍പ്പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
പോപ്പിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കുറഞ്ഞത് 130 വിദേശ പ്രതിനിധികള്‍ എത്തിയിരിക്കുകയാണ്. യു.കെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍, രാഷ്ട്ര പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളുടെ പട്ടികയില്‍ ഉണ്ട്. ചാള്‍സ് രാജാവിന് വേണ്ടി ബ്രിട്ടണിലെ രാജകുമാരന്‍ വില്യം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നു.
യുദ്ധവിമാനങ്ങളും ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും സുരക്ഷാ ഭടന്‍മാരും എല്ലാമായി വത്തിക്കാന്‍ ഒരു കാലത്തും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരാണ് പ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി വത്തിക്കാനില്‍ എത്തിയിരുന്നത്.
പോപ്പ് ഫ്രാന്‍സിസ്