ലണ്ടനില്‍ മലയാളി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്ക് നേരെ വംശീയ ആക്രമണം: മൂന്ന് യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണം നടന്നത് കൂട്ടത്തിലുള്ള യുവതി നാട്ടിലുള്ള ഭര്‍ത്താവും മക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍; ദൃശ്യങ്ങള്‍ ലൈവായി കണ്ടവര്‍ ഞെട്ടി; അവര്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്
ലണ്ടന്‍: ഡ്യൂട്ടിക്ക് പോയ മലയാളി നഴ്‌സിംഗ് അസിസ്റ്റന്റ് മാര്‍ക്ക് നേരെ ടൗണ്‍ ബസ് സര്‍വീസില്‍ വച്ച് വംശീയ ആക്രമണം. ക്രൊയ്‌ഡോണില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോയ യുവതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനംതിട്ട, പുനലൂര്‍ സ്വദേശികളായ യുവതികള്‍ക്ക് നേരെയാണ് വെള്ളക്കാരി ആക്രമണം നടത്തിയത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടത്തിലുള്ള യുവതി നാട്ടിലുള്ള ഭര്‍ത്താവും മക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ് ആക്രമണം നടന്നത്. ആക്രമണ ദൃശ്യങ്ങള്‍ ലൈവായി കണ്ട യുവതിയുടെ ഭര്‍ത്താവ് മറുനാടനോട് വിവരങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു.
ബ്രിട്ടീഷ് സമയം രാവിലെ ഏഴരയോടെ ടൗണ്‍ ബസ്സില്‍ ഡ്യൂട്ടിക്ക് ആയി പോകുന്ന വഴിക്കാണ് യാത്രക്കാരി കയറിയത്. വംശീയ അധിക്ഷേപം നടത്തുന്ന വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട് യുവതികള്‍ക്ക് നേരെ ഇവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു യുവതിക്ക് വയറ്റിലാണ് ചവിട്ടേറ്റത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കയ്യിലിരുന്ന കത്തി വീശി ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ ഇവര്‍ പാഞ്ഞടുത്തു.
ബസ്സില്‍ ഉണ്ടായിരുന്നു തദ്ദേശീയരായ മറ്റു യാത്രക്കാര്‍ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനോടകം ഇവര്‍ മലയാളി യുവതികളെ മാരകമായി മര്‍ദ്ദിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ യുവതികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നത് ആയിട്ടാണ് പോലീസ് പറയുന്നത്. ലണ്ടനില്‍ ഇപ്പോള്‍ ദീര്‍ഘമായ അവധിക്കാലം ആണ്. അതിനാല്‍ തന്നെ സിറ്റി സര്‍വീസ് ബസ്സില്‍ യാത്രക്കാര്‍ കുറവാണ്.
ഈ അവസരം മുതലെടുത്താണ് മലയാളി യുവതികളെ ഇവര്‍ ആക്രമിച്ചതെന്ന് പറയുന്നു. അക്രമിയുടെ കത്തിമുനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പത്തനംതിട്ട സ്വദേശിനിയായ നഴ്‌സിംഗ് അസിസ്റ്റന്റ്. സംഭവം ലൈവായി കണ്ട ഇവരുടെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഇതുവരെ നടുക്കം വിട്ടു മാറിയിട്ടില്ല.