മഞ്ഞുമ്മല്‍ ബോയ്‌സിലെ ഡ്രൈവറെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം; പരിശോധനയില്‍ മനസ്സിലായത് മുമ്പിലുള്ളത് സംവിധായക പ്രതികള്‍ എന്നും; കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുമെന്ന് കുറ്റസമ്മതം; ലഹരിക്ക് അടിമയായ മറ്റ് സിനിമാ കൂട്ടുകാരുടെ പേരും പറഞ്ഞു കൊടുത്തു; ഛായാഗ്രാഹകന്റെ വീട് ഏറെ കാലമായി നിരീക്ഷണത്തില്‍; സമീര്‍ താഹിറും ഉത്തരം പറയണം; നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് എക്‌സൈസ്; പുറത്താക്കി ഫെഫ്ക

Update: 2025-04-27 06:01 GMT

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ക്കെതിരെയാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ നടപടിയെടുത്തത്. കേസിന്റെ പശ്ചാത്തലത്തില്‍ ഈ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേര്‍സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ളാറ്റില്‍ എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംവിധായകരും സുഹൃത്ത് ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ലാറ്റ് നേരത്തെ എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് വിവരം. നേരത്തെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധന നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ലഹരിമരുന്നിനൊപ്പം അത് ഉപയോഗിക്കേണ്ട ക്രഷര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഫ്‌ലാറ്റില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. സംവിധായകരെ കൂടാതെ അറസ്റ്റിലായ ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചത്. ഇയാള്‍ ഓസ്‌ട്രേലിയന്‍ മലയാളിയാണ്. ലഹരി ഉപയോഗിക്കുന്നവര്‍ മാത്രമല്ല ലഹരി ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കി കൊടുക്കുന്നവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് എക്‌സൈസ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നത്.

സിനിമരംഗത്തുള്ളവരാണ് മുറിയിലുള്ളത് എന്നായിരുന്നു എക്‌സൈസിനു ലഭിച്ച വിവരം. സിനിമയില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് എക്‌സൈസ് ചോദ്യം ചെയ്യലില്‍ യുവസംവിധായകര്‍ പറഞ്ഞത്. എന്നാല്‍ പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ മുന്‍നിര സംവിധായകരാണെന്ന് മനസ്സിലായത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്‌മാന്‍ പൊലീസിനോട് പറഞ്ഞത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നാണ് സംവിധായകര്‍ പൊലീസിനു നല്‍കിയ മൊഴി. തങ്ങളോടൊപ്പം കഞ്ചാവ് ഉപയോഗിക്കുന്ന മറ്റു ചില സിനിമ പ്രവര്‍ത്തകരുടെ പേരുകളും ഇവര്‍ എക്‌സൈസിനോട് പറഞ്ഞിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്സൈസ് അറിയിച്ചു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകും. കേസില്‍ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെയും എക്‌സൈസ് ചോദ്യം ചെയ്യും. സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ലഹരി ഉപയോഗിച്ചതെന്നും സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമീറിന് നോട്ടീസ് അയക്കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. ഒരു യുവാവ് ആണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. എക്സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ആലപ്പുഴ ജിംഖാന തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലാകുന്നത്. വിഷു റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Tags:    

Similar News