രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 15 വ്യാജ ബോംബ് ഭീഷണി സന്ദേശം; ഡാര്‍ക്ക് വെബ്ബിലെ ഇമെയില്‍ ആയതിനാല്‍ ഉറവിടം കണ്ടാത്താന്‍ കഴിയാതെ വലഞ്ഞ് സൈബര്‍ പോലീസ്; വിഴിഞ്ഞത്തെ മോദിയുടെ കമ്മീഷനിംഗ്‌ അടക്കം പ്രതിസന്ധിയിലാകാന്‍ സാധ്യത; അന്വേഷണത്തിന് പ്രത്യേക സംഘം; കേന്ദ്ര ഏജന്‍സികളും പരിശോധനകളില്‍

Update: 2025-04-28 08:44 GMT

തിരുവനന്തപുരം: പൊലീസിനെയും നാട്ടുകാരെയും വലച്ച് സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ വ്യാജബോംബ് ഭീഷണി തുടരുമ്പോള്‍ വലയരുന്നത് പോലീസ്. ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ഇമെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. സന്ദേശം അയക്കുന്നത് ഡാര്‍ക് നെറ്റിലെ വ്യാജ മെയില്‍ ഐ.ഡിയില്‍ നിന്നെന്ന് പൊലീസ് കണ്ടെത്തി. ഒന്നരമാസമായി സംസ്ഥാനത്തെമ്പാടും വ്യാജഭീഷണി സന്ദേശമെത്തിയിട്ടും ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണമില്ല. ഇത് വിഴിഞ്ഞം പദ്ധതിയുടെ കമ്മീഷനെ അടക്കം ബാധിക്കുമോ എന്ന ആശങ്ക പോലീസിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകന്‍. മേയ് രണ്ടിന് നടക്കുന്ന ഈ ഉദ്ഘാടനത്തെ ലക്ഷ്യമിട്ട് വ്യാജ സന്ദേശം എത്തിയാല്‍ എല്ലാം അവതാളത്തിലാകും. സുരക്ഷാ പരിശോധനകള്‍ അനിവാര്യതയായി മാറുകയും ചെയ്യും.

കഴിഞ്ഞ ദിവസം രാവിലെ 10ന് തിരുവനന്തപുരം വിമാനത്താവളത്തില്‍, ഒരു മണിക്കുള്ളില്‍ ബോംബ് പൊട്ടുമെന്ന് സന്ദേശം എത്തുകയായിരുന്നു. പൊലീസും സി.ഐ.എസ്.എഫുമെല്ലാം അരിച്ചുപെറുക്കിയിട്ടും ബോംബ് പോയിട്ട് പൊട്ടാസുപോലുമില്ല. വിമാനത്താവളത്തിലെ ഭീഷണി കഴിഞ്ഞപ്പോള്‍ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ തുടങ്ങി. മൂന്ന് മണിക്കുള്ളില്‍ ബോംബ് പൊട്ടുമെന്ന ഭീഷണി. അവിടെയും അരിച്ചുപെറുക്കി, ഒന്നുമില്ല. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, വീട്, പിന്നെ രാജ്ഭവന്‍-അങ്ങനെയാണ് ഭീഷണി എത്തിയത്. ഒരിടത്തും ഒന്നും കിട്ടിയില്ല. പക്ഷേ പരിശോധന അനിവാര്യതയുമായി. ഇതു പോലെ വിഴിഞ്ഞം ഉദ്ഘാടന ദിവസം അതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം എത്തിയാല്‍ എല്ലാം പ്രതിസന്ധിയിലാകും. ഭീഷണി വ്യാജമെന്ന് ഉറപ്പിക്കും വരെ പ്രധാനമന്ത്രിയെ പോലും അങ്ങോട്ടേക്ക് പറഞ്ഞു വിടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വ്യാജ ഇമെയില്‍ സന്ദേശ ഉറവിടം കണ്ടെത്തേണ്ടത് അനിവാര്യതയാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ, അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണി കേന്ദ്ര ഏജന്‍സികളും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്. വിഴിഞ്ഞം പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികളും ഉറവിട പരിശോധനയില്‍ സജീവമാകും.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 15 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നു. അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികള്‍ ടെസ്റ്റ് ഡോസാണോയെന്ന് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ വ്യാപകമായ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍. ഇതിനിടെയാണ് ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് സൈബര്‍ പോലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നുണ്ട്. പോലീസിലെ ടെക്നിക്കല്‍ സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ രൂപവത്കരിക്കാനാണ് തീരുമാനം.

രണ്ട് മാസമായി സംസ്ഥാനത്ത് ബോംബ് ഭീഷണിയില്ലാത്ത ദിവസമില്ല. കലക്ടറേറ്റ്, കോടതി, റയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍ തുടങ്ങി ആളുകൂടുന്ന സ്ഥലത്തെല്ലാമെത്തി ഭീഷണി സന്ദേശം. ബോംബ് തിരയാന്‍ പോയവരെ തിരുവനന്തപുരം കലക്ടേറ്റിലെ കടന്നല്‍ ഓടിച്ചിട്ട് കുത്തുകവരെയുണ്ടായി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും സന്ദേശങ്ങളിലുണ്ട്. ഡാര്‍ക് വെബ് വഴി രൂപീകരിച്ച മെയില്‍ ഐ.ഡിയായതിനാല്‍ കണ്ടെത്താനാവുന്നില്ലെന്ന് പറയുന്ന പൊലീസ് വിവരം തേടി മൈക്രോസോഫ്റ്റിന് കത്തയച്ച് കാത്തിരിക്കുകയാണ്. ഭീഷണി വ്യാജമെന്ന് അറിയാമെങ്കിലും ബോംബായതിനാല്‍ പരിശോധിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടല്‍ അധികൃതരാണ് സന്ദേശമെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.

തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിന്റെ മെയിലിലേക്കാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫയര്‍ഫോഴ്‌സ് വാഹനങ്ങളും സജ്ജമായിരുന്നു. താമസക്കാരുടെ സാധനങ്ങളുള്‍പ്പെടെ പരിശോധിച്ചെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്തിയില്ല. ഇതോടെ നേരത്തെ ക്രമീകരിച്ച പരിപാടികള്‍ യഥാസമയം ഹോട്ടലില്‍ നടന്നു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലില്‍ വന്ന ഇമെയില്‍ സന്ദേശം. തുടര്‍ന്ന് ഹോട്ടല്‍ പരിസരത്തും മുറികളിലും ബോംബ് സ്‌ക്വാഡും തുമ്പ പൊലീസും പരിശോധന നടത്തി. താമസക്കാരെ ഒഴിപ്പിക്കാതെയായിരുന്നു പരിശോധന.

Tags:    

Similar News