ക്രിക്കറ്റ് മത്സരത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കൊലപാതകം; മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ; കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്; മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മംഗളൂരുവിലേക്ക്

മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ?

Update: 2025-04-29 17:26 GMT

മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാന്‍ കര്‍ണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം ബന്ധുക്കള്‍ മംഗളുരുവിലേക്ക് തിരിച്ചു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാത്രി ഒരു മണിയോടെ സഹോദരന്‍ മംഗളുരുവിലെത്തും. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചത്. നടന്നത്. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം.

സംഭവത്തില്‍ 19 പേര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ യുവാവിന്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തുടര്‍ച്ചയായ മര്‍ദ്ദനമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തി. കുടുപ്പു സ്വദേശി ദീപക് കുമാറെന്ന 33 കാരന്റെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാള്‍ മുന്‍പ് വീടുവിട്ട് പോയ വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് അഷ്‌റഫ് ആണെന്ന് സ്ഥിരീകരിച്ചത്.

ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ്, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരാണ് അറസ്റ്റിലായവര്‍.

ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പത്തിലേറെ പേരേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തില്‍ കലാശിച്ചു. ചിലര്‍ അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടതെന്നാണ് പോലീസ് നല്‍കുന്നവിവരമെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.

യുവാവിന് നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Tags:    

Similar News