യുകെയില്‍ നിന്ന് നാട്ടിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്ക് നാല് മണിക്കൂര്‍ വരെ അധിക സമയം വേണം; അമേരിക്കന്‍- കാനഡ യാത്രക്കാരും വലയുന്നു; നേരിട്ടുള്ള വിമാനങ്ങള്‍ പലതും സ്റ്റോപ്പ് ഓവര്‍ നടത്തി എത്തുന്നു: ഇന്‍ഡോ- പാക് സംഘര്‍ഷത്തില്‍ സംഭവിക്കുന്നത്

Update: 2025-04-30 02:00 GMT

ലണ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ്‌ജെറ്റ് തുടങ്ങിയവ പല സര്‍വ്വീസുകള്‍ക്കും പതിവിലും കൂടുതല്‍ സമയമെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്പ്, വടക്കെ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് നേരത്തെ പാകിസ്ഥാന് മുകളിലൂടെ നേരിട്ട് പറക്കാമായിരുന്ന ഇവയ്ക്ക്, പാകിസ്ഥാന്‍ അനുമതി നിഷേധിച്ചതോടെ വട്ടം ചുറ്റി പോകേണ്ട അവസ്ഥ വന്നതിനാലാണിത്. ഇപ്പോള്‍ ഈ സര്‍വ്വീസുകള്‍ക്ക് പാകിസ്ഥാന്റെ അതിര്‍ത്തി വലംവെച്ചു പോകേണ്ട സാഹചര്യമാണുള്ളത്.

കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ ഇന്ത്യ കടുത്ത രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാതയില്‍ ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഹബ്ബിനെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് അറബിക്കടലിനു മുകളിലൂടെ പറന്ന് വടക്കോട്ട് തിരിഞ്ഞ് ലക്ഷ്യത്തിലെത്തേണ്ട അവസ്ഥയാണ് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ക്ക്.

യാത്രയുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചതോടെ വടക്കെ അമേരിക്കയിലേക്കുള്ള ചില വിമാനങ്ങള്‍ക്ക് യൂറോപ്പില്‍ ഇറക്കി ഇന്ധനം നിറയ്ക്കേണ്ടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനു ശേഷമാണ് ഈ വിമാനങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രം കടക്കുന്നത്. ഇതുവഴി നാല് മണിക്കൂര്‍ വരെയാണ് യാത്ര വൈകുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നോര്‍ത്ത് അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ വിയന്നയില്‍ ഇറക്കി ഇന്ധനം നിറയ്ക്കുന്നു എന്ന് എയര്‍ ഇന്ത്യയുടെ ഒരു വക്താവ് സ്ഥിരീകരിച്ചതായി ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്പിലേക്കും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലേക്കുമുള്ള ചില വിമാനങ്ങള്‍ക്കും ഇപ്പോള്‍ പതിവിലും ദൈര്‍ഘ്യമുള്ള വ്യോമപാതകള്‍ സ്വീകരിക്കേണ്ടി വരുന്നു എന്നും വക്താവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ അവരുടെ ചില സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടാഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാന്‍, അല്‍മാട്ടി, കസക്ക്സ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മെയ് 7 വരെ നിര്‍ത്തലാക്കിയതായി സി എന്‍ ബി സി - ടി വി 18 നെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ നിന്നും ഷിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം എട്ട് മണിക്കൂര്‍ എടുത്ത് വിയന്നയില്‍ എത്തി, വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ ചെലവഴിച്ചതിനു ശേഷമാണ് വീണ്ടും ഒന്‍പത് മണിക്കൂര്‍ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഞായറാഴ്ച ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനം കോപ്പന്‍ഹേഗനിലാണ് പാതിവഴിയില്‍ നിര്‍ത്തി ഇന്ധനം നിറച്ചത്. നേരത്തെ 14 മുതല്‍ 15 മണിക്കൂര്‍ വരെ സമയമെടുത്തിരുന്ന യാത്രയ്ക്ക് ഇപ്പോള്‍ 18 മണിക്കൂറില്‍ അധികമാണ് സമയം എടുക്കുന്നത്.

അതുപോലെ നേരത്തെ 17 മണിക്കൂര്‍ സമയമെടുത്തിരുന്ന മുംബൈ സാന്‍ഫ്രാന്‍സിസ്‌കോ യാത്രക്ക് ഇപ്പോള്‍ 20 മണിക്കൂറിലേറെ സമയമെടുക്കുന്നുവെന്നും ബിസിനസ്സ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News