പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം; ലഷ്‌കറെ തയിബ ഭീകരന്‍ ഒളിവില്‍ കഴിയുന്നത് തെക്കന്‍ കശ്മീരിലെ വനത്തില്‍; ജീവനോടെ പിടികൂടാന്‍ സമഗ്ര ഓപ്പറേഷനുമായി സൈന്യം; പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തല്‍
പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലെ ലഷ്‌കറെ തയിബ ഭീകരന്‍ ഹാഷിം മൂസ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇയാളെ ജീവനോടെ പിടികൂടാന്‍ സമഗ്ര നീക്കവുമായി ഇന്ത്യന്‍ സൈന്യം. ഹാഷിം മൂസ ജമ്മു കശ്മീരില്‍ തന്നെ ഒളിവില്‍ കഴിയുന്നതായാണ് സുരക്ഷാ ഏജന്‍സികളുടെ നിഗമനം. ഹാഷിം മൂസ തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താന്‍ സമഗ്രമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥാപിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് സുരക്ഷാ ഏജന്‍സി അറിയിച്ചു. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ കഴിയും. മുംബയ് ആക്രമണത്തില്‍ അജ്മല്‍ കസബ് പിടിയിലായതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം. പാക്കിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ പാരാ കമാന്‍ഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകരസംഘടനായ ലഷ്‌കറെ തയിബയില്‍ ചേര്‍ന്ന് നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഹാഷിം മൂസ ഉള്‍പ്പെട്ടിരുന്നു. ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. കശ്മീരില്‍ നടന്ന ആറു ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണക്ക്. ഹാഷിം മൂസയെ കൂടാതെ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണ് ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇവരെയും കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താവിനിമയ സംവിധാനമാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പരസ്പരം ആശയവിനിമയം നടത്താന്‍ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും, ഭീകരര്‍ ഉപയോഗിക്കുന്നതായാണ് എന്‍ഐഎ കണ്ടെത്തിയത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ഒന്നരക്കൊല്ലം മുമ്പാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹല്‍ഗാമില്‍ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാല്‍ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാല്‍ ഭീകരവാദികള്‍ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്. ഒപ്പം ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദേശങ്ങള്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഉള്ളില്‍ മറച്ച് അയക്കാന്‍ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ആപ്പുകള്‍ പതിവായി അവയുടെ റേഡിയോ ഫ്രീക്വന്‍സി മാറ്റുകയും ചെയ്യുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്.